Advertisement
Kerala
കൊച്ചി മെട്രോയില്‍ കേന്ദ്രസര്‍ക്കാരിന്റെ നിബന്ധനകള്‍ അംഗീകരിക്കാനാവില്ലെന്ന് കേരളം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2012 Aug 13, 04:54 am
Monday, 13th August 2012, 10:24 am

തിരുവനന്തപുരം: കൊച്ചി മെട്രോ പദ്ധതിയില്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെച്ച എല്ലാ നിബന്ധനകളും അംഗീകരിക്കാനാവില്ലെന്ന് കേരളം.

കൊച്ചി മെട്രോയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിക്കുന്ന മാനേജിങ് ഡയറക്ടറെ മാറ്റാന്‍ കേന്ദ്രത്തിന്റെ അനുമതി വേണം എന്ന നിബന്ധനയോടാണ് കേരളത്തിന്റെ പ്രധാന എതിര്‍പ്പ്. ഇത് ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. []

മാനേജിങ് ഡയറക്ടറെ മറ്റ് ജോലികള്‍ ഏല്‍പ്പിക്കാന്‍ കഴിയില്ലെന്ന രണ്ടാമത്തെ നിബന്ധനയും അംഗീകരിക്കാനാവില്ലെന്നും അധികൃതര്‍ അറിയിച്ചു.

പദ്ധതിയുടെ നിര്‍മാണച്ചെലവ് ഉയര്‍ന്നാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനാകണമെന്ന വ്യവസ്ഥയും അംഗീകരിക്കാനാവില്ല. ഇക്കാര്യത്തിലും സംസ്ഥാനത്തിന് അനുകൂലമായ തീരുമാനമുണ്ടാകണമെന്നാണ് കേരളത്തിന്റെ താത്പര്യം.

പദ്ധതിയുടെ വിശദാംശങ്ങള്‍ കാണിച്ചുകൊണ്ട് രണ്ടാഴ്ച മുമ്പ് കേന്ദ്രം അയച്ച കത്തിലെ പല വ്യവസ്ഥകളും അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിനുള്ളത്. വ്യവസ്ഥകളില്‍ തീരുമാനമായാല്‍ മാത്രമേ ഡയറക്ടര്‍ ബോര്‍ഡ് പുനഃസംഘടിപ്പിക്കാന്‍ കഴിയൂ.

സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചകാരണം കൊച്ചി മെട്രോ വൈകുമെന്ന് കേന്ദ്ര നഗരവികസന സെക്രട്ടറിയും മെട്രോയുടെ ചെയര്‍മാനുമായ ഡോ.സുധീര്‍ കൃഷ്ണ കഴിഞ്ഞദിവസം കുറ്റപ്പെടുത്തിയിരുന്നു.