തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണ കവര്‍ച്ചാ കേസ് പ്രതികളുമായി ബി.ജെ.പി നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയ വിവരം പുറത്ത്. പ്രതികളായ ബി.ജെ.പി നേതാക്കള്‍ക്കൊപ്പം ഉന്നത നേതാവും പങ്കെടുത്തുവെന്നാണ് സൂചന.
കണ്ണൂരില്‍ വെച്ച് നടന്ന കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയത് ആര്‍.എസ്.എസ് നേതൃത്വത്തിലെ പ്രമുഖരാണെന്നും അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്.
കവര്‍ച്ച സംബന്ധിച്ച വിവരം പുറത്ത് വന്നതിന് പിന്നാലെയായിരുന്നു കേസിലെ മുഖ്യപ്രതിയുമായി നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയത്. ഇതുസംബന്ധിച്ച കൂടുതല്‍ അന്വേഷണത്തിനായി ബി.ജെ.പി നേതാക്കളെ ഉടന്‍ വിളിപ്പിച്ചേക്കും.
ഫണ്ട് സംബന്ധിച്ച് സംസ്ഥാന അധ്യക്ഷനോട് ചോദിക്കണമെന്ന ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ. ജി കര്‍ത്തയുടെ മൊഴിയും അന്വേഷണ സംഘം ഗൗരവത്തില്‍ എടുത്തിട്ടുണ്ട്.
അന്വേഷണം കൂടുതല്‍ സംസ്ഥാന നേതാക്കളിലേക്ക് വ്യാപിപ്പിക്കുമെന്ന് നേരത്തെ തന്നെ സൂചനകള്‍ ലഭിച്ചിരുന്നു. ബി.ജെ.പി നേതൃത്വം അറിയാതെ പണം എത്തില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ അനുമാനം.
ബി.ജെ.പി തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലെ ഏപ്രില്‍ രണ്ടിലെ സി.സി.ടി.വി ദൃശ്യം പൊലീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും സി.സി.ടി.വി തകരാറിലാണെന്ന വിവരമാണ് ജില്ലാ നേതൃത്വം അറിയിച്ചത്.
കേസില്‍ ബി.ജെ.പി തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ. ആര്‍ ഹരി, ട്രഷറര്‍ സുജയ് സേനന്‍, ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ. ജി കര്‍ത്ത, സംസ്ഥാന സംഘടന സെക്രട്ടറി എം ഗണേശന്‍, മേഖല സെക്രട്ടറി ജി കാശിനാഥന്‍, സംസ്ഥാന ഓഫീസ് സെക്രട്ടറി ജി ഗിരീഷ് എന്നിവരെയും അന്വേഷണ സംഘം ഇതിനകം വിളിപ്പിച്ച് മൊഴിയെടുത്തിട്ടുണ്ട്.
ബി.ജെ.പി തൃശൂര്‍ ജില്ലാ ഓഫീസ് സെക്രട്ടറി സതീശനെ ഇന്ന് പൊലീസ് ചോദ്യം ചെയ്യും. പണം എത്തിച്ച റഷീദിനും ഡ്രൈവര്‍ ഷംജീറിനും മുറിയെടുത്തു നല്‍കിയത് സതീശനാണെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍.
അതേസമയം കേസ് ഒതുക്കി തീര്‍ക്കാന്‍ ബി.ജെ.പി നേതൃത്വം ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. നേതാക്കളുമായി അടുപ്പമുള്ള അഭിഭാഷകര്‍ വഴി കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമം നടക്കുന്നുവെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍.