കൊച്ചി: കൊച്ചി മെട്രോക്കായി ഭൂമി ഏറ്റെടുത്തതില്‍ ക്രമക്കേടുണ്ടെന്ന പരാതിയില്‍ വിജിലന്‍സ് അന്വേഷണത്തിന് അനുമതി. മെട്രോക്കായി ഭൂമി ഏറ്റെടുത്തതില്‍ ക്രമക്കേടുണ്ടെന്ന നാളുകളായുള്ള പരാതിയിലാണ് മുന്‍ എറണാകുളം ജില്ലാ കളക്ടര്‍ എം.ജി രാജമാണിക്യത്തിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയത്.
കൊച്ചി മെട്രോക്കായി ശീമാട്ടിയുടെ ഭൂമി ഏറ്റെടുത്തതില്‍ സര്‍ക്കാര്‍ നടപടികള്‍ക്ക് വിരുദ്ധമായി വഴിവിട്ടു പ്രവര്‍ത്തിച്ചുവെന്ന് നേരത്തെ ഉയര്‍ന്ന പരാതി നിരവധി വിവാദങ്ങള്‍ക്ക് വഴി വെച്ചിരുന്നു. കൂടിയ തുകക്ക് ഭൂമി ഏറ്റെടുത്തുവെന്നുമാണ് പരാതിയില്‍ പറയുന്നത്.
കൊച്ചി മെട്രോക്കായി 40 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുത്തത്. 52 ലക്ഷം എന്ന തുകക്കാണ് ഒട്ടുമിക്ക സ്ഥലങ്ങളിലും ഭൂമി ഏറ്റെടുത്തിരുന്നത്. ശീമാട്ടിക്ക് 80 ലക്ഷം രൂപ നല്‍കിയെന്ന് പരാതിയില്‍ പറയുന്നു. ശീമാട്ടിയുമായി മാത്രം പ്രത്യേക കരാര്‍ ഉണ്ടാക്കിയെന്നും പരാതിയില്‍ ആരോപിക്കുന്നു. സാധാരണഗതിയില്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്ന ഭൂമി സര്‍ക്കാരിന്റെ ഏത് ആവശ്യത്തിനും ഉപയോഗിക്കാമെന്നിരിക്കെ ശീമാട്ടിയുമായി ഉണ്ടാക്കിയ കരാറില്‍ ഈ ഭൂമി മെട്രോ ആവശ്യത്തിനു വേണ്ടി മാത്രമേ ഉപയോഗിക്കാവൂ എന്ന് പറയുന്നു.
അധിക തുക നല്‍കിയത് അഴിമതിയുടെ പരിധിയില്‍ വരുമെന്നും അതിനാല്‍ അഴിമതി വിരുദ്ധ നിയമത്തിന്റെ കീഴില്‍ ഈ കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്നുമായിരുന്നു കോടതിയില്‍ സമര്‍പ്പിച്ച പരാതിയിലെ ആവശ്യം. കളമശ്ശേരി സ്വദേശിയായ ഗിരീഷ് ബാബു നല്‍കിയ ഹരജിയില്‍ കോടതി അന്വേഷണത്തിന് ഉത്തരവിടുകയും ഇതിന് സര്‍ക്കാര്‍ അനുമതി നല്‍കുകയുമായിരുന്നു.
ശീമാട്ടിക്കായി അധിക തുക നല്‍കിയതില്‍ നടപടിയുണ്ടായില്ലെങ്കില്‍ സ്ഥലം വിട്ടുനല്‍കിയവരെല്ലാം സമാനമായ തുക ആവശ്യപ്പെട്ട് മുന്നോട്ടുവരുമെന്നും പരാതിയില്‍ പറയുന്നു. അങ്ങനെ സംഭവിച്ചാല്‍ 2000 കോടി രൂപയോളം തുക സര്‍ക്കാറിന് അധിക ബാധ്യതയുണ്ടാകുമെന്നും പരാതിയില്‍ പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Kochi Metro Seemati land acquisition case, govt give permission to vigilance probe against EKM former collector M G Rajamanickam