| Thursday, 22nd July 2021, 9:37 pm

നഷ്ടപ്പെട്ട മൂന്നരക്കോടി ബി.ജെ.പിയുടെ ഫണ്ട്; കെ. സുരേന്ദ്രനുള്‍പ്പെടെ 19 നേതാക്കള്‍ സാക്ഷികള്‍; കൊടകര കുഴല്‍പ്പണക്കേസില്‍ കുറ്റപത്രം തയ്യാറായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശ്ശൂര്‍: ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനുള്‍പ്പെടയുള്ള നേതാക്കളെ സാക്ഷികളാക്കി കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ കുറ്റപത്രം. സുരേന്ദ്രന്‍ ഉള്‍പ്പെടെ 19 ബി.ജെ.പി. നേതാക്കളെയാണ് സാക്ഷികളാക്കിയത്.

ആകെ 200 സാക്ഷികളാണ് കുറ്റപത്രത്തിലുള്ളത്. കവര്‍ച്ച ചെയ്യപ്പെട്ട മൂന്നരക്കോടി രൂപയും ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ഫണ്ടാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഇരിങ്ങാലക്കുട കോടതിയില്‍ നാളെയാണ് കുറ്റപത്രം സമര്‍പ്പിക്കുക.

കേസില്‍ 22 അംഗ സംഘത്തിനെതിരെയാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. പ്രതികളുടെ മൊഴിയും കുറ്റപത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് ജൂലൈ 14-ന് സുരേന്ദ്രന്‍ ഹാജരായിരുന്നു. ഒന്നര മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം സുരേന്ദ്രനെ അന്ന് വിട്ടയക്കുകയായിരുന്നു. കവര്‍ച്ചക്കേസില്‍ പരാതി നല്‍കിയ ധര്‍മരാജനും കെ. സുരേന്ദ്രനും ഫോണില്‍ സംസാരിച്ചതിന്റെ വിവരങ്ങളാണ് അന്ന് ചോദിച്ചറിഞ്ഞത്.

കവര്‍ച്ചാ പണം മുഴുവന്‍ കണ്ടെടുക്കുക ദുഷ്‌കരമെന്നാണ് അന്വേഷണസംഘം പറയുന്നത്. ഇത് തെരഞ്ഞെടുപ്പിന് വേണ്ടി വന്ന പണമാണെന്ന് തെളിയിക്കാനുള്ള ഒന്നും അന്വേഷണസംഘത്തിന് കിട്ടിയിട്ടില്ല.

ഈ പണത്തിന്റെ ഉറവിടം സംബന്ധിച്ച് ഒരു മൊഴികളും ബി.ജെ.പി. നേതാക്കളില്‍ നിന്ന് കിട്ടിയിട്ടില്ല. അതിനാല്‍ ഇത് ഒരു കവര്‍ച്ചാക്കേസ് മാത്രമായി കണക്കാക്കി ഒരു കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.

കഴിഞ്ഞ ഏപ്രില്‍ മൂന്നിനാണ് കൊടകര ദേശീയ പാതയില്‍ മൂന്നരക്കോടി രൂപയും ക്രിമിനല്‍ സംഘം കവര്‍ന്നത്. ഇതില്‍ ഒരു കോടി 45 ലക്ഷം രൂപയാണ് അന്വേഷണ സംഘം കണ്ടെടുത്തത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Kodakara Hawala case chargesheet will filed tomorrow by  investigation team

We use cookies to give you the best possible experience. Learn more