കാലിക്കറ്റ് എഫ്.സിയെ അവരുടെ തട്ടകമായ കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തില്‍ സമനില പിടിച്ച് ഫോഴ്സ കൊച്ചി. മഹീന്ദ്ര സൂപ്പര്‍ ലീഗ് കേരളയിലെ മൂന്നാം റൗണ്ട് മത്സരത്തില്‍ ഒരുഗോളിന് പിന്നിട്ടുനിന്ന ശേഷം ഫോഴ്‌സ കൊച്ചി സമനില പിടിച്ചടക്കിയത്. ആദ്യ പകുതിയില്‍ ഗനി അഹമ്മദ് നിഗം നേടിയ ഗോളില്‍ കാലിക്കറ്റ് മുന്നിട്ടുനിന്നിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ സിയാണ്ട ഗുമ്പോയിലൂടെ കൊച്ചി സമനില പിടിച്ചു.
ബ്രിട്ടോ, ബെല്‍ഫോര്‍ട്ട്, തോയ് സിങ് എന്നിവരെ മുന്നേറ്റ നിരയില്‍ വിന്യസിച്ചാണ് കാലിക്കറ്റ് എഫ്.സി കോച്ച് ആന്‍ഡ്രൂ ഗിലാന്‍ കൊച്ചിക്കെതിരെ തന്ത്രം മെനഞ്ഞത്. നായകന്‍ ജിജോ, ഗനി അഹമ്മദ് നിഗം, അഷറഫ് എന്നിവര്‍ മധ്യനിരയിലും ഇറങ്ങി. മത്സരത്തിന്റെ തുടക്കത്തില്‍ താളം കണ്ടെത്താന്‍ വിഷമിച്ചു വെങ്കിലും ആരാധകരുടെ പിന്തുണയില്‍ സ്വന്തം മൈതാനത്ത് കാലിക്കറ്റ് പതിയെ കളിയിലേക്ക് വന്നു.
ടൂര്‍ണമെന്റില്‍ ആദ്യ വിജയം ലക്ഷ്യമിട്ട് ഇറങ്ങിയ ഫോഴ്‌സ കൊച്ചി കൗണ്ടര്‍ അറ്റാക്കുകള്‍ക്കാണ് തുടക്കത്തില്‍ ശ്രമിച്ചത്. എന്നാല്‍ വിദേശതാരങ്ങളായ പെപ്പെയും റിച്ചാര്‍ഡും അണിനിരന്ന കാലിക്കറ്റ് പ്രതിരോധം പിഴവൊന്നും വരുത്തിയില്ല.
അര്‍ജുന്‍ ജയരാജിന്റെ നായകത്വത്തില്‍ ഇറങ്ങിയ ഫോഴ്‌സ കൊച്ചി കാലിക്കറ്റ് ആക്രമണങ്ങളെ ചെറുത്തു കൊണ്ടിരിക്കെ, ഇടവേളയ്ക്ക് നാല് മിനിറ്റ് മാത്രം ശേഷിക്കെ കാലിക്കറ്റ് ലീഡ് നേടി. രണ്ട് എതിര്‍ താരങ്ങളെ വെട്ടിയൊഴിഞ്ഞ് ഗനി അഹമ്മദ് നിഗം പറത്തിയ ലോങ് റെയിഞ്ചര്‍ കൊച്ചിയുടെ പോസ്റ്റിലേക്ക് തുളച്ച് കയറുകയായിരുന്നു.
കഴിഞ്ഞ മത്സരത്തില്‍ മലപ്പുറത്തിനെതിരെ ഇരട്ട ഗോള്‍ നേടിയിരുന്ന ഗനിക്ക് ഇതോടെ ടൂര്‍ണമെന്റില്‍ മൂന്ന് ഗോളുകളായി. ആദ്യ പകുതി കാലിക്കറ്റിന്റെ ഒരു ഗോള്‍ ലീഡില്‍ അവസാനിച്ചു.
രണ്ടാം പകുതിയില്‍ ഗോള്‍ തിരിച്ചടിക്കാന്‍ കൊച്ചിയും ലീഡ് വര്‍ധിപ്പിക്കാന്‍ കാലിക്കറ്റും കിണഞ്ഞുശ്രമിച്ചതോടെ മത്സരം ആവേശകരമായി. 75ാം മിനിട്ടില്‍ കൊച്ചി സമനില നേടി. പകരക്കാരായി കളത്തിലെത്തിയ കമല്‍പ്രീത് സിങ് നല്‍കിയ ക്രോസ് കൃത്യമായി ഫിനിഷ് ചെയ്ത് സിയാണ്ട ഗുമ്പോ യാണ് കൊച്ചിക്ക് സമനില നല്‍കിക്കൊണ്ട് തിരിച്ചടിച്ചത്.
മൂന്ന് കളിയില്‍ അഞ്ച് പോയന്റ് നേടിയ കാലിക്കറ്റ് എഫ്.സി പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുമ്പോള്‍ ഇത്രയും കളികളില്‍ നിന്ന് രണ്ട് പോയന്റ് മാത്രമുള്ള ഫോഴ്‌സ കൊച്ചി അഞ്ചാം സ്ഥാനത്താണ്. വെള്ളിയാഴ്ച മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ മലപ്പുറം എഫ്.സി തൃശൂര്‍ മാജിക് എഫ്.സിയെ നേരിടും.