കൊച്ചി: കൊച്ചി മെട്രോയില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ജോലി നല്‍കിയപ്പോള്‍ രാജ്യം ഒരു ചരിത്രപരമായ നേട്ടം കൈവരിക്കുകയായിരുന്നു.
ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ജോലി നല്‍കുന്ന ലോകത്തിലെ ആദ്യ മെട്രോയാണ് കൊച്ചിയിലേത്. യുറോപ്യന്‍ പത്രമായ ഗാര്‍ഡിയനില്‍ പോലും കേരള സര്‍ക്കാരിനെ പ്രശംസിച്ചുകൊണ്ട് വലിയ രീതിയില്‍ വാര്‍ത്ത വന്നിരുന്നു. എന്നാല്‍ തുടക്കത്തില്‍ 23 പേര്‍ക്കാണ് കൊച്ചി മെട്രോയില്‍ ജോലി നല്‍കിയതെങ്കില്‍ രണ്ട് വര്‍ഷത്തിനിപ്പുറം ഇവിടെ ജോലിയില്‍ ഉള്ളത് ഒന്‍പത് ട്രാന്‍സ്‌ജെന്‍ഡര്‍ ജീവനക്കാര്‍ മാത്രമാണ്.
മെട്രോയില്‍ ജോലിയില്‍ പ്രവേശിക്കുന്ന സമയത്ത് കെ.എം.എല്‍.ആര്‍ (കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്) നിരവധി വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ചെന്നും എന്നാല്‍ അതില്‍ പലതും പാലിക്കപ്പെട്ടിട്ടില്ലെന്നും അതിനാലാണ് പലരും ജോലി വിട്ടതെന്നും മെട്രോയിലെ ട്രാന്‍സ്‌ജെന്‍ഡര്‍ ജീവനക്കാരായ ആതിരയും രാജിയും ഡൂള്‍ ന്യൂസിനോട പറഞ്ഞു.
“രണ്ട് വര്‍ഷമായി ജോലിയില്‍ പ്രവേശിച്ചിട്ട്. നേരിട്ടുള്ള നിയമനമാണെന്നായിരുന്നു അന്ന് പറഞ്ഞത്. പിന്നീടാണ് കുടുംബശ്രീ വഴിയുള്ള നിയമനമാണെന്ന് മനസ്സിലാവുന്നത്. 380 രൂപയാണ് ദിവസവരുമാനം. ഇതുകൊണ്ട് ഒന്നിനും തികയുന്നില്ല. കുടുംബവും സമൂഹവും പരിഗണിക്കാത്ത ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് വളരെ തുച്ഛമായ വരുമാനമാണ്. മുന്‍പാണെങ്കില്‍ ഒഴിവുദിവസങ്ങളിലെ വേതനം പോലും നല്‍കിയിരുന്നുമില്ല. എന്നാല്‍ നിരന്തരമായ ഇടപെടലിനെ തുടര്‍ന്ന് പിന്നീട് അത് അനുവദിച്ചു തരികയായിരുന്നു.”
23 ട്രാന്‍സ്‌ജെന്റേഴ്‌സിനെ അടക്കം 530 തൊഴിലാളികളെയാണ് കൊച്ചി മെട്രോയില്‍ ജോലിക്കെടുത്തത്. കുടുംബശ്രീപ്രവര്‍ത്തകര്‍ക്കൊപ്പം ശുചീകരണ ജോലികളിലേക്കാണ് ഇവരെ നിയമിച്ചത്. പാലാരിവട്ടം മുതല്‍ ആലുവ വരെയുള്ള 11 മെട്രോ സ്റ്റേഷനുകളിലും ട്രാന്‍സ്ജെന്‍ഡര്‍ തൊഴിലാളികള്‍ ഉണ്ടാകുമെന്നും കെ.എം.എല്‍.ആര്‍ ഉറപ്പു നല്‍കിയിരുന്നു. ഒപ്പം ഇവര്‍ക്ക് ഷെല്‍ട്ടര്‍ഹോം സൗകര്യം ഒരുക്കാമെന്നതും കെ.എം.എല്‍.ആര്‍ വാഗ്ദാനം നല്‍കിയിരുന്നെന്നായിരുന്നു ഇവര്‍ പറയുന്നത്.
“സ്ത്രീകളില്‍ പലരും സ്വന്തം വീടുകളില്‍ നിന്നും വരുന്നവരാണ്. എന്നാല്‍ ഞങ്ങളെ പൂര്‍ണ്ണമായും ഇതുവരെ കുടുംബമോ സമൂഹമോ അംഗികരിച്ചിട്ടില്ല. വീട്ടില്‍ നിന്ന് വന്നുപോകുന്ന കുടുംബശ്രീ പ്രവര്‍ത്തകരെപോലെയാണ് ഞങ്ങളേയും കാണുന്നത്. താമസത്തിനായി ഷെല്‍ട്ടര്‍ഹോം സൗകര്യം ഒരുക്കാമെന്നും കെ.എം.എല്‍.ആര്‍ ഉറപ്പുനല്‍കിയിരുന്നു. കാക്കനാട് പള്ളിവക കോണ്‍വെന്റില്‍ താമസസൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അവിടെ കൊച്ചുകുട്ടികള്‍ക്ക് കൊടുക്കുന്ന തരത്തിലുള്ള നിബന്ധനകളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. പുറത്തുനിന്നും സുഹൃത്തുക്കളൊന്നും വരാന്‍ സമ്മതിക്കില്ല. പ്രായപൂര്‍ത്തിയായവരാണ് ഞങ്ങള്‍. അവിടെ താമസിക്കാന്‍ പറ്റാത്തതുകൊണ്ട് പുറത്താണ് താമസിക്കുന്നത്. പുറത്ത് താമസിക്കുമ്പോള്‍ എല്ലാവരോടും 500 രൂപ വാങ്ങിക്കുമ്പോള്‍ ഞങ്ങളോട് 3000 രൂപ വരെ വാങ്ങിക്കും. സഹായിക്കാന്‍ സ്വന്തക്കാരില്ല.”
