Advertisement
Kerala News
കൊടകര കുഴല്‍പ്പണ കേസ്; 3.5 കോടി രൂപ എത്തിയത് കര്‍ണാടകയില്‍ നിന്ന്; ഉദ്ദേശം ആലപ്പുഴയിലെത്തിക്കാനെന്നും ബി.ജെ.പി നേതാക്കളുടെ മൊഴി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 May 23, 07:43 am
Sunday, 23rd May 2021, 1:13 pm

തിരുവനന്തപുരം: കൊടകര കുഴല്‍പ്പണ കേസിലെ കവര്‍ച്ച ചെയ്യപ്പെട്ട പണം എത്തിയത് കര്‍ണാടകയില്‍ നിന്നെന്ന് പൊലീസ്. നഷ്ടപ്പെട്ട 3.5 കോടി രൂപ ആലപ്പുഴ സ്വദേശി കര്‍ത്തയ്ക്ക് നല്‍കാനാണ് കൊണ്ട് വന്നതെന്നും യുവമോര്‍ച്ച നേതാവ് സുനില്‍ നായിക്കും ആര്‍.എസ് എസ് നേതാവ് ധര്‍മരാജനും പൊലീസിന് മൊഴി നല്‍കി.

കര്‍ണാടകയില്‍ നിന്നാണ് പണം സുനില്‍ നായിക്കിന് ലഭിച്ചതെന്നും തുടര്‍ന്ന് സുനില്‍ നായിക്ക് ധര്‍മരാജന് നല്‍കുകയായിരുന്നെന്നുമാണ് ഇരുവരും പൊലീസിനോട് പറഞ്ഞിരിക്കുന്നത്.

പണം എത്തിയത് കര്‍ണാടകയില്‍ നിന്നാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. പണം കൊണ്ടു വന്നത് ബി.ജെ.പിയുമായി ബന്ധമുള്ള കേന്ദ്രങ്ങളില്‍ നിന്നാണെന്നും പൊലീസ് പറഞ്ഞു.

അതേസമയം തങ്ങള്‍ ഇടനിലക്കാര്‍ മാത്രമാണെന്നും യുവമോര്‍ച്ചാ നേതാവ് സുനില്‍ നായിക്കും ആര്‍.എസ്.എസ് നേതാവ് ധര്‍മരാജനും പറഞ്ഞത്. പണം ആലപ്പുഴയിലെത്തി കര്‍ത്തയെന്ന ആള്‍ക്ക് കൈമാറണമെന്നാണ് ലഭിച്ച നിര്‍ദേശമെന്നാണ് ആര്‍.എസ്.എസ് നേതാവ് ധര്‍മരാജന്‍ പൊലീസിന് നല്‍കിയ മൊഴി.

ആലപ്പുഴ സ്വദേശിയായ കര്‍ത്ത ആരാണെന്ന് സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചതായി പൊലീസ് പറഞ്ഞു. എന്നാല്‍ ഇയാളെക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. കര്‍ത്തയെ ചോദ്യം ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി.

കൊടകര കുഴല്‍പ്പണം കവര്‍ന്ന കേസില്‍ ബിജെപി സംസ്ഥാന നേതാക്കളിലേക്ക് അന്വേഷണം വ്യാപിക്കുന്നതിനിടെയാണ് പണത്തിന്റെ ഉറവിടം സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വരുന്നത്. കേസില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം. ഗണേശിനേയും ഓഫീസ് സെക്രട്ടറി ഗിരീഷിനേയും ചോദ്യം ചെയ്യാന്‍ പൊലീസ് നോട്ടീസ് നല്‍കിയെങ്കിലും ഇരുവരും ചോദ്യം ചെയ്യലിന് ഹാജരായിട്ടില്ല.

മുമ്പ് വാഹനാപകടമുണ്ടാക്കി കാറില്‍നിന്ന് 25 ലക്ഷം രൂപ തട്ടിയെടുത്തുവെന്നായിരുന്നു ധര്‍മരാജ് പരാതി നല്‍കിയിരുന്നത്. ഡ്രൈവര്‍ ഷംജീറിനെതിരെയായിരുന്നു പരാതി. ഇതിനോടകം വിവിധ ആളുകളില്‍ നിന്നായി ഒരു കോടിയിലേറെ രൂപ അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.

നേരത്തെ കള്ളപ്പണം ബി.ജെ.പിക്കായി എത്തിച്ചതാണെന്ന് സി.പി.ഐ.എം ആരോപിച്ചിരുന്നു. എന്നാല്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ആദ്യം ഇതില്‍ പ്രതികരിച്ചിരുന്നില്ല.

ആവര്‍ത്തിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് തനിക്ക് ഇതിനെ കുറിച്ച് അറിയില്ലെന്നായിരുന്നു സുരേന്ദ്രന്റെ മറുപടി. കേരളത്തില്‍ തെരഞ്ഞെടുപ്പിനിടെ എത്തിച്ച നാല് കോടിയോളം രൂപ കൃത്രിമ വാഹനാപകടം ഉണ്ടാക്കി നേതാക്കളില്‍ ചിലരുടെ ഒത്താശയോടെ കവരുകയായിരുന്നു.

സംഭവത്തെ കുറിച്ച് ആവര്‍ത്തിച്ച് ചോദിച്ചെങ്കിലും ദേശീയപാര്‍ട്ടി എന്നല്ലേ മാധ്യമങ്ങള്‍ പറഞ്ഞത്, അത് ഞങ്ങളല്ലെന്ന് സുരേന്ദ്രന്‍ പറയുകയായിരുന്നു. തുടര്‍ന്ന് കുഴല്‍പ്പണ ഇടപാടായതിനാല്‍ ബി.ജെ.പി ഇ.ഡിക്ക് പരാതി നല്‍കുമോ എന്ന ചോദ്യത്തിന് അതു തങ്ങളുടെ ജോലിയല്ലെന്നായിരുന്നു സുരേന്ദ്രന്റെ മറുപടി.

കേസുമായി ബി.ജെ.പിക്ക് ബന്ധമില്ലെന്ന് കെ. സുരേന്ദ്രന്‍ വീണ്ടും ആവര്‍ത്തിച്ചിരുന്നു. ബി.ജെ.പിയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് ഫണ്ട് ബി.ജെ.പി ഡിജിറ്റലായാണ് ചെലവഴിച്ചത്. കറന്‍സിയായി ഒരിടത്തും ഉപയോഗിച്ചിട്ടില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു.

ഇതിനിടെയാണ് കേസില്‍ പങ്കുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ബി.ജെ.പി, ആര്‍.എസ്.എസ് നേതാക്കളെ തന്നെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kodakara Black money case; Money came from Karnataka