| Wednesday, 6th March 2019, 8:19 pm

ടിന്റുവിന്റെ വീടാന്വേഷണ പരീക്ഷണങ്ങള്‍ അഥവാ അപ്ലിക്കേഷന്‍ ഹോസ്റ്റിംഗിലെ നാള്‍വഴികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചു ത്രേസ്യ

(കേരളം ശാസ്ത്രം ആഘോഷിക്കുന്നു.. ആ ആഘോഷക്കമ്മിററിയിലേക്ക് എന്റെ വക പത്തു പൈസ)

മമ്മളിങ്ങനെ ഓണ്‍ലൈനിലും മൊബെയിലിലും ഒക്കെ കുത്തുമ്പോ അതിന്റെയൊക്കെ പിന്നാമ്പുറത്തിരുന്ന് ചത്ത് പണിയെടുത്ത് നമ്മക്കു വേണ്ട കാര്യങ്ങള്‍ നടത്തിത്തരുന്ന ടീംസാണ് അപ്ലിക്കേഷനുകള്‍. അവരെ ഹോസ്റ്റ് ചെയ്തിരിക്കുന്ന സംഭവം അഥവാ അവര്‍ട്ടെ വീടാണ് സെര്‍വറുകള്‍. അതിലൊരു അപ്ലിക്കേഷനാണ് നമ്മടെ നായിക.. ടിന്റു.. ടിന്റുവിന്റെ വീടാന്വേഷണ പരീക്ഷണങ്ങള്‍ അഥവാ അപ്ലിക്കേഷന്‍ ഹോസ്റ്റിംഗിലെ നാള്‍വഴികള്‍ ആണ് ഈ കഥ

Physical server സാമ്പ്രദായിക വീട്

ടിന്റു ഡെവലപ്മന്റ് സ്റ്റേജൊക്കെ കഴിഞ്ഞ് പ്രായപൂര്‍ത്തിയായി.ടിന്റൂന് സ്വന്തമായി ഒരു വീടു വേണം. വെള്ളവും വെളിച്ചവും വണ്ടിയുമൊക്കെയുള്ള നല്ല സ്ഥലമായിരിക്കണം, രണ്ടു മൂന്നു മുറികള്‍ വേണം അങ്ങനെ ടിന്റൂന് പല ഡിമാന്‍ഡുകളുമുണ്ട്. അങ്ങനെ പലരോടും ചോദിച്ചും പറഞ്ഞും പലയിടത്തൂന്നും പറ്റിയ പണിസാധനങ്ങള്‍ ഒപ്പിച്ചും ടിന്റു വീടു പണിതു. സുഖമായി താമസിക്കാന്‍ തുടങ്ങി.

Virtual server

ഒരു ദിവസം ടിന്റൂനൊരു ഫോണ്‍ കോള്‍. അമ്മായീം വല്യച്ചനും കുടുംബോമൊക്കെ രണ്ടു മാസത്തേക്ക് ടിന്റൂന്റെ കൂടെ താമസിക്കാന്‍ വരുന്നു. അവരെയൊക്കെ ഉള്‍ക്കൊള്ളാനുള്ള വലിപ്പമൊന്നും വീടിനില്ല. ഇവരിക്കെ വരുന്നതു പ്രമാണിച്ച് കുറെക്കൂടി മുറികള്‍ കൂട്ടിയെടുക്കുകയോ അല്ലേല്‍ ഒരു ഔട്ഹൗസ് പണിയുകയോ ഒക്കെ മെനക്കേടാണ്. ഇനീപ്പം പണിതാല്‍ തന്നെ എല്ലാരും തിരിച്ചു പോയി കഴിയുമ്പോള്‍ എന്തു ചെയ്യും? തിരിച്ചു പഴേതു പോലെ ചെറുതാക്കാന്‍ പറ്റുമോ?
ടിന്റു വീടു വിറ്റു. അത്യാവശ്യം വേണ്ട സാധനങ്ങളൊക്കെയെടുത്ത് ഒരു അപാര്‍ട്ട്മന്റ് കോമ്പ്‌ലക്‌സിലേക്കു വിട്ടു. പറ്റിയ ഒരു ഫ്‌ലാറ്റ് വാങ്ങി. നേരെ കേറി താമസിച്ചാല്‍ മതി. വെളിച്ചോം കറന്റുമൊന്നും ഒപ്പിക്കാന്‍ ഓടിനടക്കണ്ട. ഇടയ്ക്കു വിരുന്നുകാരു വരുന്നതു പ്രമാണിച്ച് വീടു വലുതാക്കണോ.. ചുമ്മാ ഒന്ന് ഫോണ്‍ ചെയ്താല്‍ മതി. അടുത്തടുത്ത് രണ്ടു മൂന്നു മുറികള്‍ കൂടി ഫിറ്റ് ചെയ്തു തരും. ആവശ്യം കഴിയുമ്പോ അവരത് തിരിച്ചു അഴിച്ച് എടുത്തോണ്ടു പോവുകേം ചെയ്യും. ആവശ്യാനുസരണം വലുതാവുകേം ചെറുതാവുകേം ഇല്ലാതാവുകേം ഒക്കെ ചെയ്യുന്ന ഒരു ഇലാസ്റ്റിക് വീട്.

