ന്യൂദല്‍ഹി: കൊച്ചി മെട്രോയില്‍ ഇ. ശ്രീധരന്റെ പദവി തീരുമാനിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്ന് കേന്ദ്ര നഗരവികസന മന്ത്രി കമല്‍ നാഥ് വ്യക്തമാക്കി.
കൊച്ചി മെട്രോ പദ്ധതിയില്‍ ഇ. ശ്രീധരന് ഇതുവരെ ഔദ്യോഗിക പദവികളൊന്നും നല്‍കിയിട്ടില്ലെന്ന് കേന്ദ്ര നഗരവികസന സെക്രട്ടറി സുധീര്‍ കൃഷ്ണ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കമല്‍നാഥ്.[]
കൊച്ചി മെട്രോയില്‍ ശ്രീധരന് പദവി നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. അതില്‍ ഡി.എം.ആര്‍.സിക്കോ കെ.എം.ആര്‍.എല്ലിനോ ഒന്നും ചെയ്യാന്‍ ഇല്ലെന്നും കമല്‍നാഥ് പറഞ്ഞു.
കൊച്ചി മെട്രോയുടെ പൂര്‍ണ ചുമതല ഡി.എം.ആര്‍.സിക്കാണോ എന്ന ചോദ്യത്തിന് ചുമതലയല്ല സഹായമാണ് ഡി.എം.ആര്‍.സി നല്‍കുകയെന്നായിരുന്നു കമല്‍നാഥിന്റെ മറുപടി.
കൊച്ചി മെട്രോയ്ക്കായി എന്ത് സഹായം ആവശ്യപ്പെട്ടാലും അത് ചെയ്ത്‌കൊടുക്കും. എന്നാല്‍ കാലക്രമേണ കെ.എം.ആര്‍.എല്‍ സ്വയം പര്യാപ്തത നേടണമെന്നും കമല്‍നാഥ് വ്യക്തമാക്കി.
അതേസമയം കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട എല്ലാ തടസങ്ങളും നീക്കുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എ.കെ ആന്റണി പറഞ്ഞു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മെട്രോയുമായി ബന്ധപ്പെട്ട് തടസങ്ങള്‍ ഏത് ഭാഗത്തുനിന്നു വന്നാലും അത് പരിഹരിച്ച് മുന്നോട്ടുപോകുമെന്നും ഇക്കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചി മെട്രോ പദ്ധതി വിചാരിക്കുന്ന രീതിയില്‍ തന്നെ മുന്നോട്ട് പോകും. നിലവില്‍ വലിയ തടസ്സങ്ങളൊന്നും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.