| Monday, 27th September 2021, 12:02 pm

ലോക വിനോദസഞ്ചാരദിനത്തില്‍ കേരളത്തില്‍ ഹര്‍ത്താല്‍ ആഘോഷം; കര്‍ഷക സമരത്തെ പരിഹസിച്ച് ചിറ്റിലപ്പിള്ളിയുടെ പോസ്റ്റ്; രൂക്ഷവിമര്‍ശനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കേന്ദ്രത്തിന്റെ കാര്‍ഷികനിയമത്തിനെതിരെ കര്‍ഷകര്‍ നടത്തുന്ന ഭാരതബന്ദിന് പിന്തുണ അറിയിച്ചുകൊണ്ട് ഹര്‍ത്താല്‍ ആചരിക്കുന്ന കേരളത്തിന്റെ നടപടിയെ പരിഹസിച്ചുകൊണ്ടുള്ള വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ പോസ്റ്റ് വിവാദത്തില്‍.

ഹര്‍ത്താല്‍ ദിനമായ സെപ്റ്റംബര്‍ 27 ലോകവിനോദസഞ്ചാരദിനമാണെന്നും കേരളത്തിലുള്ളവര്‍ ഇത് ആഘോഷിക്കുകയാണെന്നുമായിരുന്നു ചിറ്റിലപ്പിള്ളി പോസ്റ്റില്‍ പറഞ്ഞത്. ഈ പോസ്റ്റിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്.

ഇന്ന് എന്തിനാണ് ഭാരത്ബന്ദ് വെച്ചിരിക്കുന്നത് എന്ന് അറിയാത്ത പോലെ നടിക്കുക ആണോയെന്നാണ് ചിലര്‍ ചോദിച്ചത്. കര്‍ഷകരുടെ പ്രശ്നങ്ങള്‍ തന്നെ ബാധിക്കില്ല എന്ന ധൈര്യത്തില്‍ ഓവര്‍ റിയാക്ട് ചെയ്യണ്ടെന്നും കര്‍ഷകര്‍ എല്ലാം ആത്മഹത്യ ചെയ്താല്‍ പിന്നെ നിങ്ങളുടെ പമ്പ് വാങ്ങാന്‍ ആളുണ്ടാവില്ലെന്നും അത് ഓര്‍ത്തെങ്കിലും കര്‍ഷകരെ പിന്തുണയ്ക്കുന്ന മൂവ്മെന്റുകളെ പരിഹസിക്കാതിരിക്കൂ എന്നുമായിരുന്നു ഒരു കമന്റ്.

മുതലാളി നാല് നേരം മൃഷ്ടാനം വെട്ടി വിഴുങ്ങുമ്പോള്‍ ആ ഭക്ഷണം കൃഷി ചെയ്തു ഉത്പാദിപ്പിക്കുന്ന കര്‍ഷകരെ പറ്റി ഓര്‍ക്കാന്‍ എവിടെ സമയം അല്ലേ, പൈസ വേവിച്ചു തിന്നാല്‍ വിശപ്പ് മാറില്ല അതോര്‍ത്തോ എന്നായിരുന്നു കര്‍ഷകര്‍ക്കൊപ്പം എന്ന ഹാഷ് ടാഗോടെ ചിലര്‍ കുറിച്ചത്.

സമരം ചെയ്യുന്ന കര്‍ഷകരും, തൊഴിലാളികളും, ഈ നാട്ടിലെ കമ്മ്യൂണിസ്റ്റുകാരും നിങ്ങള്‍ക്ക് തമാശയാവാം എന്നാല്‍ ഞങ്ങള്‍ക്ക് അവര്‍ പ്രതീക്ഷയാണെന്നായിരുന്നു മറ്റൊരു കമന്റ്.

താങ്കളുടെ പോസ്റ്റ് കണ്ടാല്‍ വിനോദ സഞ്ചാരം നടത്താന്‍ ഇന്നത്തെ ഒരു ദിവസത്തിന് ആളുകള്‍ വെയിറ്റ് ചെയ്യുകയായിരുന്നു എന്ന് തോന്നുമെന്നും കര്‍ഷകരുടെയും ജനങ്ങളുടെയും വിഷയങ്ങള്‍ ഉയര്‍ത്തി കാണിച്ച് ഇവിടെ ഇത്തരം പ്രതിരോധങ്ങള്‍ ഇനിയും നടക്കുമെന്നുമായിരുന്നു മറ്റു ചിലര്‍ കുറിച്ചത്. കോര്‍പ്പറേറ്റിന്റെ കേരളത്തിലെ ചിരിക്കുന്ന മുഖമാണ് വി ഗാര്‍ഡ് മൊതലാളി. അത് മെല്ലെ മറ നീക്കി പുറത്ത് വരികയാണെന്ന് ചിലര്‍ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ വര്‍ഷം ഇതേ ദിവസമാണ് കര്‍ഷകര്‍ തെരുവില്‍ ഇറങ്ങിയത്. അവര്‍ അവിടെ ഇരിക്കുന്നത് എല്ലാ മനുഷ്യര്‍ക്കും വേണ്ടിയാണ്. നാളെ കോര്‍പ്പറേറ്റുകളുടെ മുന്‍പില്‍ ആഹാരത്തിനു വേണ്ടിയും കൂടി പഞ്ചപുച്ഛമടക്കി നമ്മളൊക്കെ നില്‍ക്കാതിരിക്കാന്‍ വേണ്ടിയാണ്. ഒരു ദിവസം അവരോടൊത്തു നില്‍ക്കുന്നത് മനുഷ്യത്വമാണ്. അതില്ലാത്തവരോട് പറഞ്ഞിട്ട് കാര്യമില്ല എന്നിങ്ങനെയാണ് മറ്റു കമന്റുകള്‍.

