ഭിന്നശേഷിക്കാര്‍ക്കുള്ള സൗജന്യ യാത്ര പിന്‍വലിച്ച് കൊച്ചി മെട്രോ
Kerala News
ഭിന്നശേഷിക്കാര്‍ക്കുള്ള സൗജന്യ യാത്ര പിന്‍വലിച്ച് കൊച്ചി മെട്രോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 10th January 2023, 11:00 pm

കൊച്ചി: ഭിന്നശേഷിക്കാര്‍ക്കുണ്ടായിരുന്ന സൗജന്യ യാത്ര പിന്‍വലിച്ച് കൊച്ചി മെട്രോ. ഒപ്പമുള്ളയാള്‍ക്ക് പകുതി നിരക്കെന്ന ഇളവും പിന്‍വലിച്ചു.

കൊവിഡ് കാലത്ത് മാത്രം നടപ്പാക്കിയ ഇളവാണിതെന്നും കൊവിഡ് ഇളവുകള്‍ പിന്‍വലിക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനമെന്നും കെ.എം.ആര്‍.എല്‍ അറിയിച്ചു. കൊച്ചി മെട്രോയുടെ സാമ്പത്തിക ബാധ്യത ഒക്കെ കണക്കിലെടുത്തുകൊണ്ടാണ് ഇത്തരമൊരു തീരുമാനമെടുക്കുന്നതെന്നും കെ.എം.ആര്‍.എല്‍ കൂട്ടിച്ചേര്‍ത്തു.

‘കൊച്ചി മെട്രോയിലെ ഇവരുടെ സീറ്റ് സംവരണം അടക്കമുള്ള മറ്റ് സൗജന്യങ്ങള്‍ തുടരും. രാജ്യത്തെ മറ്റ് മെട്രോകളില്‍ ഭിന്നശേഷിക്കാര്‍ക്കും അവരുടെ ഒപ്പമുള്ള ആളുകള്‍ക്കും യാതൊരു ഇളവും നിലവിലില്ല. കൊച്ചിയില്‍ മാത്രമാണ് ഇളവുകള്‍ ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ ഇത് തുടരാന്‍ കഴിയില്ല,’ കെ.എം.ആര്‍.എല്‍ പറഞ്ഞു.

ആലുവയില്‍ മെട്രോ തൂണില്‍ രൂപപ്പെട്ട വിള്ളലില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും മെട്രോ അധികൃതര്‍ അറിയിച്ചു.

തൂണിനെ ബലക്ഷയം ബാധിച്ചതല്ലെന്നും കോണ്‍ക്രീറ്റ് നിര്‍മിതിയിലെ നിരപ്പില്ലായ്മയാണ് കാരണമെന്നുമാണ് കെ.എം.ആര്‍.എലിന്റെ വിശദീകരണം.

ആലുവ ബൈപ്പാസിനോട് ചേര്‍ന്നുള്ള 44-ാം നമ്പര്‍ തൂണിലാണ് വിള്ളല്‍ കണ്ടെത്തിയത്. ഇതു സംബന്ധിച്ച് നാട്ടുകാര്‍ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കെ.എം.ആര്‍.എല്‍ വിശദമായ പരിശോധന നടത്തിയത്.