| Thursday, 15th June 2017, 2:52 pm

മോദിയുടെ വണ്‍ മാന്‍ ഷോ നടന്നില്ല; സംസ്ഥാന സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ശ്രീധരനും ചെന്നിത്തലയ്ക്കും വേദിയിലിരിപ്പിടം: പുതിയ പട്ടിക പുറത്തിറക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മെട്രോ ഉദ്ഘാടന വേദിയില്‍ ഇ. ശ്രീധരനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും ഇരിപ്പിടം അനുവദിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് പുതിയ പട്ടിക പുറത്തിറക്കി.

സംസ്ഥാന സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസിന് പുതിയ പട്ടിക പുറത്തിറക്കേണ്ടി വന്നത്. അതേസമയം സ്ഥലം എം.എല്‍.എയ്ക്ക് വേദിയില്‍ ഇരിക്കാന്‍ അനുമതിയില്ല.

മെട്രോ ഉദ്ഘാടന വേദിയില്‍ നിന്നും ശ്രീധരന്‍ ഉള്‍പ്പെടെയുള്ളവരെ ഒഴിവാക്കിയതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്നലെ കത്തയച്ചിരുന്നു.

ഇ.ശ്രീധരനെയും പ്രതിപക്ഷ നേതാവിനേയും സ്ഥലം എം.എല്‍.എയേയും വേദിയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു കത്ത്. . ചീഫ് സെക്രട്ടറി നളിനി നെറ്റോയാണ് പ്രധാനമന്ത്രിയുടെ ഓഫീസിനു കത്തയച്ചത്.
ശ്രീധരനെ ചടങ്ങില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍ തന്നെ ചടങ്ങിലേക്ക് ക്ഷണിക്കാത്തത് വിവാദമാക്കരുതെന്നും പ്രധാനമന്ത്രിയുടെ സുരക്ഷയാണ് പ്രധാനമെന്നുമായിരുന്നു ഇ. ശ്രീധരന്‍ പറഞ്ഞത്.

മോദിയുടെ സുരക്ഷാ ഏജന്‍സി തീരുമാനിക്കുന്നത് പോലെ തന്നെ കാര്യങ്ങള്‍ നടക്കണമെന്നും ക്ഷണിച്ചില്ലെങ്കിലും ഉദ്ഘാടന ചടങ്ങ് കാണാന്‍ താനുണ്ടാകുമെന്നും ഇ. ശ്രീധരന്‍ പ്രതികരിച്ചിരുന്നു.

We use cookies to give you the best possible experience. Learn more