Cloud technology

നമ്മടെ ടിന്റു ഇപ്പോ ഒരു ലോകസഞ്ചാരിയാണ്. ലണടനില്‍ ബ്രേക്ക്ള്‍ഫാസ്റ്റ്, പാരീസില്‍ ലഞ്ച് ടൈപ്പ് ജീവിതം. പക്ഷെ വീടുമായി ഭയങ്കര ഡിപന്‍ഡന്‍സി. സാധനങ്ങളൊക്കെ അവിടല്ലേ. വീടാണെങ്കില്‍ അങ്ങ് കേരളത്തിലും. തോന്നുമ്പം തോന്നുമ്പം ഓടിക്കേറി ചെല്ലാന്‍ പറ്റാത്ത ദൂരത്ത്. ടിന്റു അടുത്ത വഴി നോക്കി. ക്ലൗഡില്‍ ഒരു ഫ്‌ലാറ്റ് വാങ്ങി. പഴയതു പോലെ വളരെ ഫ്‌ലെക്‌സിബിളായ ഒന്ന്. പിന്നെ വല്യൊരു സൗകര്യോം. ദുനിയാവിന്റെ ഏതു മൂലയ്ക്കുന്നും ആ ഫ്‌ലാറ്റില്‍ ഞൊടിയിട കൊണ്ടെത്തിപ്പെടാം. ഒരു ഇന്റര്‍നെറ്റ് കണക്ഷന്‍ ഉണ്ടായാല്‍ മാത്രം മതി.

Container technology

ടിന്റു പിന്നേം തല പുകയ്ക്കാന്‍ തുടങ്ങി. ഇങ്ങനെ അവിടേം ഇവിടേമൊക്കെ വീടുണ്ടാക്കുന്നതിനേക്കാള്‍ നല്ലത് അതങ്ങ് ചുരുട്ടിമടക്കി കൂടെകൊണ്ടു നടക്കുന്നതല്ലേ. ടിന്റു ഒരു കാരവാനിലേക്കു മാറി. എല്ലാം അതില്‍ നിരത്തി വച്ചു. വേണ്ട സ്ഥലത്തേക്ക് അതങ്ങ് ഓടിച്ചു പോയാല്‍ മതി. അത്യാവശ്യം ഒരു പാര്‍ക്കിംഗ് ലോട്ടോ ഒഴുഞ്ഞ സ്ഥലമോ കിട്ടുമ്പോ കാരവാന്‍ പാര്‍ക്ക് ചെയ്ത് പുറത്തൂന്ന് വെള്ളത്തിന്റേം ഗ്യാസിന്റേം പൈപ്പും ഫിറ്റ് ചെയ്ത് ലാവിഷായി തോന്നുമ്പം കുടിച്ചും ജീവിക്കുക. അതു തന്നെ..

Serverless technology

ടിന്റു ഇപ്പോള്‍ വളരെ ഹാപ്പിയാണ്. പക്ഷെ ഈയിടെയായി ടിന്റൂനൊരു ചിന്ത. ശരിക്കും നോക്കിയാല്‍ സ്ഥിരം ഒരു വീടിന്റെ ആവശ്യമൊന്നുമില്ല. കുറച്ചു സാധനങ്ങളുണ്ട് ഭയങ്കര അറ്റാച്ച്മെന്റുള്ളത്. അതൊക്കെ കൂടെയുണ്ടായാല്‍ മതി. ടിന്റു വേണ്ട സാധനങ്ങളൊക്കെ പൊതിഞ്ഞു കെട്ടി അതു നിരത്തി വെയ്‌ക്കേണ്ട രീതികളെല്ലാം വച്ച് ഒരു ബ്ലൂപ്രിന്റുമുണ്ടാക്കി ബാഗിലിട്ടു. ന്നിട്ട് വേണ്ടപ്പോ വേണ്ടപ്പോ സര്‍വ്വീസ് പ്രൊവൈഡര്‍ക്ക് ഈ ഭാണ്ഡോം ബ്ലൂപ്രിന്റും കൊടുത്ത്, അഞ്ചേ അഞ്ചു സെക്കറ്റില്‍ ഈ പറഞ്ഞപോലെ സാധനങ്ങളൊക്കെ നിരത്തിയ ഒരു റൂമിങ്ങു വേണമ്ന്നു പറയും. അത്രേയുള്ളൂ. ആവശ്യം കഴിയുമ്പോ റൂമും തിരിരിച്ചു കൊടുത്ത് ബാഗുമെടുത്ത് ടിന്റു അടുത്ത രാജ്യത്തേക്കു വിട്ടു. അവിടേം ഇതു പോലെ തന്നെ..

ടിന്റുവിന്റെ വീടാന്വേഷണപരീക്ഷണങ്ങള്‍ അവസാനിക്കുന്നില്ല. ടെക്‌നോളജി മാറിക്കൊണ്ടേയിരിക്കുന്നു

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more