| Saturday, 18th February 2023, 1:32 pm

രാജ്യത്തെ പത്ത് അതീവ സുരക്ഷാ മേഖലയില്‍ കൊച്ചിയും; റിപ്പോര്‍ട്ടിറക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കൊച്ചിയെ അതീവ സുരക്ഷാ മേഖലയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. എം.ജി റോഡ് മുതല്‍ കുണ്ടന്നൂര്‍ വരെയുള്ള ഭാഗങ്ങളാണ് സുരക്ഷാമേഖലയില്‍ ഉള്‍പ്പെടുത്തുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സുരക്ഷാ മേഖലയില്‍ ഉള്‍പ്പെടുത്തിയ സ്ഥലങ്ങളെ കുറിച്ചുള്ള പട്ടിക പുറത്ത് വിട്ടത്.

രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലെയും ആന്‍ഡമാന്‍ നിക്കോബാറിലെയും സ്ഥലങ്ങളാണ് നിലവില്‍ അതീവ സുരക്ഷാ മേഖലയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഈ മേഖലകള്‍ ഔദ്യോഗിക സുരക്ഷാ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

കൊച്ചി ഷിപ്പ്‌യാര്‍ഡ്, കണ്ടെയ്‌നര്‍ ഫസ്റ്റ് സ്റ്റേഷന്‍, നേവല്‍ ജെട്ടി, റോറോ ജെട്ടി, കൊച്ചിന്‍ പോര്‍ട്ടസ് കോര്‍ട്ടര്‍, കൊച്ചിന്‍ നേവല്‍ ബേസ്, കൊച്ചിന്‍ ക്വാര്‍ട്ടേര്‍സ്, ദേശീയ വിദ്യാലയം, കൊങ്കണ്‍ സ്റ്റോറേജ് ഓയില്‍ ടാങ്ക്, കുണ്ടന്നൂര്‍ ഹൈവേ, കുണ്ടന്നൂര്‍ വാക്‌വേ, കൊച്ചിന്‍ പോര്‍ട്ടസ് ഭൂമി, നേവല്‍ എയര്‍പോര്‍ട്ട് എന്നിടങ്ങളാണ് അതീവ സുരക്ഷാ മേഖലയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

ഈ പ്രദേശങ്ങള്‍ ഇനി മുതല്‍ കര്‍ശന നിരീക്ഷണത്തിലായിരിക്കും. ആ പ്രദേശങ്ങളിലെ വിവരങ്ങള്‍ പങ്ക്‌വെക്കുന്നത് രാജ്യദ്രോഹം ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ട്. ഇത്തരം തീരുമാനങ്ങളാണ് അതീവ സുരക്ഷാ മേഖലയായി തിരിച്ച് കൊണ്ടുള്ള തീരുമാനത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.

ഈ സ്ഥലങ്ങളില്‍ ഒഫീഷ്യല്‍ സീക്രട്ട് ആക്ടും ദേശീയ സുരക്ഷാ നിയമവും ബാധകമാണ്. കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ടതോ ഡിഫന്‍സുമായി ബന്ധപ്പെട്ടതോ ആയ സ്ഥാപനങ്ങളുടെ ചിത്രങ്ങള്‍ എടുക്കുക, പ്രസിദ്ധീകരിക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കടക്കം നിയന്ത്രണമുണ്ടാകും.

കേരളത്തിന് പുറമേ തെലങ്കാന, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, ബീഹാര്‍, രാജസ്ഥാന്‍, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നീ സംസ്ഥാനങ്ങളിലെ സ്ഥലങ്ങളാണ് അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ളത്. തന്ത്രപ്രധാനമായ കൊച്ചി ഷിപ്പ്‌യാര്‍ഡ്, എയര്‍പ്പോര്‍ട്ട്, കണ്ടെയ്‌നര്‍ ഫസ്റ്റ് സ്റ്റേഷന്‍ തുടങ്ങിയ ഭാഗങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനാണ് ഇത്തരത്തില്‍ അതീവ സുരക്ഷാ മേഖലയായി ഇപ്പോള്‍ തിരിച്ചിരിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു.

സുരക്ഷാ മേഖലകളാക്കിയെന്നതല്ലാതെ മറ്റ് തീരുമാനങ്ങളൊന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയിട്ടില്ല.

content highlight: Kochi is in the top 10 security zones of the country; Union Ministry of Home Affairs released the report

Latest Stories

We use cookies to give you the best possible experience. Learn more