| Tuesday, 4th December 2012, 3:01 pm

കൊച്ചി മെട്രോ; തടസ്സം ഉദ്യോഗസ്ഥര്‍: ഇ. ശ്രീധരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കൊച്ചി മെട്രോ ഡി.എം.ആര്‍.സി ഏറ്റെടുക്കുന്നതിന് തടസ്സം ഉദ്യോഗസ്ഥരെന്ന് ഇ.ശ്രീധരന്‍. രാഷ്ട്രീയതലത്തില്‍ പദ്ധതിക്ക് തടസ്സമൊന്നുമില്ലെന്നും കേന്ദ്ര നഗരവികസന മന്ത്രാലയത്തിലെ ചില ഉദ്യോഗസ്ഥര്‍ പദ്ധതിക്ക് എതിരാണെന്നും ശ്രീധരന്‍ പറഞ്ഞു.

കൊച്ചി മെട്രോയില്‍ ഡി.എം.ആര്‍.സിയെ സഹകരിപ്പിച്ചിട്ടില്ലെങ്കില്‍ താനുമുണ്ടാകില്ലെന്നും വീണ്ടും ശ്രീധരന്‍ വ്യക്തമാക്കി. കൊച്ചി മെട്രോയുടെ നിര്‍മാണ ചുമതല പൂര്‍ണമായും ഡി.എം.ആര്‍.സിക്ക് ലഭിക്കുന്ന കാര്യത്തില്‍ സംശയമുണ്ടെന്നും ശ്രീധരന്‍ ആശങ്ക പ്രകടിപ്പിച്ചു.[]

പദ്ധതി ഡി.എം.ആര്‍.സിയെ ഏല്‍പ്പിച്ചില്ലെങ്കില്‍ കനത്ത നഷ്ടമുണ്ടാകും. കേന്ദ്ര നഗരവികസന മന്ത്രാലയവും കേന്ദ്ര സംസ്ഥാന ചീഫ് സെക്രട്ടറിമാരുമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഡി.എം.ആര്‍സിക്ക് കരാര്‍ ലഭിച്ചാല്‍ നാല് മാസം കൊണ്ട് ടെണ്ടര്‍ വിളിമെന്നും ശ്രീധരന്‍ പറഞ്ഞു.

പദ്ധതിയുടെ പൂര്‍ണചുമതല ഡി.എം.ആര്‍.സിക്ക് നല്‍കണമെന്നും അങ്ങനെ നല്‍കിയില്ലെങ്കില്‍ പദ്ധതിയുടെ കാര്യത്തില്‍ ഡി.എം.ആര്‍.സി തുടര്‍ന്ന് എന്ത് തീരുമാനിക്കുമെന്ന് പറയാനാകില്ലെന്നും നേരത്തേ ശ്രീധരന്‍ വ്യക്തമാക്കിയിരുന്നു.
എന്നാല്‍, കൊച്ചി പദ്ധതിയില്‍ ഡി.എം.ആര്‍.സി യുടെ പങ്കാളിത്തം എത്രവരെ എന്നതിനെക്കുറിച്ചു പഠിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ചുമതലപ്പെടുത്തിയ ഉപസമിതി ഇതിനകം ഒരുവട്ടം മാത്രമാണ് ചര്‍ച്ച നടത്തിയത്.

കേന്ദ്ര നഗരവികസന സെക്രട്ടറിയും കെ.എം.ആര്‍.എല്‍, ഡി.എം.ആര്‍.സി എന്നിവയുടെ ചെയര്‍മാനുമായ സൂധീര്‍ കൃഷ്ണ, ദല്‍ഹി, കേരള ചീഫ് സെക്രട്ടറിമാര്‍ എന്നിവരെയാണ് കൊച്ചി പദ്ധതിയില്‍ ഡി.എം.ആര്‍.സി യുടെ പങ്കാളിത്തം നിശ്ചയിക്കാന്‍ ചുമതലപ്പെടുത്തിയിരുന്നത്.

We use cookies to give you the best possible experience. Learn more