കൊച്ചി: നടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ ചോദ്യം ചെയ്യല്‍ തുടരുന്നു. വിജയ് ബാബുവിന് ഒളിവില്‍ കഴിയാന്‍ സഹായം ചെയ്തവരെ കണ്ടെത്തുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി.എച്ച് നാഗരാജു പറഞ്ഞു. പരാതിക്കാരിക്ക് നീതി ഉറപ്പാക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കോടതി പറഞ്ഞത് അദ്ദേഹം ഉടന്‍ തന്നെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്‍പില്‍ ഹാജരാകണമെന്നാണ്. അദ്ദേഹത്തിന്റെ ചോദ്യം ചെയ്യല്‍ തുടങ്ങിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭാഗം കൂടി കേള്‍ക്കാം. അതിന് ശേഷം നമുക്ക് തീരുമാനിക്കാം. രണ്ട് ദിവസം അദ്ദേഹത്തെ ചോദ്യം ചെയ്യേണ്ടി വരും, കമ്മീഷണര്‍ പറഞ്ഞു.
കോടതി അറസ്റ്റ് തടഞ്ഞത് അന്വേഷത്തിന് തടസമാകുമോ എന്ന ചോദ്യത്തിന് അങ്ങനെ ഇല്ലെന്നായിരുന്നു കമ്മീഷണറുടെ മറുപടി. ഈ കേസ് ഉണ്ടായ ഉടന്‍ തന്നെ അദ്ദേഹം ഇവിടെ നിന്നും എസ്‌കേപ് ആവുകയാണ് ഉണ്ടായത്.
തുടര്‍ന്ന് പൊലീസ് അദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കി. ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. എവിടേയും പോകാതിരിക്കാനായി ലിമിറ്റ് ചെയ്തു. അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തിന് വരേണ്ടി വന്നത്.
പരാതിക്കാരിക്ക് നീതി കിട്ടണം. അതാണ് ശ്രമം. ഒളിവില്‍ കഴിഞ്ഞ സമയത്ത് വിജയ് ബാബുവിനെ ആരെങ്കിലും സഹായിച്ചിട്ടുണ്ടെങ്കില്‍ അവരെ കണ്ടെത്തുമെന്നും അത് അന്വേഷണത്തിന്റെ ഭാഗമാണെന്നും കമ്മീഷണര്‍ നാഗരാജു പറഞ്ഞു.
ഇന്ന് രാവിലെയാണ് വിജയ് ബാബു വിദേശത്ത് നിന്നും തിരിച്ചെത്തിയത്. കോടതി നടപടികളില്‍ വിശ്വാസമുണ്ടെന്നും, അന്വേഷണ ഉദ്യോഗസ്ഥരുമായി പൂര്‍ണമായി സഹകരിക്കുമെന്നുമായിരുന്നു ഇതിന് പിന്നാലെ വിജയ് ബാബു പ്രതികരിച്ചത്.
വിദേശത്തേക്ക് കടന്ന വിജയ് ബാബു 39 ദിവസത്തിന് ശേഷമാണ് കേരളത്തിലെത്തുത്തുന്നത്. പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് വിജയ് ബാബു ദുബായിലേക്ക് കടന്നത്. അവിടെ നിന്ന് ജോര്‍ജിയയിലേക്കും പോയിരുന്നു.
Content Highlight: Kochi City Police Commissioner about vijay babu case