മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത റോ റോ സര്‍വീസിന് ലൈസന്‍സില്ല; രണ്ടാം ദിവസം തന്നെ സര്‍വീസ് നിര്‍ത്തി
Kerala
മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത റോ റോ സര്‍വീസിന് ലൈസന്‍സില്ല; രണ്ടാം ദിവസം തന്നെ സര്‍വീസ് നിര്‍ത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 29th April 2018, 5:11 pm

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത റോറോ സര്‍വീസ് ലൈസന്‍സ് ഇല്ലെന്ന ആരോപണത്തെ തുടര്‍ന്ന് നിര്‍ത്തി വച്ചു. ഫോര്‍ട്ട് കൊച്ചി – വൈപ്പിന്‍ റൂട്ടിലെ റോള്‍ ഓണ്‍ റോള്‍ ഓഫ് സര്‍വീസാണ് ഉദ്ഘാടനം കഴിഞ്ഞ് രണ്ടാം ദിവസം നിര്‍ത്തിവെക്കേണ്ടി വന്നത്. കൊച്ചി നഗരസഭാ പ്രതിപക്ഷ നേതാവ് കെ.ജെ ആന്റണിയാണ് ഇത് സംബന്ധിച്ച ആരോപണം ഉന്നയിച്ചത്. ഉദ്ഘാടനത്തിന് ശേഷം മുഖ്യമന്ത്രി റോറോ ജങ്കാറില്‍ യാത്ര ചെയ്യുകയും ചെയ്തിരുന്നു. ഇത് കടുത്ത സുരക്ഷാ വീഴ്ചയാണെന്നും ആന്റണി ചൂണ്ടിക്കാട്ടി.

ലൈസന്‍സ് ഇല്ലെന്ന കാര്യം മുഖ്യമന്ത്രിയില്‍ നിന്ന് മറച്ചുവച്ചാണ് ഉദ്ഘാടനം നടത്തിയതെന്ന് നഗരസഭാ പ്രതിപക്ഷ നേതാക്കള്‍ ആരോപിച്ചു. നാല് മാസം മുന്‍പ് അവസാനിച്ച ലൈസന്‍സ് ഇതുവരെ പുതുക്കിയിട്ടില്ല. ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് നിര്‍ത്തി വച്ച സര്‍വീസ് ഇനി അടുത്ത മാസം 10ന് മാത്രമേ പുനരാരംഭിക്കാനാവൂ എന്നാണ് അധികൃതര്‍ അറിയിച്ചത്.


Read | ‘അധികാര വര്‍ഗം കൈയ്യൊഴിഞ്ഞപ്പോള്‍ കുരുന്നു ജീവനുകള്‍ക്ക് ജീവശ്വാസം പകര്‍ന്നതാണോ ഞാന്‍ ചെയ്ത തെറ്റ്?’; പുറത്തിറങ്ങിയതിനു പിന്നാലെ പൊട്ടിക്കരഞ്ഞ് കഫീല്‍ ഖാന്‍


ഇരു വശത്ത് കൂടിയും വാഹനങ്ങള്‍ കയറ്റാനും ഇറക്കാനും കഴിയുന്ന ആധുനിക ജങ്കാറാണ് റോറോ. നിലവിലെ ജങ്കാറില്‍ ഒരു വശത്ത് കൂടി മാത്രമാണ് വാഹനങ്ങള്‍ കയറ്റാനാകുക. എന്നാല്‍ ഒരു പാലം പോലെ പ്രവര്‍ത്തിച്ച് വാഹനങ്ങളെ അക്കരയെത്തിക്കും. നാല് ലോറി, 12 കാറുകള്‍, 50 യാത്രക്കാര്‍ എന്നിവയെ വഹിക്കാനാവും.

16 കോടി രൂപ ചെലവിലാണ് കൊച്ചി കോര്‍പ്പറേഷന്‍ റോ റോ പദ്ധതി നടപ്പാക്കിയത്. രാജ്യത്ത് ആദ്യമായാണ് ഒരു തദ്ദേശ ഭരണ സ്ഥാപനം റോറോ സേവനം ആരംഭിച്ചത്. എട്ടു കോടി രൂപ ചെലവില്‍ കൊച്ചി കപ്പല്‍ശാലയാണ് റോറോ ജങ്കാറുകള്‍ നിര്‍മ്മിച്ചത്. റോറോയില്‍ മൂന്ന് മിനിറ്റ് കൊണ്ട് ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് വൈപ്പിനിലെത്താനാവും.