കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെയുടെ രണ്ടാം പതിപ്പിന് തുടക്കമായി. ഫോര്‍ട്ട് കൊച്ചിയിലെ പരേഡ് ഗ്രൗണ്ടില്‍ വൈകീട്ട് 7.30 ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തിനു മുന്‍പ് വൈകിട്ട് 5.30ന് പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തില്‍ മുന്നൂറു മേളവിദഗ്ധര്‍ അണിനിരക്കുന്ന പാണ്ടിമേളം അരങ്ങേറും.
രാവിലെ പത്തിന് ആസ്പിന്‍വാള്‍ ഹൗസില്‍ ബിനാലെ ഫൗണ്ടേഷന്‍ ഭാരവാഹികളായ ബോസ് കൃഷ്ണമാചാരി, റിയാസ് കോമു എന്നിവരില്‍ നിന്ന് ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങി മേയര്‍ ടോണി ചമ്മണി ടിക്കറ്റ് വില്‍പന ഉദ്ഘാടനം ചെയ്യും. മുതിര്‍ന്നവര്‍ക്കു 100 രൂപയും കുട്ടികള്‍ക്ക് 50 രൂപയുമാണ് നിരക്ക്.
മുപ്പതു രാജ്യങ്ങളില്‍ നിന്നായി 94 കലാകാരന്മാരുടെ നൂറു കലാസൃഷ്ടികളുമായി ഫോര്‍ട്ട്‌കൊച്ചി ആസ്പിന്‍വാള്‍ ഹൗസ്, കബ്രാള്‍ യാര്‍ഡ്, പെപ്പര്‍ ഹൗസ്, വാസ്‌കോ ഡ ഗാമ സ്‌ക്വയര്‍, ഡേവിഡ് ഹാള്‍, കാശി ആര്‍ട്ട് ഗാലറി, സി.എസ്.ഐ ബംഗ്ലാവ്, ദര്‍ബാര്‍ ഹാള്‍ എന്നിവിടങ്ങളില്‍ മാര്‍ച്ച് 29 വരെയാണ് ബിനാലെ അരങ്ങേറുന്നത്.