കഴിഞ്ഞ മാസം തിയേറ്ററില്‍ എത്തിയ മോഹന്‍ലാല്‍ ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന സിനിമ എന്ന നിലയില്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. എന്നാല്‍ പ്രതീക്ഷക്കൊത്ത് ഉയരാന്‍ ചിത്രത്തിന് സാധിച്ചില്ല. നിരവധി വിമര്‍ശനങ്ങള്‍ ആദ്യദിനം മുതല്‍ തന്നെ സിനിമ നേരിട്ടു. ട്രോള്‍പേജുകളും റിവ്യൂ പേജുകളും സിനിമയെ നിശിതമായി വിമര്‍ശിച്ചിരുന്നു. സംവിധായകന്‍ ഉദ്ദേശിച്ചത് പ്രേക്ഷകര്‍ക്ക് മനസിലാക്കാന്‍ സാധിച്ചില്ലെന്നും, ഈ സിനിമ എല്ലാവരുടെയും കപ്പിലെ ചായ അല്ലെന്നുമാണ് കടുത്ത ആരാധകര്‍ വിമര്‍ശകര്‍ക്കെതിരെ ആരോപിച്ചത്.
എന്നാല്‍ ഇപ്പോള്‍ അത്തരത്തിലുള്ള ആരോപണത്തെ ട്രോളിക്കൊണ്ട് പോസ്റ്റര്‍ ഇറക്കിയിരിക്കുകയാണ് കൊച്ചി മെട്രോ. ‘കൊച്ചി മോട്രോ റെയില്‍ ലിമിറ്റഡ്, എവരിവണ്‍സ് കപ്പ് ഓഫ് ടീ…. ഇത് താന്‍ നിജം’ എന്ന് പറഞ്ഞുകൊണ്ടുള്ള പോസ്റ്റാണ് കൊച്ചി മെട്രോ പങ്കുവെച്ചത്. മലൈക്കോട്ടൈ വാലിബന്റെ ടൈറ്റില്‍ ഡിസൈനിലാണ് ട്രോള്‍ തയാറാക്കിയത്.
ട്രോളിന്റെ കമന്റ് ബോക്‌സില്‍ രസകരമായ കമന്റുകളുമുണ്ട്. മെട്രോയില്‍ കയറിയാല്‍ ലാഗ് ഉണ്ടാകുമോ?, ചായ ഫ്രീയാണോ എന്നിങ്ങനെയുള്ള കമന്റുകള്‍ വരുന്നുണ്ട്. ശ്രദ്ധേയമായ സിനിമകളുടെ ടൈറ്റിലില്‍ ഇത്തരം പരസ്യങ്ങള്‍ ഇതാദ്യമായല്ല വരുന്നത്. നേര് സിനിമ ഹിറ്റായപ്പോള്‍ മില്‍മ പുറത്തിറക്കിയ പരസ്യം ഇതുപോലെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമായിരുന്നു. നേര് എന്ന ടൈറ്റിലിന്റെ ഡിസൈനില്‍ മോര് എന്ന് എഴുതുകയും ‘സീക്കിങ് ജസ്റ്റിസ്’ എന്ന ടാഗ്‌ലൈനിനെ ‘സീക്കിങ് ജസ്റ്റ് ഐസ്’ എന്ന് മാറ്റിയായിരുന്നു മില്‍മ പരസ്യം തയാറാക്കിയത്.
Content Highlight: Kochi Metro trolls Malaikkottai Valiban movie