കൊച്ചി സ്മാര്‍ട്‌സിറ്റിക്ക് ഏക സെസ്സിന് അംഗീകാരം
Kerala
കൊച്ചി സ്മാര്‍ട്‌സിറ്റിക്ക് ഏക സെസ്സിന് അംഗീകാരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 18th January 2013, 11:45 am

ന്യൂദല്‍ഹി: കൊച്ചി സ്മാര്‍ട്‌സിറ്റിക്ക് ഒറ്റ സെസ്സിന് അംഗീകാരം. കേന്ദ്ര സെസ് അപ്രൂവല്‍ ബോര്‍ഡാണ് അംഗീകാരം നല്‍കിയത്. സ്മാര്‍ട്‌സിറ്റി പദ്ധതി പ്രദേശത്തിന് ഒറ്റ സെസ് പദവി അനുവദിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചിരുന്ന ആദ്യ അപേക്ഷ സെസ് അപ്രൂവല്‍ ബോര്‍ഡ് നേരത്തെ തള്ളിയിരുന്നു. []

ഒറ്റ സെസ് ലഭിച്ചാല്‍ മാത്രമേ സ്മാര്‍ട് സിറ്റി പദ്ധതിയുമായി മുന്നോട്ട് പോകൂ എന്ന് ടീകോം നേരത്തേ വ്യക്തമാക്കിയിരുന്നു. നേരത്തെ പ്രഖ്യാപിച്ച 53 ഹെക്ടര്‍ സ്ഥലത്തോടു ചേര്‍ന്ന് 46 ഹെക്ടര്‍ സ്ഥലം കൂടി ഉള്‍പ്പെടുത്തിയാണ് ഇപ്പോള്‍ ഒറ്റ സെസ് പ്രഖ്യാപിച്ചിരിക്കുന്നത്.

കടമ്പയാര്‍ പുഴ രണ്ടായി വിഭജിക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയായിരുന്നു നേരത്തേ ഒറ്റ സെസ്സിനുള്ള കേരളത്തിന്റെ അപേക്ഷ തള്ളിയത്. ഇരു പ്രദേശത്തെയും ബന്ധിപ്പിച്ച് കടമ്പയാറിനു കുറുകെ പാലം നിര്‍മിക്കാമെന്ന കേരളത്തിന്റെ നിര്‍ദേശം ബോര്‍ഡ് അംഗീകരിക്കുകയായിരുന്നു.

പദ്ധതിക്ക് സെസ് പദവി ലഭിച്ചതോടെ ഇതുവരെ നിലനിന്നിരുന്ന എല്ലാ ആശങ്കകളും മാറി. സ്മാര്‍ട് സിറ്റിയുടെ ഓഫീസ് കൊച്ചിയില്‍ ആരംഭിക്കുമെന്ന് ദുബായില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.

ആറ് മാസത്തിനുള്ളില്‍ ഓഫീസില്‍ മുഴുവന്‍ സമയ സി.ഇ.ഒ യെ നിയമിക്കാനും ടി.കോം സി.ഇ.ഒ അബ്ദുല്‍ ലത്തീഫ് അല്‍ മുല്ലയെ സ്മാര്‍ട്‌സിറ്റിയുടെ പൂര്‍ണ ചുമതല ഏല്‍പ്പിക്കാനും യോഗത്തില്‍ തീരുമാനിച്ചിരുന്നു. അഞ്ചര വര്‍ഷത്തിനുള്ളില്‍ സ്മാര്‍ട് സിറ്റി പദ്ധതി പൂര്‍ത്തിയാക്കാനാണ് പദ്ധതി.