കൊച്ചി മെട്രോ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി
Kerala
കൊച്ചി മെട്രോ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 7th June 2013, 1:11 pm

[]കൊച്ചി: കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയം പരിസരത്തു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു.

കലൂര്‍ ജവര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിന് സമീപമൊരുക്കിയ പ്രത്യേക വേദിയിലായിരുന്നു ഉദ്ഘാടന ചടങ്ങ്. കെ.വി തോമസ്, പി.കെ കുഞ്ഞാലികുട്ടി, കെ.എം മാണി, അനുപ് ജേക്കബ്, ആര്യാടന്‍ മുഹമ്മദ് അടക്കമുള്ള മന്ത്രിമാരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. []

ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കിനു സമീപം പൈലിങ് പണിയോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചു. ഈ ദൃശ്യങ്ങള്‍ ഉദ്ഘാടന വേദിയില്‍ തല്‍സമയം സംപ്രേഷണം ചെയ്തു. കേന്ദ്ര ഭക്ഷ്യമന്ത്രി കെ.വി. തോമസ് ചടങ്ങിന് അധ്യക്ഷത വഹിച്ചു.

പ്രത്യേക ക്ഷണമില്ലാതെ തന്നെ ജനങ്ങള്‍ക്ക് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ സൗകര്യമൊരുക്കിയിരുന്നു. നാലായിരം പേരെ ഉള്‍ക്കൊള്ളുന്ന രീതിയിലാണു സമ്മേളനപ്പന്തല്‍ സജ്ജമാക്കിയത്.

ലോകത്ത് ഇന്ന് ലഭ്യമായ ഏറ്റവും മികച്ച സാങ്കേതികവിദ്യ ഉപയോഗിച്ചാണ് കൊച്ചിമെട്രോയുടെ നിര്‍മാണം നടക്കുക. ആലുവ മുതല്‍ പേട്ട വരെ 25.61 കിലോമീറ്ററാണ് മെട്രോ റെയില്‍.

1000 പേര്‍ക്ക് കയറാവുന്ന മൂന്ന് കോച്ചുള്ള ട്രെയിനുകളാണ് മെട്രോ റെയിലില്‍ ഓടുക. പ്രതീക്ഷിക്കുന്ന രീതിയില്‍ മുന്നേറിയാല്‍ 2015 ഓടെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

കൊച്ചി മെട്രോ പദ്ധതിയുടെ മുഖ്യ ഉപദേഷ്ടാവ് ഡോ.ഇ. ശ്രീധരന്‍ നിര്‍മാണം തുടങ്ങുന്ന സ്ഥലത്ത് മറ്റ് ഉദ്യോഗസ്ഥരുമായി സന്ദര്‍ശനം നടത്തി. പൈലിങ്ങിനു മുന്നോടിയായുള്ള പൂജയിലും അദ്ദേഹം പങ്കെടുത്തു.

ഇന്നു മുതല്‍ പൂര്‍ത്തീകരണംവരെ എല്ലാ ദിവസവും 24 മണിക്കൂറും ജോലി എന്നതാണു ഡി.എം.ആര്‍.സി.യുടെയും കെ.എം.ആര്‍.എല്ലിന്റെയും തീരുമാനം.

പദ്ധതി കൊച്ചിയ്ക്ക് മാത്രമല്ല കേരളത്തിന് തന്നെ അഭിമാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയുടെ ഐ.ടി ഹബ്ബായ കാക്കനാട്ടേയ്ക്കും മറ്റു ഭാഗങ്ങളിലേക്കും മെട്രോ നീട്ടണമെന്നും അവശ്യം ഉയര്‍ന്നിട്ടുണ്ട്.

ഈ ആവശ്യങ്ങള്‍ പഠിക്കാന്‍ മെട്രോ നിര്‍മാണവുമായി ബന്ധപ്പെട്ട കമ്പനിയെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി പറഞ്ഞു.

കലൂര്‍ ജവര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിന് സമീപമൊരുക്കിയ പ്രത്യേക വേദിയിലായിരുന്നു ഉത്ഘാടന ചടങ്ങ്. കെ.വി തോമസ്, പി.കെ കുഞ്ഞാലികുട്ടി, കെ.എം മാണി, അനുപ് ജേക്കബ്, ആര്യാടന്‍ മുഹമ്മദ് അടക്കമുള്ള മന്ത്രിമാരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

പേട്ടയില്‍ നിന്ന് തൃപ്പൂണിത്തുറയിലേക്ക് മെട്രോ നീട്ടണം എന്ന ആവശ്യം ഉള്‍പ്പടെ, മാധ്യമങ്ങളും ജനപ്രതിനിധികളും മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് ഉദ്ഘാടനവേളയില്‍ മുഖ്യമന്ത്രി പറഞ്ഞു.

ആലുവയില്‍ നിന്ന് പേട്ടയിലെത്താന്‍ മെട്രോ ട്രെയിനുകള്‍ക്ക് കേവലം 46 മിനുട്ട് സമയം മാത്രം മതിയാവും. 20 സ്‌റ്റേഷനുകളാണ് ആലുവയ്ക്കും പേട്ടയ്ക്കുമിടയിലുണ്ടാവുക. ഇതില്‍ വൈറ്റില മൊബിലിറ്റി ഹബ്ബിന് സമീപമുള്ള സറ്റേഷനായിരിക്കും പ്രധാനപ്പെട്ടവയില്‍ ഒന്ന്.