കൊച്ചി മെട്രോ: ഡി.എം.ആര്‍.സി ഏറ്റെടുക്കുന്നതിനെ കുറിച്ച് തീരുമാനമായില്ലെന്ന് ഷീലാ ദീക്ഷിത്
India
കൊച്ചി മെട്രോ: ഡി.എം.ആര്‍.സി ഏറ്റെടുക്കുന്നതിനെ കുറിച്ച് തീരുമാനമായില്ലെന്ന് ഷീലാ ദീക്ഷിത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 12th November 2012, 12:27 pm

ന്യൂദല്‍ഹി: കൊച്ചി മെട്രോ റെയില്‍ പദ്ധതി ഡി.എം.ആര്‍.സി ഏറ്റെടുക്കുന്നതിനെക്കുറിച്ച് തീരുമാനം എടുത്തിട്ടില്ലെന്ന് ദല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത്.

ദല്‍ഹി മെട്രോ പദ്ധതികള്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അതിനെ ബാധിക്കാതെ കൊച്ചി മെട്രോ ഏറ്റെടുക്കാനാകുമോ എന്ന് പരിശോധിക്കണം. ഏറ്റെടുത്ത പദ്ധതികള്‍ ഒരുമിച്ചു കൊണ്ടുപോകന്‍ ഡി.എം.ആര്‍.സിക്ക് കഴിയുമോ എന്നും പരിശോധിക്കണമെന്നും അവര്‍ പറഞ്ഞു.[]

നിലവില്‍ ഡി.എം.ആര്‍.സിക്ക് ദല്‍ഹി മെട്രോയുടെ മൂന്ന്, നാല് ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഇത് ഏകദേശം നാനൂറ് കിലോമീറ്ററോളം ദൂരം വരും. ഇതിനാകും പ്രാഥമിക പരിഗണന നല്‍കുകയെന്ന് ഷീല ദീക്ഷിത് മുന്‍പും വ്യക്തമാക്കിയിരുന്നു.

കൊച്ചി മെട്രോയ്ക്ക് ഡി.എം.ആര്‍.സിയുടെ സഹായം ഏത് വിധത്തില്‍ ലഭ്യമാക്കാന്‍ കഴിയുമെന്നാണ് ഇപ്പോള്‍ പരിശോധിക്കുന്നത്. അത് പരിശോധിച്ചതിന് ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കുകയുള്ളൂവെന്നും ഷീലാ ദീക്ഷിത് പറഞ്ഞു.

അതിനിടെ കൊച്ചി മെട്രോ നിര്‍മാണം സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി പ്രതിരോധ മന്ത്രി എ.കെ. ആന്റണിയുടെ നേതൃത്വത്തില്‍ ഈ ആഴ്ച ദല്‍ഹിയില്‍ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്.

എ.കെ. ആന്റണി, നഗരവികസന മന്ത്രി കമല്‍നാഥ്, കേന്ദ്ര മന്ത്രിമാരായ വയലാര്‍ രവി, കെ.വി. തോമസ്, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ഷീല ദീക്ഷിത്, മന്ത്രി ആര്യാടന്‍ മുഹമ്മദ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.