തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പുറത്ത്. ധര്‍മരാജന്‍ തൃശ്ശൂരില്‍ എത്തിച്ചത് 9.80 കോടി രൂപയാണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.
ഈ പണത്തില്‍ 6.30 കോടി രൂപ തൃശ്ശൂരില്‍ നല്‍കി. ബാക്കി തുകയുമായി പോകുന്നവഴിയാണ് കവര്‍ച്ച നടന്നതെന്നാണ് പുറത്തു വരുന്ന വിവരം.
പ്രതി ധര്‍മരാജന്‍ നേരത്തെയും കുഴല്‍പ്പണം കേരളത്തിലേക്ക് കടത്തിയിട്ടുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. പണം എവിടെ നിന്ന് വന്നു, എങ്ങനെ എത്തിച്ചു തുടങ്ങിയ കാര്യങ്ങളും അന്വേഷിച്ച് വരുന്നതിനിടെയാണ് ഒന്‍പത് കോടിയലധികം രൂപയാണ് കേരളത്തിലേക്ക് കൊണ്ടുവന്നതെന്ന വിവരം പുറത്ത് വരുന്നത്.
നേരത്തെ കുഴല്‍പ്പണ കവര്‍ച്ചാ കേസില്‍ ഒന്നര കോടിയോളം രൂപയായിരുന്നു കണ്ടെത്തിയത്. രണ്ട് കോടി രൂപയോളം കണ്ടെത്താനുണ്ടെന്ന് പൊലീസ് അറിയിച്ചിരുന്നു.
6.30 കോടി രൂപയില്‍ രണ്ട് കോടി രൂപ തൃശ്ശൂര്‍ മണ്ഡലത്തിന് വേണ്ടി മാത്രം നല്‍കിയെന്നാണ് വിവരം.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കുഴല്‍പ്പണ ഇടപാട് നടന്നിട്ടുണ്ടെന്നും തെരഞ്ഞെടുപ്പിന് പണം കണ്ടെത്തുന്നതിന് വേണ്ടി കുഴല്‍പ്പണ ഇടപാടുകാരെ പാര്‍ട്ടി നേതൃത്വം ഏര്‍പ്പെടുത്തിയെന്നുമുള്ള വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്.
അതേസമയം കൊടകര കുഴല്‍പ്പണക്കവര്‍ച്ചാ കേസില്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ മകന്‍ ഹരികൃഷ്ണനിലേക്കും അന്വേഷണം നീങ്ങിയിട്ടുണ്ട്.
കേസിലെ മുഖ്യപ്രതി ധര്‍മ്മരാജനും സുരേന്ദ്രന്റെ മകനും നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ടു എന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. അന്വേഷണ സംഘം സുരേന്ദ്രന്റെ മകന്റെ മൊഴിയെടുക്കും.
കഴിഞ്ഞ ദിവസം സുരേന്ദ്രന്റെ സെക്രട്ടറിയെയും ഡ്രൈവറെയും ചോദ്യം ചെയ്തിരുന്നു. ഇന്നലെ തൃശ്ശൂരില്‍ വിളിച്ചു വരുത്തി പൊലീസ് ശേഖരിച്ച മൊഴിയില്‍ ധര്‍മ്മരാജനെ തങ്ങള്‍ക്ക് പരിചയമുണ്ടെന്ന് കെ. സുരേന്ദ്രന്റെ ഡ്രൈവറും സെക്രട്ടറിയും മൊഴിനല്‍കി.
കെ. സുരേന്ദ്രനും ധര്‍മ്മരാജനെ പരിചയമുണ്ടെന്നാണ് ഇവരുടെ മൊഴിയില്‍ പറയുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് കാലത്ത് നേരിട്ട് കണ്ടിരുന്നോ എന്നറിയില്ലെന്നും ഇവര്‍ പറഞ്ഞിട്ടുണ്ട്. ഇരുവരേയും ഏകദേശം രണ്ട് മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം പൊലീസ് വിട്ടയച്ചു.