സമൂഹത്തില്‍ നിന്നും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് നേരിടേണ്ടി വരുന്ന വിവേചനത്തെ ഒരു പരിധി വരെ മാറ്റിയെടുക്കാനുള്ള വലിയൊരു അവസരമായിരുന്നു കൊച്ചി മെട്രോയിലെ തൊഴില്‍. എന്നാല്‍ കൊച്ചിയില്‍ മെട്രോ റെയില്‍ ഓടിക്കുക എന്നുള്ളതാണ് ലക്ഷ്യമെന്നും അത് നിങ്ങളെ വളര്‍ത്തുക എന്നുള്ളതല്ലെന്നും ഏലിയാസ് ജോര്‍ജ്ജ് ജോലി നല്‍കുന്നതിന് മുന്‍പ് തന്നെ പറഞ്ഞിരുന്നതായി കൊച്ചി മെട്രായില്‍ ജോലി ചെയിതിരുന്ന ഫൈസര്‍ ഫൈസു പറയുന്നു.
ALSO READ: ഫണ്ടുകള്‍ മാത്രം പോര; കേരളത്തിലെ ആദിവാസി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍
മെട്രോ തുടക്കത്തില്‍ മുന്നോട്ട് വച്ച നിര്‍ദ്ദേശങ്ങള്‍ ഒന്നും തന്നെ പാലിക്കപ്പെട്ടിട്ടില്ലെന്നും ഇതില്‍ നിന്ന് ഒന്നും നേടാന്‍ കഴിയില്ലയെന്നുള്ളത് കൊണ്ടുമാണ് ഞാനൊക്കെ ഇറങ്ങി പോന്നത്. മെട്രോയില്‍ ജോലി ലഭിക്കുക എന്നത് വലിയൊരു അംഗീകാരമാണെങ്കിലും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ പുനരധിവാസമാണ് സര്‍ക്കാര്‍ ലക്ഷ്യമെങ്കില്‍ ഇതൊരു പരാജയമാണ്. ക്ലീനിംഗ് സ്റ്റാഫുകള്‍ക്ക് 13000 രൂപയായിരുന്നു സാലറി പറഞ്ഞിട്ടുള്ളത്. അതില്‍ ഇ.പി.എഫ്, പി.എഫ് തുടങ്ങിയവ കഴിച്ച് മിച്ചമാണ് കയ്യില്‍ കിട്ടുന്നത്. ഈ തുച്ഛമായ ശമ്പളത്തില്‍ നിന്നും താമസിക്കാന്‍ സ്ഥലം, ഭക്ഷണം, യാത്രാ ചെലവ് എന്നിവ കണ്ടെത്തണം. നാല് മാസം മാത്രമെ അവിടെ ജോലി ചെയ്തുള്ളൂ. “ഫൈസല്‍ ഫൈസു പറഞ്ഞു.
ഒപ്പം സ്റ്റാഫുകള്‍ തമ്മില്‍ കമ്മ്യൂണിക്കേഷന്‍ പാടില്ല എന്നതുകൂടി മാനേജ്‌മെന്റ് മുന്നോട്ട് വച്ചെന്നും ഇവര്‍ പറയുന്നു. കൊച്ചി മെട്രോ സ്റ്റാഫ് യൂണിയന്‍ എന്ന നിലക്ക് തൊഴിലാളികള്‍ സംഘടിക്കാതിരിക്കാനാണ് ഇത്തരമൊരു നീക്കമെന്നാണ് കരുതുന്നതെന്നും അവര്‍ പറഞ്ഞു.
ശമ്പളം വര്‍ധിപ്പിക്കണം. സ്ഥിര ജീവനക്കാരായി നിയമിക്കണം. നേരിട്ടുള്ള നിയമനം തുടങ്ങിയ കാര്യങ്ങള്‍ ആവശ്യപ്പെട്ട് ഒരു വര്‍ഷം മുന്‍പ് തന്ന കെ.എം.എല്‍.ആര്‍ എം.ഡി മുഹമ്മദ് ഹനീഷിന് നിവേദനം നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെയും യാതൊരു മറുപടിയും ലഭിച്ചിട്ടില്ല. രണ്ട് വര്‍ഷമായി ഒരു ആനുകൂല്യമോ ശമ്പള വര്‍ധനവോ ഉണ്ടായിട്ടില്ല. തുടക്കം മുതലുള്ള 380 രൂപയാണ് ഇപ്പോഴും കിട്ടികൊണ്ടിരിക്കുന്നത്. മെട്രോ കുതിച്ചു പായുമ്പോഴും ഇവര്‍ ഇവിടെ പട്ടിണിയിലാണെന്ന് തൊഴിലാളികള്‍ പറയുന്നു.