കൊച്ചി: കൊച്ചി മെട്രോ പദ്ധതിയുടെ പൂര്‍ണ ചുമതല ദല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന് നല്‍കാന്‍ തീരുമാനം. പദ്ധതിയില്‍ ഡി.എം.ആര്‍.സി മുന്‍ ചെയര്‍മാന്‍ ഇ. ശ്രീധരന്‍ മുഖ്യ ഉപദേശകനാകും.[]
കേന്ദ്ര നഗര വികസന മന്ത്രി കമല്‍നാഥിന്റെ അധ്യക്ഷതയില്‍ കൊച്ചിയില്‍ ചേര്‍ന്ന കൊച്ചി മെട്രോ നിര്‍ണായക യോഗത്തിലാണ് തീരുമാനം. പദ്ധതി മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുമെന്ന് കമല്‍നാഥ് വ്യക്തമാക്കി
കൊച്ചി മെട്രോ പദ്ധതിയില്‍ ദല്‍ഹി മെട്രോ റയില്‍ കോര്‍പറേഷന്റെ പങ്കാളിത്തം സംബന്ധിച്ച തീരുമാനമെടുക്കാനാണ് യോഗം ചേര്‍ന്നത്. കൊച്ചി മെട്രൊ പദ്ധതി നിര്‍വഹണത്തിന്റെ മുഖ്യ ചുമതലകള്‍ ഡി.എം.ആര്‍.സിക്ക് നല്‍കാന്‍ കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ധാരണയായിരുന്നു.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കേന്ദ്രമന്ത്രിമാരായ വയലാര്‍ രവി, കെ.വി. തോമസ്, സംസ്ഥാനത്ത് റെയില്‍വെയുടെ ചുമതല വഹിക്കുന്ന ആര്യാടന്‍ മുഹമ്മദ്, കേന്ദ്ര നഗര വികസന സെക്രട്ടറി സുധീര്‍ കൃഷ്ണ, ഡിഎംആര്‍സി എംഡി മംഗു സിങ്, ഇ. ശ്രീധരന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് ഇ.ശ്രീധരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. പദ്ധതി പൂര്‍ത്തിയാക്കാനുള്ള എല്ലാ അധികാരവും തനിക്ക് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട് ചെയ്ത എല്ലാ സഹായങ്ങള്‍ക്കും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കമല്‍നാഥിനോട് നന്ദി പറഞ്ഞു. പദ്ധതി സമയബന്ധിതമായി നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ടെന്‍ഡര്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഡി.എം.ആര്‍.സിയുടെ പങ്കാളിത്തമാണ് ചര്‍ച്ചക്ക് വന്നത്. ഇ. ശ്രീധരനെ കൊച്ചി മെട്രൊയുടെ മുഖ്യ ഉപദേശകനാക്കാന്‍ നേരത്തേ തീരുമാനിച്ചിരുന്നു എന്നാല്‍ അദ്ദേഹം എന്തെല്ലാം ചുമതലകള്‍ വഹിക്കുമെന്ന് വ്യക്തത കുറവായിരുന്നു.
കൂടാതെ മെട്രൊ നടത്തിപ്പില്‍ എന്തെങ്കിലും പാകപിഴകള്‍ ഉണ്ടായാല്‍ ആര് ഉത്തരവാദിത്വം ഏറ്റെടുക്കുമെന്ന കാര്യത്തില്‍ ഡിഎംആര്‍സിയും കെഎംആര്‍എലും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുകയാണ്. ഈ തര്‍ക്കം പരിഹരിക്കാനുള്ള നിര്‍ദ്ദേശങ്ങളും യോഗത്തിലുണ്ടായതാണ് സൂചന.
ഡി.എം.ആര്‍.സി. മുഖ്യചുമതലകള്‍ വഹിക്കുമ്പോള്‍ കെ.എം.ആര്‍.എല്‍. എന്ന സ്ഥാപനം കാഴ്ചക്കാരാവുമെന്ന ആശങ്ക സംസ്ഥാനതലത്തില്‍ ശക്തമായിരുന്നു. എന്നാല്‍, കെ.എം.ആര്‍.എല്ലിനെക്കൂടി പങ്കെടുപ്പിച്ചുള്ള പദ്ധതി നിര്‍വഹണമായിരിക്കും നടപ്പാക്കുകയെന്ന് ദല്‍ഹിയില്‍ നടന്ന യോഗത്തില്‍ ഡി.എം.ആര്‍.സി. ഉറപ്പുനല്‍കി. ഇതിന്റെ ഭാഗമായി, ടെന്‍ഡര്‍ വിളിക്കാനുള്ള സമിതിയില്‍ കെ.എം.ആര്‍.എല്‍. പ്രതിനിധിയെ ഉള്‍പ്പെടുത്തുമെന്ന് ഡി.എം.ആര്‍.സി. അറിയിച്ചു.
ടെന്‍ഡര്‍ വിളിക്കാനുള്ള ചുമതല ആര്‍ക്കാണെന്നതിനെച്ചൊല്ലി ഏറെ തര്‍ക്കമുണ്ടായിരുന്നു. ടെന്‍ഡറടക്കമുള്ള ചുമതലകള്‍ തങ്ങള്‍ക്കുവേണമെന്ന് ഡി.എം.ആര്‍.സി. നേരത്തേ ഉദ്യോഗസ്ഥതല സമിതിക്കു മുമ്പാകെ നിലപാടെടുത്തിരുന്നു. എന്നാല്‍, തങ്ങള്‍ക്ക് ഇക്കാര്യത്തില്‍ നിര്‍ണായക ഉത്തരവാദിത്വമുണ്ടാവണമെന്ന ആവശ്യവുമായി കെ.എം.ആര്‍.എല്ലും ഇതിനെ പിന്തുണച്ച് നഗരവികസന മന്ത്രാലയവും രംഗത്തെത്തിയതോടെ അനിശ്ചിതത്വമായി.
ഡി.എം.ആര്‍.സി. രണ്ടു തവണ ഇക്കാര്യത്തില്‍ നഗരവികസന മന്ത്രാലയത്തിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ടെന്‍ഡറടക്കമുള്ള ചുമതലകള്‍ ഡി.എം.ആര്‍.സി.ക്കാവണമെന്നായിരുന്നു ഇ.ശ്രീധരന്റെയും അഭിപ്രായം. ഒടുവില്‍ ഡി.എം.ആര്‍.സി.യുടെ നിലപാട് അംഗീകരിക്കപ്പെട്ടെന്നാണ് സൂചന.