കോഴിക്കോട്: വിദഗ്ധ ചികിത്സയ്ക്കായി അമേരിക്കയിലേക്ക മുഖ്യമന്ത്രിയെ പരിഹസിച്ച് പ്രമുഖ വ്യവസായി കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി. തന്നെ അമേരിക്കന്‍ ചെരുപ്പ്നക്കിയെന്ന് പരിഹസിച്ചവരെയാണ് അവരുടെ നേതാവ് അമേരിക്കയിലേക്ക് പോവുന്നെന്ന് കേള്‍ക്കുമ്പോള്‍ ഓര്‍മ്മ വരുന്നതെന്ന് ചിറ്റിലപ്പിള്ളി ഫേസ്ബുക്കിലിട്ട കുറിപ്പില്‍ പറഞ്ഞു.
എത്ര പെട്ടന്നാണ് കാലം മാറുന്നതും ആദര്‍ശങ്ങളും ആശയസംഹിതകളും മാറുന്നതെന്നും കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി ചോദിച്ചു.
“വ്യക്തിപരമായിട്ടല്ല, എന്നാലും മുഖ്യമന്ത്രി പിണറായി വിജയന്‍ മയോ ക്ലിനിക്കിലേക്ക് എന്ന വാര്‍ത്ത വായിക്കുമ്പോള്‍ ഓര്‍മ്മ വരുന്നത് വി-ഗാര്‍ഡിലെ തൊഴിലാളി സമരമാണ്. അന്ന് സി.ഐ.ടിയു പ്രവര്‍ത്തകരെന്നെ വിളിച്ചത് പെറ്റിബൂര്‍ഷ്വാ, അമേരിക്കന്‍ ചെരിപ്പ് നക്കി എന്നൊക്കെയായിരുന്നു. ആ സമയത്ത് ഞാനൊരു ചെറുകിട ബിസിനസ്സുകാരന്‍ മാത്രമാണ്, ആകെയുള്ളത് പഴയൊരു ലാമ്പി സ്‌കൂട്ടറും…എത്ര പെട്ടന്നാണ് കാലം മാറുന്നതും ആദര്‍ശങ്ങളും ആശയസംഹിതകളും മാറുന്നതും”-കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി ചോദിക്കുന്നു.
ഓഗസ്റ്റ് 19നാണ് വിദഗ്ധചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോകുന്നത്. 17 ദിവസത്തെ ചികിത്സയ്ക്കാണ് അദ്ദേഹം പുറപ്പെടുക. ഓഗസ്റ്റ് 19ന് കേരളത്തില്‍നിന്നു തിരിക്കും. സെപ്റ്റംബര്‍ ആറിനാകും തിരിച്ചെത്തുക.
ചികിത്സയുടെ പൂര്‍ണചിലവ് സംസ്ഥാന സര്‍ക്കാരാണ് വഹിക്കുക. ഭാര്യ കമലാ വിജയനും മുഖ്യമന്ത്രിക്കൊപ്പമുണ്ടാകും. ന്യൂറോളജി, കാന്‍സര്‍, ഹൃദയസംബന്ധമായ രോഗങ്ങളുടെ ചികിത്സയ്ക്ക് പ്രശസ്തമാണ് മയോ ക്ലിനിക്.