കോര്‍പ്പറേറ്റ് ഭീമനായ വി-ഗാര്‍ഡ് മുതലാളിക്ക് എന്തു കര്‍ഷക സമരം, അന്നം തരുന്ന കര്‍ഷകരെ ആദരിക്കേണ്ട. പുച്ഛിക്കാത്തിരുന്നുകൂടെ ചിറ്റിലപ്പിള്ളിക്ക് ഒരു കോടി പ്രണാമം എന്നായിരുന്നു ഒരാളുടെ കമന്റ്.

ഇന്ത്യയിലെ ദുരിതമനുഭവിക്കുന്ന ഒരു കര്‍ഷക, തൊഴിലാളി സമൂഹം നടത്തുന്ന ബന്ദാണ്. അതില്‍ നിന്ന് കേരളത്തിന് ഒഴിഞ്ഞു നില്‍ക്കാനാവില്ലെന്ന് താങ്കള്‍ക്ക് നന്നായി അറിയാവുന്നതുമാണ് പിന്നെ ഇത് താങ്കള്‍ തൊഴിലാളി വിരുദ്ധനായതു കൊണ്ട് തോന്നുന്നതാണെന്നായിരുന്നു മറ്റൊരു കമന്റ്.

സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തിലാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്. രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെയാണ് ബന്ദ്. കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് കര്‍ഷകര്‍ രാജ്യവ്യാപകമായി ബന്ദ് ആചരിക്കുന്നത്.

ദല്‍ഹിയിലെ നാഷണല്‍ ഹൈവേകള്‍ തടയാനുള്ള ഒരുക്കത്തിലാണ് കര്‍ഷകര്‍. ദേശീയ പാതയിലൂടെ ഒരു തരത്തിലുള്ള യാത്രകളോ, ചരക്കു നീക്കങ്ങളോ നടത്താന്‍ അനുവദിക്കില്ലെന്നും കര്‍ഷകര്‍ അറിയിച്ചു.

തിങ്കളാഴ്ച രാവിലെ ദല്‍ഹി-മീററ്റ് എക്‌സ്പ്രസ് ഹൈവേ കര്‍ഷകര്‍ ഉപരോധിച്ചിരുന്നു. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഗതാഗതവും സമരത്തിന്റെ ഭാഗമായി കര്‍ഷകര്‍ തടഞ്ഞു. പഞ്ചാബ്-ഹരിയാനയിലെ ശംഭു അതിര്‍ത്തിയും കര്‍ഷകര്‍ ഉപരോധിക്കുന്നുണ്ട്.

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങി എല്ലാ സ്ഥാപനങ്ങളും സമരത്തിന്റെ ഭാഗമായി രാജ്യവ്യാപകമായി അടഞ്ഞു കിടക്കുകയാണ്.

കേരളത്തില്‍ ബന്ദ് ഏറെക്കുറെ പൂര്‍ണമാണ്. കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കുകയും നിരത്തുകള്‍ നിശ്ചലമാവുന്ന സ്ഥതിവിശേഷമാണ് സംസ്ഥാനത്തുള്ളത്. എല്‍.ഡി.എഫും യു.ഡി.എഫും സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി തുടങ്ങി വിവിധ ട്രേഡ് യൂണിയനുകളും ബന്ദിന് പൂര്‍ണപിന്തുണയാണ് അറിയിച്ചിട്ടുള്ളത്.

സര്‍വകലാശാല പരീക്ഷകളും, പി.എസ്.സിയുടെ പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവച്ചിട്ടുണ്ട്. കേരളത്തിന് പുറമേ ആന്ധ്രപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ ഭരണകക്ഷികള്‍ തന്നെ ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content  Highlight: Kochouseph Chittilappilly’s FB post against farmers protest’s harthal, people raises criticism

We use cookies to give you the best possible experience. Learn more