കൊച്ചി: നാലാം മുസ്‌രിസ് ബിനാലെയുടെ ഉദ്ഘാടനം ഇന്ന്. ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടില്‍ വൈകീട്ട് 5.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും.
ഡിസംബര്‍ പന്ത്രണ്ട് മുതല്‍ മാര്‍ച്ച് 29വരെ 108 ദിവസങ്ങളിലായാണ് പ്രദര്‍ശനം. ഫോര്‍ട്ട്‌കൊച്ചി, മട്ടാഞ്ചേരി, എറണാകുളം എന്നിവിടങ്ങളിലെ 10 വേദികളിലായി പ്രദര്‍ശനം ഒരുക്കിയിട്ടുണ്ട്.
ആസ്പിന്‍വാള്‍ ഹൗസ് ആണ് പ്രധാന വേദി. എറണാകുളം ദര്‍ബാര്‍ ഹാള്‍, പെപ്പര്‍ഹൗസ്, കബ്രാള്‍ യാര്‍ഡ്, ഡേവിഡ് ഹാള്‍, കാശി ടൗണ്‍ ഹൗസ്, കാശി ആര്‍ട്ട് കഫെ, ആനന്ദ് വെയര്‍ഹൗസ്, എം.എ.പി പ്രോജക്ട്‌സ് സ്‌പേസ്, ടി.കെ.എം വെയര്‍ഹൗസ് എന്നിവയാണ് മറ്റു വേദികള്‍.
Also Read: മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് കോണ്‍ഗ്രസ്
30 രാജ്യങ്ങളില്‍നിന്ന് 94 കലാകാരന്മാരുടെ വര്‍ക്കുകള്‍ ബിനാലെയില്‍ പ്രദര്‍ശിപ്പിക്കും. ഉച്ചക്ക് 12ന് പ്രധാനവേദിയായ ആസ്പിന്‍വാള്‍ ഹൗസില്‍ ക്യുറേറ്ററായ ആര്‍ട്ടിസ്റ്റ് അനിത ദുബൈ പതാക ഉയര്‍ത്തും.
ഉദ്ഘാടന ചടങ്ങില്‍ സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ലുലു ഗ്രൂപ്പ് ഉടമ എം.എ. യൂസുഫലി, ആര്‍ട്ടിസ്റ്റ് നീലിമ ഷേഖ് തുടങ്ങിയവര്‍ സംബന്ധിക്കും. കലാപ്രദര്‍ശനം, ചര്‍ച്ചകള്‍, സംഗീതം, നൃത്തം, സിനിമ തുടങ്ങി എല്ലാ മേഖലകളിലെയും അവതരണം ഉണ്ടാകും.
ജനുവരി പതിനെട്ടിന് പ്രളയാനന്തര കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തിന് സഹായിക്കാനായി പല രാജ്യങ്ങളില്‍ നിന്നും എത്തുന്ന കലാകാരന്മാരുടെ വര്‍ക്കുകളുടെ ലേല വില്പന നടക്കും. “ആര്‍ട്ട് റൈസസ് ഫോര്‍ കേരള” എന്നാണ് ഈ പരിപാടിക്ക് പേര് നല്‍കിയിരിക്കുന്നത്.