ബിനാലെ മഹാസംഭവം: മമ്മൂട്ടി
Movie Day
ബിനാലെ മഹാസംഭവം: മമ്മൂട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 19th December 2012, 11:10 am

കൊച്ചി: കൊച്ചിയില്‍ നടക്കുന്ന മുസ്‌രിസ് ബിനാലെ കാണാന്‍ എത്തിയ മെഗാസ്്റ്റാര്‍ മമ്മൂട്ടിക്ക് അത്ഭുതം അടക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ അദ്ദേഹം പറഞ്ഞു, ബിനാലെ മഹാസംഭവം തന്നെ.

ഇവിടെ എവിടെ നോക്കിയാലും കലാരൂപങ്ങളാണ്. ബിനാലെയുടെ പച്ചമുളയില്‍ തീര്‍ത്ത കൊടിമരം ചൂണ്ടി മമ്മൂട്ടി പറഞ്ഞു, ഈ കൊടിമരം പോലും അത്ഭുതമാണ്. ഓരോരുത്തരുടേയും ഭാവനകളിലേക്ക് ആസ്വാദകന്‍ ഇറങ്ങിച്ചെല്ലുകയാണെന്നും ബിനാലെ കണ്ടാസ്വാദിച്ച ശേഷം മമ്മൂട്ടി പറഞ്ഞു.[]

രണ്ട് മണിക്കൂറോളം ബിനാലെ വേദിയില്‍ ചിലവിട്ട മമ്മൂട്ടി ബിനാലെ സ്ഥിരമായി നടത്തുന്നതിന് ചെറിയ ഫീസ് നിരക്ക് ഏര്‍പ്പെടുത്താമെന്നും അഭിപ്രായപ്പെട്ടു.

ബിനാലെയില്‍ ഞാന്‍ കണ്ടത് ഇന്നലെകളെയും ഇന്നിനെയുമാണ്. ഭൂതകാലം ഈ സൃഷ്ടികള്‍ക്കിടയില്‍ വര്‍ത്തമാനം പറയുന്നു. ഒരു മായാലോകത്തെത്തിയ അനുഭവം. ആള്‍ക്കൂട്ടത്തിനു നടുവിലായതിനാല്‍ എനിക്ക് അതിന്റെ ഇന്ദ്രജാലം അത്രയ്ക്ക് തൊട്ടറിയാനായില്ല.

ഒറ്റയ്ക്ക് വരുന്ന ഒരാള്‍ ഈ ലോകത്തുനില്‍ക്കുമ്പോള്‍ മനസ്സ് ഒരു മാന്ത്രിക പരവതാനിയിലേറിപ്പറക്കും. ഇത് ഒരു മഹാസംഭവം തന്നെ. ഞാന്‍ ആദ്യമായാണ് ഒരു ബിനാലെ കാണുന്നത്. കേട്ടും വായിച്ചുമറിഞ്ഞ കലയുടെ ഉത്സവം നേരിട്ടനുഭിക്കാനായതിന്റെ നിറങ്ങളിലാണ് ഹൃദയം. അതും എന്റെ കേരളത്തില്‍ നിന്നുതന്നെ. ഇത് ഓരോ മലയാളിയുടെയും അഭിമാനമാണ്. മമ്മൂട്ടി പറഞ്ഞു.

ഇന്ത്യയിലെ ആദ്യത്തെ ബിനാലെയ്ക്ക് ആതിഥേയരായതില്‍ മലയാളികള്‍ക്ക് അഭിമാനിക്കാമെന്നും മമ്മൂട്ടി പറഞ്ഞു. ബിനാലേയില്‍ ഏതാണ് ആകര്‍ഷിച്ചതെന്ന് പറയാനാവില്ലെന്നും ഓരോന്നും ഓരോ അനുഭവമാണെന്നും മമ്മൂട്ടി പറഞ്ഞു.

ഭാവന അതിന്റെ ആകാശങ്ങള്‍ കീഴടക്കുന്നത് നമുക്ക് കാണാം. കാണുന്നവരുടെ കണ്ണിലാണ് കലയുടെ അര്‍ഥം. നമുക്ക് ഉള്ളിലുണരുന്നതാണ് അതിന്റെ വിവിധ മാനങ്ങള്‍. കലയ്ക്ക് പ്രത്യേക നിര്‍വചനങ്ങളോ മാനദണ്ഡങ്ങളോ ഇല്ല. എന്തുകൊണ്ടും കലാരൂപങ്ങളുണ്ടാക്കാം. വരയും ശില്പവുമെല്ലാം കലയാണെന്നും അദ്ദേഹം പറഞ്ഞു.