മാലിന്യ സംസ്‌ക്കരണ രംഗത്ത് കേരളത്തിന് മുന്നില്‍ ഒരു മാതൃകയാണ് കൊയിലാണ്ടി. ഗൃഹമാലിന്യ പരിപാലനത്തിലും നഗര മാലിന്യ സംസ്‌കരണത്തിലും ജലസുരക്ഷയിലും പരിസ്ഥിതി സംരക്ഷണത്തിലും സ്വീകരിക്കുന്ന നടപടികളാണ് ഈ നഗരസഭയെ വ്യത്യസ്തമാക്കുന്നത്. നഗരസഭയുടെയും നാട്ടുകാരുടെയും ഒന്നിച്ചുള്ള പ്രവര്‍ത്തനങ്ങളുടെ ഫലമായി 2016 മുതല്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പുരസ്‌ക്കാരം കൊയിലാണ്ടിക്കാണ് ലഭിക്കുന്നത്.
ജൈവ മാലിന്യങ്ങള്‍ കൊയിലാണ്ടി നഗരത്തിനുള്ളില്‍ തന്നെ മണമില്ലാതെ വളമാക്കി മാറ്റുകയും പ്ലാസ്റ്റിക്കുകള്‍ വിവിധ വിഭാഗങ്ങളായി തിരിച്ച് മറ്റിടങ്ങളിലേക്ക് കയറ്റി അയക്കുന്നതുമാണ് രീതി. നഗരസഭാ ശുചീകരണത്തൊഴിലാളികള്‍ക്കൊപ്പം കൂടുതലും സ്ത്രീകളടങ്ങുന്ന ഹരിത കര്‍മസേനാ വളണ്ടിയര്‍മാരാണ് ഈ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നത്.
മാലിന്യം സ്വീകരിക്കുന്നതിനായി കൊയിലാണ്ടി നഗരത്തിലും ബസ് സ്റ്റാന്‍ഡിലും ഹൈവേകളിലും ഉള്‍പ്പെടെ നൂറു കണക്കിന് ബിന്നുകളാണ് സ്ഥാപിച്ചിരിക്കുന്നത്.
ഈ പദ്ധതിയില്‍ നഗരസഭയ്ക്ക് കീഴിലെ 44 വാര്‍ഡുകളും ഭാഗമാണ്. വീടുകളില്‍ നിന്നുള്ള മാലിന്യം റിങ് കം പോസ്റ്റ്, പൈപ്പ് കംപോസ്റ്റ്, ബയോ ബിന്നുകള്‍ എന്നിവ ഉപയോഗിച്ച് അവിടെ തന്നെ സംസ്‌ക്കരിക്കുകയാണ് ചെയ്യുന്നത്.
മാലിന്യ സംസ്‌ക്കരണത്തിന് പുറമെ 1000 വീടുകളില്‍ കക്കൂസുകള്‍ നിര്‍മിച്ചു നല്‍കിയതും ജലസംരക്ഷണ പദ്ധതികള്‍ നടപ്പിലാക്കിയതും കല്ല്യാണമുള്‍പ്പെടെയുള്ള ആഘോഷ പരിപാടികളില്‍ പ്ലാസ്റ്റിക്, ഡിസ്പോസിബിള്‍ പ്ലേറ്റുകളും ഗ്ലാസുകളും ഒഴിവാക്കാന്‍ 20 ലക്ഷം രൂപാ ചെലവില്‍ സ്റ്റീല്‍ പ്ലേറ്റുകളും ഗ്ലാസുകളും വാങ്ങിയതും ഈ നഗരസഭയെ വ്യത്യസ്തമാക്കുന്നു.