തിരുവനന്തപുരം: കൊച്ചി ജല മെട്രോ മറ്റ് സംസ്ഥാനങ്ങള്‍ക്കും മാതൃകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിന്റെ വികസന ഉത്സവത്തില്‍ പങ്കാളിയാകാനായതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കേരളത്തിന്റെ വികസന ഉത്സവത്തില്‍ പങ്കാളിയാകാനായതില്‍ സന്തോഷമുണ്ട്. കേരളത്തിന്റെ വികസനത്തില്‍ പുതിയ ചുവട് വെപ്പാണ് വന്ദേ ഭാരത്. കേരളത്തിലെയും പുറത്തെയും കാര്യങ്ങളെ കുറിച്ച് മലയാളികള്‍ ബോധവാന്മാരാണ്. കൊച്ചി വാട്ടര്‍മെട്രോ മറ്റു സംസ്ഥാനങ്ങള്‍ക്കും മാതൃകയാണ്.
ഇന്ത്യയുടെ വികസന സാധ്യതകള്‍ ലോകത്താകെ അംഗീകരിച്ചു കഴിഞ്ഞു. വികസനത്തിന്റെ വൈബ്രന്റ് സ്‌പോട്ടായാണ് ഇന്ത്യയെ കാണുന്നത്,’ അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, റെയില്‍വേ മന്ത്രി അശ്വനികുമാര്‍ വൈഷ്ണവ്, ശശി തരൂര്‍ എം.പി, മന്ത്രിമാരായ വി അബ്ദുറഹ്‌മാന്‍, ആന്റണി രാജു എന്നിവരും പങ്കെടുത്തു.
തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേസ്റ്റേഷനിലായിരുന്നു വന്ദേഭാരത് ഉദ്ഘാടനം ചെയ്തത്. റെയില്‍വേസ്റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ നിന്നാണ് വന്ദേഭാരത് ആദ്യ യാത്ര തുടങ്ങിയത്.
തുടര്‍ന്ന് സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ പൊതുസമ്മേളനത്തില്‍ വെച്ചാണ് ജലമെട്രോ,ഡിജിറ്റല്‍ സര്‍വകലാശാല എന്നിവയുടെ ഉദ്ഘാടനം അദ്ദേഹം നിര്‍വഹിച്ചത്.
വിവിധ റെയില്‍വേ സ്റ്റേഷനുകളുടെ വികസന പദ്ധതികള്‍, കേന്ദ്രം അനുവദിച്ച 3,200 കോടി രൂപയുടെ പദ്ധതികള്‍ എന്നിവയും ഉദ്ഘാടനം ചെയ്തിട്ടുണ്ട്.
നിലവില്‍ ഹൈക്കോര്‍ട്ട് ടെര്‍മിനലില്‍നിന്ന് വൈപ്പിനിലേക്കും തിരിച്ചുമാണ് കൊച്ചി വാട്ടര്‍ മെട്രോയുടെ ആദ്യ സര്‍വീസ് തീരുമാനിച്ചിരിക്കുന്നത്. ബുധനാഴ്ച മുതല്‍ പൊതുജനങ്ങള്‍ക്ക് കൊച്ചി വാട്ടര്‍ മെട്രോയിലൂടെ യാത്രചെയ്യാവുന്നതാണ്.
content highlight: Kochi Water Metro is a model for other states; Happy to participate in Kerala’s development festival: Narendra Modi