| Wednesday, 13th March 2024, 4:49 pm

കളിച്ചത് ഒറ്റ സീസൺ, റെക്കോഡ് നേട്ടത്തിൽ ആദ്യ അഞ്ചിൽ ഇപ്പോഴും കൊച്ചി ടസ്‌ക്കേഴ്‌സ്; ഇത്തവണ ഇത് തകർക്കുമോ?

സ്പോര്‍ട്സ് ഡെസ്‌ക്

ആവേശകരമായ ഇന്ത്യന്‍ ക്രിക്കറ്റ് മാമാങ്കം മാര്‍ച്ച് 22 മുതലാണ് ആരംഭിക്കുന്നത്. ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവുമാണ് ഏറ്റുമുട്ടുക.

ഐ.പി.എല്‍ ഒറ്റ സീസണ്‍ മാത്രം കളിച്ച മലയാളികളുടെ പ്രിയപ്പെട്ട ടീമാണ് കൊച്ചി ടസ്‌ക്കേഴ്‌സ് കേരള. 2011 സീസണില്‍ മാത്രം കളിച്ച കേരളത്തിന്റെ കൊമ്പന്‍മാര്‍ നേടിയ ഒരു തകര്‍പ്പന്‍ റെക്കോഡ് ഇപ്പോഴും ആരും തകര്‍ക്കപ്പെടാതെ സുരക്ഷിതമായി ഇരിക്കുകയാണ്.

ഐ.പി.എല്‍ ചരിത്രത്തില്‍ പവര്‍ പ്ലേയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന നാലാമത്തെ ടീമെന്ന കൊച്ചിയുടെ റെക്കോഡാണ് നീണ്ട 13 വര്‍ഷങ്ങള്‍ക്ക് ശേഷവും മറ്റൊരു ടീമും തകര്‍ക്കപ്പെടാതെ നില്‍ക്കുന്നത്.

2018 രാജസ്ഥാന്‍ റോയല്‍സിനെതിരെ പവര്‍ പ്ലേയില്‍ 87 റണ്‍സായിരുന്നു കൊച്ചി ടസ്‌ക്കേഴ്‌സ് നേടിയത്. ഇന്‍ഡോറില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് രാജസ്ഥാന്‍ 97 റണ്‍സിന് പുറത്താവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കൊച്ചി 7.2 ഓവറില്‍ എട്ട് വിക്കറ്റുകള്‍ ബാക്കി നില്‍ക്കേ ലക്ഷ്യം മറികടക്കുകയായിരുന്നു.

കൊച്ചിയുടെ ബാറ്റിങ്ങില്‍ ബ്രാഡ് ഹോഡ്ജ് 17 പന്തില്‍ 33 റണ്‍സും ബ്രണ്ടന്‍ മക്കല്ലം 12 പന്തില്‍ 29 റണ്‍സും നേടി വെടിക്കെട്ട് ഇന്നിങ്‌സ് നടത്തി. ഹോഡ്ജ് അഞ്ച് ഫോറുകളും രണ്ട് സിക്സും നേടിയപ്പോള്‍ മക്കല്ലം ഒരു ഫോറും നാല് സിക്സും നേടി.

ക്യാപ്റ്റന്‍ മഹേള ജയവര്‍ധന രണ്ടു ഫോറുകളും ഒരു സിക്‌സും ഉള്‍പ്പെടെ 14 പന്തില്‍ 21 റണ്‍സും നേടി മികച്ച പ്രകടനം നടത്തിയപ്പോള്‍ കേരളം തകര്‍പ്പന്‍ ജയം നേടുകയായിരുന്നു.

ഈ നേട്ടത്തില്‍ ഒന്നാമതുഉള്ളത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സാണ്. 2017ല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ 105 റണ്‍സായിരുന്നു പവര്‍പ്ലെയില്‍ കൊല്‍ക്കത്ത നേടിയത്. 2014 പഞ്ചാബ് കിങ്‌സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്സ് 100 റണ്‍സും തൊട്ടടുത്ത വര്‍ഷം മുംബൈ ഇന്ത്യന്‍സിനെതിരെ ചെന്നൈ 90 റണ്‍സും നേടിയതാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തുള്ളത്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിനേഴാം സീസണിലേക്ക് കടക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഈ സീസണില്‍ ഈ റെക്കോഡുകള്‍ തകര്‍ക്കപ്പെടുമോ എന്ന് കണ്ടുതന്നെ അറിയണം.

Content Highlight: Kochi Tuskers Kerala record in IPL

We use cookies to give you the best possible experience. Learn more