| Sunday, 22nd August 2021, 9:58 am

കൊടൈക്കനാലില്‍ മലയാളികള്‍ സഞ്ചരിച്ച വാന്‍ 100 അടി താഴ്ചയിലേക്ക് മറിഞ്ഞു; ഡ്രൈവറടക്കും 17 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പഴനി: കൊടൈക്കനാലില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച വാന്‍ 100 അടി താഴ്ചയിലേക്ക് മറിഞ്ഞു. വെള്ളിയാഴ്ച പുലര്‍ച്ചയോടെയാണ് അപകടം നടന്നത്.

പഴനി – കൊടൈക്കനാല്‍ റോഡിലെ കുമ്പൂര്‍പ്പാടത്ത് വെച്ചാണ് അപകടമുണ്ടായത്. ഡ്രൈവറടക്കം 17 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. എറണാകുളം സ്വദേശികളാണ് വാനിലുണ്ടായിരുന്നത്.

എറണാകുളത്ത് നിന്നും കൊടൈക്കനാലിലേക്ക് യാത്ര പോയ സംഘമായിരുന്നു അപകടത്തില്‍പ്പെട്ടത്. ഇവര്‍ സഞ്ചരിച്ച ടെമ്പോ ട്രാവലര്‍ റോഡരികിലുണ്ടായിരുന്ന മതിലിലിടിച്ച് താഴ്ചയിലേക്ക് മറിയുകയായിരുന്നു.

ഈ വഴിയിലൂടെ കടന്നുപോയ മറ്റു വിനോദസഞ്ചാരികള്‍ വാന്‍ മറഞ്ഞുകിടക്കുന്നത് കണ്ട് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്‌സുമെത്തി വാനില്‍ നിന്നും ആളുകളെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു.

അപകടത്തില്‍ ആരും മരണപ്പെട്ടിട്ടില്ല. ആശുപത്രിയില്‍ കഴിയുന്നവരുടെ ആരോഗ്യനിലയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. സംഭവത്തില്‍ കൊടൈക്കനാല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Kodaikanal accident, Malayalees’ van falls into 100 feet steep

We use cookies to give you the best possible experience. Learn more