തിരുവനന്തപുരം: സംസ്ഥാനത്ത് നാല് എയർപോർട്ടാകാമെങ്കിൽ രണ്ട് ഫിലിം ഫെസ്റ്റിവെൽ നടത്തിയാലെന്താണെന്ന ചോദ്യവുമായി എഴുത്തുകാരൻ എൻ.എസ് മാധവൻ.
ഐ.എഫ്.എഫ്.കെ കൊച്ചിയുടെ വിജയം മുൻനിർത്തിയാണ് രണ്ട് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവെൽ നടത്തിയാലെന്താണെന്ന് എൻ.എസ് മാധവൻ ചോദിച്ചത്.
”കൊച്ചിയിലെ ഐ.എഫ്.എഫ്.കെയുടെ വിജയം ഒരു കാര്യം അടിവരയിടുന്നുണ്ട്. കൊച്ചിക്ക് സ്വന്തമായി ഒരു ഫിലിം ഫെസ്റ്റിവെൽ വേണം എന്നതാണത്. സംസ്ഥാനത്ത് നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ആകാമെങ്കിൽ എന്തുകൊണ്ട് രണ്ട് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവെൽ ആയിക്കൂടാ?,” എൻ.എസ് മാധവൻ ചോദിച്ചു. ഐ.എഫ്.എഫ്.കെ കൊച്ചിക്ക് വേണ്ടി ശബ്ദം ഉയർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
കൊവിഡ് പശ്ചാത്തലത്തിൽ ഇത്തവണ നാല് മേഖലകളിലായാണ് ഐ.എഫ്.എഫ്.കെ നടത്തിയത്. ഫെബ്രുവരി പത്തുമുതൽ പതിനാല് വരെയാണ് തിരുവനന്തപുരത്ത് മേള നടന്നത്.
പതിനേഴ് മുതൽ 21 വരെയായിരുന്നു കൊച്ചിയിൽ മേള നടന്നത്. പങ്കാളിത്തം കൊണ്ട് കൊച്ചിയിലെ മേള ശ്രദ്ധേയമായിരുന്നു. അടുത്ത ഘട്ടം തലശ്ശേരിയിൽ ആണ് നടക്കുക.
ഐ.എഫ്.എഫ്.കെ നാല് മേഖലകളിലായി നടത്താനുള്ള സർക്കാരിന്റെ തീരുമാനത്തിനെതിരെ ആദ്യഘട്ടത്തിൽ വലിയ വിമർശനം ഉയർന്നിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ എല്ലാം പാലിച്ചാണ് മേള നടത്തുന്നത്.
കൊച്ചിയിലെ ഐ.എഫ്.എഫ്.കെ ഉദ്ഘാടന ചടങ്ങിൽ നടൻ സലിം കുമാറിനെ ക്ഷണിക്കാത്തതിനെതിരെ വലിയ വിമർശനമുയർന്നിരുന്നു.