കൊച്ചി: ഇന്ത്യയില്‍ നിര്‍മ്മിച്ച കൊച്ചി മെട്രോയുടെ ആദ്യ കോച്ചുകള്‍ ആന്ധ്രപ്രദേശിലെ ശ്രീസിറ്റിയില്‍ നിന്ന് പുറപ്പെട്ടു. ശ്രീസിറ്റിയില്‍ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു കോച്ചുകളുടെ യാത്ര ഫ്‌ലാഗ് ഓഫ് ചെയ്തു. മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ സാന്നിധ്യത്തിലാണ് ഫ്‌ലാഗ് ഓഫ്. കെ.വി തോമസ് എംപി, എം.എല്‍.എ മാരായ ഹൈബി ഈടന്‍, അന്‍വര്‍ സാദത്ത്, ഡി.എം.ആര്‍.സി എം.ഡി മങ്കു സിങ്, ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്‍ എന്നിവരും സന്നിഹിതരായിരുന്നു.
പരീക്ഷണ ഓട്ടത്തിനുള്ള ആദ്യ ട്രെയിനിന്റെ മൂന്ന് കോച്ചുകളാണ് ശ്രീ സിറ്റിയില്‍ നിന്ന് ശനിയാഴ്ച പുറപ്പെടുന്നത്. രാത്രിയില്‍ പുറപ്പെടുന്ന ട്രെയിലര്‍ ജനുവരി 10ന് കൊച്ചിയില്‍ എത്തും. മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഫ്രഞ്ച് കമ്പനിയായ ആല്‍സ്റ്റോം ഇന്ത്യയില്‍ തന്നെയാണ് ആദ്യ കോച്ചുകള്‍ നിര്‍മ്മിച്ചത്.
2014ലാണ് 25 സെറ്റ് ട്രെയിനുകള്‍ക്ക് കൊച്ചി മെട്രോ ഓര്‍ഡര്‍ ചെയ്തത്. റെക്കോര്‍ഡ് വേഗതയിലാണ് ആദ്യ സെറ്റിന്റെ കൈമാറ്റം. കരാര്‍ പ്രകാരം ട്രെയിന്റെ രൂപകല്‍പ്പന, നിര്‍മ്മാണം, വിതരണം, സ്ഥാപിക്കല്‍, പ്രവര്‍ത്തനമ സജ്ജമാക്കല്‍ എന്നിവയെല്ലാം കമ്പനിയുടെ ഉത്തരവാദിത്വമാണ്.
എയര്‍ കണ്ടീഷന്‍ സൗകര്യത്തോടുകൂടിയായിരിക്കും ട്രെയിനുകള്‍ പ്രവര്‍ത്തിക്കുക. ശ്രീസിനറ്റിയില്‍ നിര്‍മ്മിച്ച ആദ്യ മെട്രോ ട്രെയിന്‍ കോച്ചുകളാണ് കൊച്ചി മെട്രോ സ്വന്തമാക്കിയിരിക്കുന്നത്. ജനുവരി 23നാണ് ആദ്യ പരീക്ഷണ ഓട്ടം നിശ്ചയിച്ചിരിക്കുന്നത്. പത്തിന് സംസ്ഥാനത്ത് എത്തുന്ന കോച്ചുകള്‍ മുട്ടം ഇന്‍സ്‌പെക്ഷന്‍ ബേസില്‍ ഇറക്കി കൂട്ടി യോജിപ്പിക്കാനാണ് പദ്ധതി.
22 സ്‌റ്റേഷനുകളും 25 കിലോമീറ്റര്‍ ദൂരവുമുള്ള കൊച്ചി മെട്രോ റെയില്‍ പാതയിലൂടെയായിരിക്കും 25 കോച്ചുകളും ഓടുക. 2016 അവസാനത്തോടെ റെയില്‍വേ ലൈന്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.