| Wednesday, 2nd June 2021, 11:15 am

കൊടകര കുഴല്‍പ്പണക്കേസ്; പ്രതികള്‍ ബി.ജെപി ഓഫീസിലെത്തിയെന്ന് അന്വേഷണ സംഘം; കാശ് കണ്ടെത്താന്‍ നേതാക്കളുടെ സമാന്തര അന്വേഷണമെന്നും റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശ്ശൂര്‍:കൊടകര കുഴല്‍പ്പണ കവര്‍ച്ചാക്കേസിലെ പ്രതികള്‍ തൃശ്ശൂര്‍ ബി.ജെ.പി ഓഫീസില്‍ എത്തിയെന്ന് അന്വേഷണ സംഘം. പ്രതികളായ ദീപക്, രഞ്ജിത്ത് എന്നിവരാണ് തൃശ്ശൂര്‍ പാര്‍ട്ടി ഓഫീസില്‍ എത്തിയത്.

ഇവരെ നേതാക്കള്‍ വിളിച്ചുവരുത്തിയതാണോയെന്ന് അന്വേഷിക്കുമെന്നും അന്വേഷണ സംഘം പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷമാണ് ഇരുവരും തൃശ്ശൂര്‍ എത്തിയത്.

ഇതിനിടെ സംഭവത്തില്‍ ബി.ജെ.പി സമാന്തര അന്വേഷണം നടത്തിയിരുന്നെന്നും കാശ് കണ്ടെത്താന്‍ നേതാക്കള്‍ കണ്ണൂരിലടക്കം എത്തിയിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കേസില്‍ ബി.ജെ.പി തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ്‌കുമാറിനെ ബുധനാഴ്ച്ച ചോദ്യം ചെയ്യും. രാവിലെ 10 മണിക്ക് പൊലീസ് ക്ലബില്‍ ഹാജരാവാനാണ് അന്വേഷണസംഘം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ചോദ്യം ചെയ്യലിനായി നേതാക്കളെ കാറില്‍ എത്തിച്ചിരുന്നത് അനീഷ്‌കുമാര്‍ ആയിരുന്നു.

കുന്നംകുളത്ത് സ്ഥാനാര്‍ത്ഥിയായിരുന്ന അനീഷ്‌കുമാര്‍ ഏപ്രില്‍ രണ്ടിന് രാത്രിയില്‍ തൃശ്ശൂരിലെത്തിയതിന്റെ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

അതേസമയം കൊടകര കുഴല്‍പ്പണക്കേസില്‍ ബി.ജെ.പി സംസ്ഥാന നേതൃത്വവും പ്രതിസന്ധിയിലായിരിക്കുകയാണ്. ഫണ്ട് സംബന്ധിച്ച് സംസ്ഥാന അധ്യക്ഷനോട് ചോദിക്കണമെന്ന ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ. ജി കര്‍ത്തയുടെ മൊഴിയും അന്വേഷണ സംഘം ഗൗരവത്തില്‍ എടുത്തിട്ടുണ്ട്.

അന്വേഷണം കൂടുതല്‍ സംസ്ഥാന നേതാക്കളിലേക്ക് വ്യാപിപ്പിക്കുമെന്ന് നേരത്തെ തന്നെ സൂചനകള്‍ ലഭിച്ചിരുന്നു. ബി.ജെ.പി നേതൃത്വം അറിയാതെ പണം എത്തില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ അനുമാനം.

ബി.ജെ.പി തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലെ ഏപ്രില്‍ രണ്ടിലെ സി.സി.ടി.വി ദൃശ്യം പൊലീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും സി.സി.ടി.വി തകരാറിലാണെന്ന വിവരമാണ് ജില്ലാ നേതൃത്വം അറിയിച്ചത്.

കേസില്‍ ബി.ജെ.പി. തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ.ആര്‍. ഹരി, ട്രഷറര്‍ സുജയ് സേനന്‍, ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ. ജി. കര്‍ത്ത, സംസ്ഥാന സംഘടന സെക്രട്ടറി എം. ഗണേശന്‍, മേഖല സെക്രട്ടറി ജി. കാശിനാഥന്‍, സംസ്ഥാന ഓഫീസ് സെക്രട്ടറി ജി. ഗിരീഷ് എന്നിവരെയും അന്വേഷണ സംഘം ഇതിനകം വിളിപ്പിച്ച് മൊഴിയെടുത്തിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Kodakara case; Investigation team finds accused visit  BJP office

We use cookies to give you the best possible experience. Learn more