കൊടകര കുഴല്‍പ്പണക്കേസ്; പ്രതികള്‍ പിടിയില്‍; കൂടുതല്‍ പേര്‍ അറസ്റ്റിലാകുമെന്ന് പൊലീസ്
Kerala News
കൊടകര കുഴല്‍പ്പണക്കേസ്; പ്രതികള്‍ പിടിയില്‍; കൂടുതല്‍ പേര്‍ അറസ്റ്റിലാകുമെന്ന് പൊലീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 30th April 2021, 5:47 pm

തൃശൂര്‍: കൊടകര കുഴല്‍പ്പണകേസിലെ മുഖ്യപ്രതികളെ പിടികൂടി. മുഹമ്മദ് അലി, അബ്ദുള്‍ റഷീദ് എന്നിവരാണ് പിടിയിലായത്. കണ്ണൂരില്‍ വെച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്.

കുഴല്‍പ്പണം വരുന്നതിനെ കുറിച്ചുള്ള വിവരങ്ങള്‍ കവര്‍ച്ചാസംഘത്തിന് ചോര്‍ത്തി നല്‍കിയത് അബ്ദുള്‍ റഷീദാണെന്നും ഇതിനായി പ്രതികള്‍ ഇയാള്‍ക്ക് 5 ലക്ഷം രൂപ നല്‍കിയെന്നും പൊലീസ് അറിയിച്ചു.

വൈരുധ്യങ്ങള്‍ നിറഞ്ഞ മൊഴികളാണ് പ്രതികള്‍ നല്‍കുന്നതെന്നാണ് പ്രാഥമിക വിവരം. മൂന്ന് പേരെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു. കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍ എന്നീ ജില്ലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കവര്‍ച്ചാസംഘങ്ങളാണ് കുഴല്‍പ്പണം കടത്തിയതിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം.

കഴിഞ്ഞ ദിവസം കൊടകര കുഴല്‍പ്പണക്കേസില്‍ അന്വേഷണം ബി.ജെ.പി-ആര്‍.എസ്.എസ് നേതൃത്വത്തിലേക്ക് നീളുന്നുതിന്റെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. യുവമോര്‍ച്ചാ നേതാവ് സുനില്‍ നായിക്കിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു. കെ. സുരേന്ദ്രന്‍ യുവമോര്‍ച്ച പ്രസിഡന്റായിരുന്നപ്പോള്‍ ട്രഷറര്‍ ആയിരുന്നു സുനില്‍. സുനില്‍, ധര്‍മ്മരാജന് നല്‍കിയ പണമാണ് നഷ്ടപ്പെട്ടത്.

കുഴല്‍പ്പണം നഷ്ടപ്പെട്ടു എന്ന് പരാതിപ്പെട്ട വാഹന ഉടമ ധര്‍മരാജന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനാണെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. തൃശൂര്‍ റൂറല്‍ എസ്. പി പൂങ്കുഴലിയാണ് ഇക്കാര്യം അറിയിച്ചത്. 25 ലക്ഷം രൂപ നഷ്ടപ്പെട്ടെന്നായിരുന്നു ലഭിച്ച പരാതി. എന്നാല്‍ പരാതിയില്‍ പറയുന്നതിനേക്കാള്‍ കൂടുതല്‍ തുക നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് ഡി.സി.പി പറഞ്ഞത്.

‘ധര്‍മ്മരാജന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനാണെന്നാണ് ഞങ്ങള്‍ക്ക് അറിയാന്‍ സാധിച്ചത്. പരാതിയില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ തുക പിടിച്ചെടുത്തിട്ടുണ്ട്. ബാക്കി പ്രതികളെ കൂടി പിടിക്കുമ്പോള്‍ എത്രയാണ് കൃത്യമായ തുകയെന്ന് നമുക്ക് അറിയാന്‍ സാധിക്കും,’ ഡി.സി.പി പറഞ്ഞു. ധര്‍മരാജനുമായി ബന്ധപ്പെട്ട ആളുകളെ ചോദ്യം ചെയ്ത് വരികയാണെന്നും പൂങ്കുഴലി പറഞ്ഞു.

പരാതിയില്‍ പറഞ്ഞതിനേക്കാള്‍ കൂടുതല്‍ കണ്ടെത്തിയ തുക, ഇതിന്റെ ഭാഗമായി ഉള്ളതാണോ എന്ന കാര്യം അന്വേഷിച്ച് വരികയാണെന്നും ഡി.സി.പി പറഞ്ഞു. ചാലക്കുടി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

കഴിഞ്ഞ ദിവസം 23 ലക്ഷം രൂപയും മൂന്ന് പവനും പൊലീസ് കണ്ടെടുത്തിരുന്നു. ഇതിനോടൊപ്പം ആറു ലക്ഷം രൂപ ബാങ്കില്‍ തിരിച്ചടച്ചതിന്റെയും രേഖകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതോടെ 30 ലക്ഷത്തിലേറെ രൂപയുടെ കണക്ക് പൊലീസിന് ലഭിച്ചു.

നേരത്തെ കള്ളപ്പണം ബി.ജെ.പിക്കായി എത്തിച്ചതാണെന്ന് സി.പി.ഐ.എം ആരോപിച്ചിരുന്നു. എന്നാല്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ആദ്യം പ്രതികരിച്ചിരുന്നില്ല. ആവര്‍ത്തിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് തനിക്ക് ഇതിനെ കുറിച്ച് അറിയില്ലെന്നായിരുന്നു സുരേന്ദ്രന്റെ മറുപടി. കേരളത്തില്‍ തെരഞ്ഞെടുപ്പിനിടെ എത്തിച്ച നാല് കോടി രൂപ കൃത്രിമ വാഹനാപകടം ഉണ്ടാക്കി നേതാക്കളില്‍ ചിലരുടെ ഒത്താശയോടെ കവരുകയായിരുന്നു.

സംഭവത്തെ കുറിച്ച് ആവര്‍ത്തിച്ച് ചോദിച്ചെങ്കിലും ദേശീയപാര്‍ട്ടി എന്നല്ലേ മാധ്യമങ്ങള്‍ പറഞ്ഞത്. അത് ഞങ്ങളല്ലെന്ന് സുരേന്ദ്രന്‍ പറയുകയായിരുന്നു. തുടര്‍ന്ന് കുഴല്‍പ്പണ ഇടപാടായതിനാല്‍ ബി.ജെ.പി ഇ.ഡിക്ക് പരാതി നല്‍കുമോ എന്ന ചോദ്യത്തിന് അതു തങ്ങളുടെ ജോലിയല്ലെന്നായിരുന്നു സുരേന്ദ്രന്റെ മറുപടി.

ഇതിനിടെ കേസുമായി ബി.ജെ.പിക്ക് ബന്ധമില്ലെന്ന് കെ. സുരേന്ദ്രന്‍ ബുധനാഴ്ച്ച പറഞ്ഞു. ബി.ജെ.പിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് ഫണ്ട് ബി.ജെ.പി ഡിജിറ്റലായാണ് ചെലവഴിച്ചത്. കറന്‍സിയായി ഒരിടത്തും ഉപയോഗിച്ചിട്ടില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Kodakara Hawala Case convicts arrested