കൊച്ചി: രാജിക്കാര്യവുമായി ബന്ധപ്പെട്ട് പാര്‍ട്ടി പറയുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്ന് കൊച്ചി മേയര്‍ സൗമിനി ജെയിന്‍. പാര്‍ട്ടി തീരുമാനം വന്ന ശേഷം തനിക്ക് പലതും പറയാനുണ്ടെന്നും സൗമിനി ജെയിന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
മേയര്‍ സ്ഥാനത്തുനിന്ന് മാറ്റണോയെന്ന് തീരുമാനിക്കേണ്ടത് കെ.പി.സി.സി നേതൃത്വമാണ്. പാര്‍ട്ടി തീരുമാനം എന്തായാലും അംഗീകരിക്കുമെന്നും സൗമിനി ജെയിന്‍ പറഞ്ഞു.
കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ സൗമിനി ജെയിനിനെ ഇന്ന് തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചിട്ടുണ്ട്. പാര്‍ട്ടി നേരിട്ട് ഇടപെട്ട് സൗമിനി ജെയിനിനെ മാറ്റിയേക്കുമെന്നാണ് സൂചന. എന്നാല്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ ഒരു വര്‍ഷം മാത്രം ശേഷിക്കേ കെ.പി.സി.സിയുടെ ഭാഗത്ത് നിന്ന് ഇങ്ങനെയാരു നീക്കമുണ്ടാകില്ലെന്ന റിപ്പോര്‍ട്ടുകളും ഉണ്ട്.
അതേസമയം സൗമിനി ജെയിനിനെ അനുകൂലിച്ച് കൗണ്‍സിലിലെ രണ്ട് അംഗങ്ങള്‍ രംഗത്തെത്തി. മേയറെ മാറ്റിയാല്‍ പിന്തുണ പിന്‍വലിക്കുമെന്നാണ് സ്വതന്ത്ര അംഗം ഗീതാ പ്രഭാകറും യു.ഡി.എഫ് അംഗം റോസ് മേരിയും അറിയിച്ചത്. എട്ട് മാസത്തേക്ക് ഭരണമാറ്റത്തിന്റെ ആവശ്യമില്ലെന്ന്് ഇരുവരും പറയുന്നു.
വെള്ളക്കെട്ട് പ്രശ്‌നം പരിഹരിക്കുക എന്നത് എല്ലാവരുടേയും കൂട്ടുത്തരവാദിത്വമാണ്. അതിനാല്‍ തങ്ങള്‍ മേയര്‍ക്കൊപ്പമാണെന്നും മേയറെ മാറ്റുക എന്നത് ചില നേതാക്കളുടെ വ്യക്തിപരമായ താത്പര്യമാണെന്നുമാണ് യു.ഡി.എഫ് കൗണ്‍സിലറായ റോസ് മേരി പറഞ്ഞത്.
നിലവില്‍ 74 അംഗ കൗണ്‍സിലില്‍ യു.ഡി.എഫിന് 38 ഉം എല്‍.ഡി.എഫിന് 34 ഉം സീറ്റുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ ടി.ജെ വിനോട് എം.എല്‍.എ ആയതിനെ തുടര്‍ന്ന് രാജിവെച്ചു. ഇതോടെ യു.ഡി.എഫ് അംഗങ്ങളുടെ എണ്ണം 37 ആയി. നിലവില്‍ ഈ രണ്ട് അംഗങ്ങള്‍ പിന്തുണ പിന്‍വലിച്ചാല്‍ അത് യു.ഡി.എഫിന് തിരിച്ചടിയാകും.
അതിനിടെ സൗമിനി ജെയിന് പിന്തുണയുമായി എറണാകുളം എന്‍.എസ്.എസ്കരയോഗം രംഗത്തെത്തിയിട്ടുണ്ട്. സൗമിനി ജെയിനിനെ മാറ്റരുതെന്ന് കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടുവെന്ന് കരയോഗം ജനറല്‍ സെക്രട്ടറി പി രാമചന്ദ്രന്‍ പറഞ്ഞു.
സൗമിനി ജെയിനിനെ മാറ്റുന്നത് മറ്റൊരു സമുദായത്തെ സന്തോഷിപ്പിക്കാനാണ്. എം.പിയും എം.എല്‍.എയുമെല്ലാം ആ സമുദായത്തില്‍ നിന്നാണ്. സൗമിനി ജെയിനിനെ മാറ്റിയാല്‍ സമുദായ സന്തുലനം ഇല്ലാതാകുമെന്നും പി. രാമചന്ദ്രന്‍ പറഞ്ഞു.
എറണാകുളം ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ ഭൂരിപക്ഷം കുത്തനെ കുറഞ്ഞതും കൊച്ചിയില്‍ പെയ്ത കനത്ത മഴയില്‍ നഗരം വെള്ളക്കെട്ടിനടിയിലായതിനും പിന്നാലെയാണ് കൊച്ചി മേയറെ മാറ്റണമെന്ന ആവശ്യം ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ ശക്തമായത്.
അതേസമയം സൗമിനി ജെയിനെ മാറ്റിയാല്‍ ആരാകും അടുത്ത മേയര്‍ എന്ന ചര്‍ച്ചയും നടക്കുന്നുണ്ട്. ഫോര്‍ട്ട് കൊച്ചിയില്‍ നിന്നുള്ള ഷൈനി മാത്യു , പാലാരിവട്ടത്തുനിന്നുള്ള കൗണ്‍സിലര്‍ വികെ മിനിമോള്‍ എന്നിവരുടെ പേരുകളാണ് ആദ്യപരിഗണനയില്‍.