കൊച്ചി ബിനാലെക്ക് ഇന്ന് തുടക്കം
Kerala
കൊച്ചി ബിനാലെക്ക് ഇന്ന് തുടക്കം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 12th December 2012, 9:38 am

കൊച്ചി: ഇന്ത്യയിലെ ആദ്യത്തെ ബിനാലെക്ക് ഇന്ന് കൊച്ചിയില്‍ തിരിതെളിയും. മൂന്നുമാസം നീണ്ടുനില്‍ക്കുന്ന കൊച്ചി മുര്‍സിസ് ബിനാലെക്ക് ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടില്‍ ഇന്ന് വൈകുന്നേരം 7.30ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിരിതെളിയിക്കും. []

രണ്ടുവര്‍ഷത്തിലൊരിക്കല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള കലാകാരന്മാര്‍ ഒരുസ്ഥലത്ത് ഒത്തുകൂടി സ്വന്തം സൃഷ്ടികളൊരുക്കുന്നതാണ് ബിനാലെ. രണ്ടുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്നത് എന്നതാണ് ബിനാലെ എന്ന ഇറ്റാലിയന്‍ വാക്കിന്റെ അര്‍ഥം.

15 വേദിയിലായി 23 രാജ്യങ്ങളില്‍നിന്നുള്ള കലാകാരന്മാരാണ് കൊച്ചി ബിനാലെയില്‍ അണിനിരക്കുക. ഇന്ത്യക്കകത്തും പുറത്തുമുള്ള 84 പ്രശ്‌സത കലാകാരന്മാരാണ്  ബിനാലെയില്‍ പങ്കെടുക്കുന്നത്.

ഇതില്‍ 22 പേര്‍ മലയാളികളാണ്.അടുത്ത വര്‍ഷം മാര്‍ച്ച് 13 നാണ് ബിനാലെ സമാപിക്കുക. കൊച്ചിയെ ബിനാലെ സിറ്റിയായി കോര്‍പറേഷന്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. ലോകത്ത് ബിനാലെ നടക്കുന്ന 150ലധികം കേന്ദ്രങ്ങളിലൊന്നായും ലോക ടൂറിസം ഭൂപടത്തില്‍ സമകാലിക കലയുടെ കേന്ദ്രമായും ഇതോടെ കൊച്ചി മാറുമെന്ന് സംഘാടകര്‍ പറഞ്ഞു.

കൊച്ചി ബിനാലെയില്‍ ചിത്രരചനക്ക് പുറമെ ശില്‍പ്പ നിര്‍മാണം,ഇന്‍സ്റ്റലേഷന്‍,സിനിമ,നൃത്ത സംഗീത പരിപാടികള്‍, ചര്‍ച്ചകള്‍, സെമിനാറുകള്‍, വിദ്യാഭ്യാസ പരിപാടികള്‍ എന്നിവ നടക്കും. ചിത്രവും ശില്‍പ്പവും വീഡിയോയും ചേര്‍ന്നാവും കലയുടെ വര്‍ണക്കാഴ്ചകള്‍ ഒരുക്കുക.

ചിത്രങ്ങളുടെയോ ശില്‍പ്പങ്ങളുടെയോ വില്‍പ്പനയല്ല, മറിച്ച് പ്രദര്‍ശനവും പഠനവുമാണ് ബിനാലെയിലൂടെ ലക്ഷ്യമിടുന്നതെന്ന് സംഘാടകര്‍ പറഞ്ഞു.