| Tuesday, 18th February 2020, 3:46 pm

കരുണ സംഗീതനിശ വിവാദം: സ്വതന്ത്രമായ അന്വേഷണം ആവശ്യപ്പെട്ട് കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കരുണ സംഗീതനിശ വിവാദത്തില്‍ സ്വതന്ത്രമായ അന്വേഷണം ആവശ്യപ്പെട്ട് കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ സംഘാടകര്‍ രംഗത്ത്. കരുണ സംഗീതനിശക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ബിജിബാല്‍, ഷഹബാസ് അമന്‍, ആഷിഖ് അബു, റിമ കല്ലിങ്കല്‍, സിതാര കൃഷ്ണകുമാര്‍, കമല്‍ കെ എം, ശ്യാം പുഷ്‌ക്കരന്‍, മധു സി നാരായണന്‍ തുടങ്ങിയവരാണ് അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയത്.

കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ നടത്തിയ പരിപാടിയിലെ തുക പറഞ്ഞിരുന്നത് പോലെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയില്ല എന്ന ആരോപണം ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് സംഘാടകര്‍ മുന്നോട്ട് വന്നിരിക്കുന്നത്.

‘കൊച്ചിയില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ ഒരു മ്യൂസിക് ഫെസ്റ്റിവല്‍ എന്ന ആശയത്തോടെ പ്രവര്‍ത്തിക്കുന്ന കലാകാരന്മാരായ ഞങ്ങളുടെ അഭിമാനത്തെയും സല്‍പ്പേരിനെയും ആക്രമിക്കുന്ന അധമരാഷ്ട്രീയ ശൈലി ജനപ്രതിനിധികള്‍ കൂടി ഏറ്റെടുത്ത സ്ഥിതിക്ക്, കരുണ എന്ന കോണ്‍സെര്‍ട്ടില്‍ നടന്ന പണമിടപാടുകളെപ്പറ്റി ഔദ്യോഗികമായ അന്വേഷണം എത്രയും വേഗം പ്രഖ്യാപിക്കണമെന്നും നിജസ്ഥിതി ജനങ്ങളേയും മാധ്യമങ്ങളേയും അറിയിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.’ സംഘാടകര്‍ മുഖ്യമന്ത്രിക്കയച്ച കത്തില്‍ പറയുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഫൗണ്ടേഷന്റെ സംഘാടകര്‍ നിലപാടടെടുത്തതിന് പിന്നാലെ അംഗങ്ങളെ വ്യക്തിപരമായി ആക്രമിക്കുന്ന തരത്തിലുള്ള നടപടികളുണ്ടായെന്നും ഇതാണ് ഒടുവില്‍ ദുരിതാശ്വാസനിധി അഴിമതി നടത്തിയതെന്നടക്കമുള്ള യുക്തിരഹിതമായ ആരോപണങ്ങളിലേക്ക് വഴി വെച്ചതെന്നും കത്തില്‍ പറയുന്നുണ്ട്.

2019 നവംബര്‍ 1 ന് കേരളപ്പിറവി ദിനത്തിലായിരുന്നു ‘വിട്ടു വിട്ടിരിക്കല്ലേ തൊട്ടുതൊട്ടിരി’എന്ന വാചകത്തോടെ കൊച്ചി രാജീവ്ഗാന്ധി സ്റ്റേഡിയത്തില്‍ വെച്ച് സംഗീത പരിപാടി നടന്നത്. കരുണ എന്ന പേരില്‍ നടന്ന സംഗീതപരിപാടിയില്‍ നിന്നും ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചിട്ടില്ല എന്ന വിവരാവകാശ രേഖ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെ വിശദീകരണവുമായി കരുണ സംഘാടകരായ സംഗീത സവിധായകന്‍ ബിജിപാലും ഗായകന്‍ ഷഹബാസ് അമനും രംഗത്തെത്തിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പരിപാടി വേണ്ട വിധത്തില്‍ സാമ്പത്തിക ലാഭം ഉണ്ടാക്കിയിട്ടില്ല എന്നാണ് സംഘാടകര്‍ പറയുന്നത്. ജി.എസ്.ടി വിഹിതം കഴിച്ചാല്‍ ടിക്കറ്റ് ഇനത്തില്‍ ആകെ ആറു ലക്ഷത്തോളം രുപ ലഭിച്ചു, എന്നാല്‍ പരിപാടിയുടെ മറ്റ് ചെലവുകള്‍ക്കായി 23 ലക്ഷം രൂപ വേണ്ടി വന്നെന്നും ഇവര്‍ പറഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more