കൊച്ചി: കൊച്ചിയില്‍ അറസ്റ്റിലായ മിലിട്ടറി എന്‍ജിനീയറിംഗ് സര്‍വീസ് ചീഫ് എന്‍ജിനീയര്‍ രാകേഷ് കുമാര്‍ ഗാര്‍ഗ് ഒന്നരവര്‍ഷം കൊണ്ട് പത്തുകോടിയിലധികം കൈക്കൂലി വാങ്ങിയതായി സി.ബി.ഐ നിഗമനം.
പദ്ധതികളുടെ അടങ്കല്‍ തുകയുടെ ഒരുശതമാനമായിരുന്നു തന്റെ ഒപ്പിനായി ഗാര്‍ഗ് നിശ്ചയിച്ചിരുന്ന കൈക്കൂലി. എന്നാല്‍ ഇതു നേരിട്ടു കൈപ്പറ്റാതെ ദല്‍ഹിയിലുള്ള സഹോദരനും അടുപ്പക്കാരും വഴിയാണ് സ്വന്തമാക്കിയിരുന്നത്.
സി.ബി.ഐയുടെ ചെന്നൈ കേന്ദ്രീകരിച്ചുള്ള സ്‌പെഷ്യല്‍ യൂണിറ്റ് നാലുമാസമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഗാര്‍ഗിനെ പിടികൂടുന്നത്. നോട്ടുകള്‍ വാരിക്കൂട്ടി ഓടിരക്ഷപെടാന്‍ ശ്രമിക്കുന്ന തരത്തിലായിരുന്നു റെയ്ഡിനെത്തിയ സംഘം ഗാര്‍ഗിനെ കണ്ടത്.
ആവശ്യപ്പെട്ട കൈക്കൂലി നിര്‍ദേശിച്ച സ്ഥലത്ത് എത്തി എന്ന് ഉറപ്പായാല്‍ മാത്രമേ ഗാര്‍ഗ് കരാര്‍ അനുവദിച്ചു കൊണ്ടുള്ള ഫയലില്‍ ഒപ്പിട്ടിരുന്നുള്ളൂ. ഗാര്‍ഗിന്റെ അടുപ്പക്കാരായ പ്രഭുല്‍ ജെയ്ന്‍, പുഷ്‌കര്‍ ഭാസിന്‍ എന്നീ കരാറുകാര്‍ക്കാണ് സ്ഥിരമായി നാവിക സേനയുടെ കരാറുകള്‍ ലഭിച്ചിരുന്നത്.
ഇവരേയും കഴിഞ്ഞ ദിവസം സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ പുഷ്‌കര്‍ ഭാസിന് നാവികസേനയുടെ ടെന്‍ഡറുകളില്‍ പങ്കെടുക്കുന്നതിനുള്ള യോഗ്യത പോലുമില്ലെന്ന് കണ്ടെത്തുകയും ചെയ്തു.
മൂന്നരക്കോടിയിലധികം രൂപ വാങ്ങി 377 കോടിയുടെ കരാര്‍ നല്‍കാന്‍ തയാറെടുക്കുമ്പോഴാണ് ഗാര്‍ഗിനെ സി.ബി.ഐ കുടുക്കിയത്.