കൊച്ചി: “ദി ഗാര്‍ഡിയന്‍” പോലുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ കൊച്ചി മെട്രോയെ അഭിനന്ദിക്കുന്നത് വെറുതേയല്ല. കൊച്ചി മെട്രോയുടെ ഓരോ തീരുമാനങ്ങളും ചരിത്രമാണെന്നത് കൊണ്ട് തന്നെയാണ്. ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് ജോലി നല്‍കിയ കൊച്ചി മെട്രോ തങ്ങളുടെ തീവണ്ടികളോടിക്കാനായി ഏര്‍പ്പെടുത്തിയിരിക്കുന്നത് വനിതാ പൈലറ്റുകളേയാണ്.
കെ.എസ്.ആര്‍.ടി.സിയില്‍ കണ്ടക്ടര്‍മാരായി വനിതകളുണ്ടെങ്കിലും വനിതാ ഡ്രൈവര്‍മാരെ അപൂര്‍വ്വമായി പോലും കാണാനാകില്ല. സംസ്ഥാനത്തിന്റെ അഭിമാന പദ്ധതിയായ കൊച്ചി മെട്രോ ട്രെയിനുകള്‍ക്ക് ചുക്കാന്‍ പിടിക്കുക ഏഴ് വനിതകളാണെന്നും അവര്‍ക്ക് ആശംസകള്‍ അര്‍പ്പിക്കുന്നതായും കൊച്ചി മെട്രോ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. കൊച്ചി മെട്രോ ട്രെയിനുകള്‍ ഓടിക്കുന്ന സാരഥികളായ ഗോപികയുടെയും വന്ദനയുടെയും ചിത്രങ്ങളോടെയാണ് പോസ്റ്റ്.
മെട്രോ സ്‌റ്റേഷനുകളുടേയും പരിസരങ്ങളുടേയും നിയന്ത്രണം പൂര്‍ണ്ണമായും കുടുംബശ്രീയുടെ കൈവശമാണ്. ടിക്കറ്റ് വിതരണം, ശുചീകരണം, പാര്‍ക്കിംഗ് എന്നിവ കുടുംബശ്രീയുടെ കൈകളില്‍ ഭദ്രമാണ്.
ഉദ്ഘാടനത്തെ സംബന്ധിച്ച് ചില്ലറ വിവാദങ്ങള്‍ ഉണ്ടായതൊന്നും മെട്രോയുടെ കുതിപ്പിനെ ബാധിച്ചിട്ടില്ല. കൊച്ചി മെട്രോ സര്‍വ്വീസ് ആരംഭിക്കാന്‍ സജ്ജമായിക്കഴിഞ്ഞുവെന്നാണ് കെ.എം.ആര്‍.എല്‍ അറിയിക്കുന്നത്.
മെട്രോയ്ക്ക് കേന്ദ്ര മെട്രോ റെയില്‍ സുരക്ഷാ കമ്മീഷണറുടെ പച്ചക്കൊടി ലഭിച്ചത് ഈ ആഴ്ചയായിരുന്നു. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള പതിനൊന്ന് സ്റ്റേഷനുകളിലും പാളത്തിലും സുരക്ഷാ കമ്മീഷന്‍ നേരത്തേ പരിശോധന നടത്തിയിരുന്നു. പരിശോധനയില്‍ നേരത്തേ തന്നെ കമ്മീഷന്‍ തൃപ്തി രേഖപ്പെടുത്തിയിരുന്നു. പാളം, സിഗ്‌നല്‍ സംവിധാനം, യാത്രക്കാരുടെ സുരക്ഷ, ഫയര്‍ ആന്റ് സേഫ്റ്റി തുടങ്ങിയകാര്യങ്ങളിലെല്ലാം കമ്മീഷന്‍ തൃപ്തി രേഖപ്പെടുത്തി.
ചെന്നൈ, ബംഗളൂരു മെട്രോ സ്റ്റേഷനുകളേക്കാള്‍ മികച്ച നിലവാരമുള്ളതാണ് കൊച്ചിയിലെ സ്റ്റേഷനെന്നും സുരക്ഷാ കമ്മീഷന്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ സുരക്ഷാ ക്യാമറകള്‍ എല്ലാ സ്റ്റേഷനുകളിലും സ്ഥാപിക്കണമെന്നും പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും കമ്മീഷണര്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.