ലോണ്‍ലി പ്ലാനറ്റ് യാത്രാ മാഗസിന്റെ 2020 ലേക്കുള്ള ലോകത്തിലെ ഏറ്റവും മികച്ച പത്തു യാത്രാ ലക്ഷ്യങ്ങളില്‍ ഇന്ത്യയില്‍ നിന്നും ഉള്‍പ്പെട്ട ഒരേയൊരു പട്ടണമായി കേരളത്തിന്റെ സ്വന്തം കൊച്ചി. കഴിഞ്ഞയാഴ്ച പുറത്തു വിട്ട പട്ടികപ്രകാരം ഏഴാം സ്ഥാനത്താണ് കൊച്ചി.
ആധുനികതയുടെ ചടുലതയും പാരമ്പര്യത്തിന്റെ സവിശേഷതകളും സുന്ദരമായി ഇഴുകിച്ചേര്‍ന്ന പട്ടണമെന്നാണ് ലോണ്‍ലി പ്ലാനറ്റ് അറബിക്കടലിന്റെ റാണിയെ വിശേഷിപ്പിച്ചത്.
‘അതിമനോഹരമായൊരു അഴിമുഖത്തിന്റെ തീരത്ത് പരന്നു കിടക്കുന്ന കൊച്ചി പട്ടണം യാത്രക്കാരെയും വിനോദ സഞ്ചാരികളെയും കച്ചവടക്കാരെയും ആകര്‍ഷിക്കാന്‍ തുടങ്ങിയിട്ട് 600 വര്‍ഷത്തിന് മുകളിലായി. ഭീമാകാരമായ ചീനവലകള്‍, 450 വര്‍ഷത്തിലേറെ പഴക്കമുള്ള ജൂതപ്പള്ളി, പോര്‍ച്ചുഗീസുകാരുടെയും ഡച്ചുകാരുടെയും കാലത്തെ നിര്‍മിതികള്‍, മുസ്ലിം പള്ളികള്‍, ബ്രിട്ടീഷ് ഭരണത്തിന്റെ അവശിഷ്ടങ്ങള്‍ തുടങ്ങി ലോകത്ത് മറ്റെവിടെയും കാണാത്തൊരു സങ്കര ഭൂമിയാണ് കൊച്ചി’ എന്നാണ് ലോണ്‍ലി പ്ലാനറ്റ് മാഗസിന്‍ കേരളത്തിന്റെ ഈ ചെറു പട്ടണത്തെ വിശേഷിപ്പിക്കുന്നത്.
ബിനാലെയുടെ വിജയത്തോടെ ഇന്ത്യയെ തന്നെ സമകാലിക കലകളുടെ ഭൂപടത്തില്‍ അടയാളപ്പെടുത്തുവാനും കൊച്ചിക്കു കഴിഞ്ഞു എന്നും മാഗസിന്‍ വ്യക്തമാക്കുന്നു.
പരിസ്ഥിതി സംരക്ഷണത്തിന് മുന്‍തൂക്കം നല്‍കുന്ന പട്ടണങ്ങള്‍ക്കാണ് ലോണ്‍ലി പ്ലാനറ്റ് ഈ വര്‍ഷം പ്രാധാന്യം നല്കിയിരിക്കുന്നത്.
‘പാരമ്പര്യേതര ഊര്‍ജ സ്രോതസുകളുടെ മികച്ച ഉപയോഗത്തിലൂടെ കൊച്ചി ഒരു മാതൃകയായി തീര്‍ന്നിരിക്കുകയാണ്,’ എന്ന് യാത്രികരുടെ ബൈബിള്‍ എന്നറിയപ്പെടുന്ന മാഗസിന്‍ അഭിപ്രായപ്പെടുന്നു.
നെടുമ്പാശേരി എയര്‍ പോര്‍ട്ട് പൂര്‍ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്നതായി മാറ്റിയതും അതുവഴി ‘ചാമ്പ്യന്‍സ് ഓഫ് എര്‍ത്ത്’ പുരസ്‌കാരം ലഭ്യമായതും കൊച്ചിയെ മികച്ച പട്ടണങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താന്‍ കാരണമായി പറയുന്നു.
ഈ അംഗീകാരത്തില്‍ അതിയായ സന്തോഷം രേഖപ്പെടുത്തുന്നുവെന്നും വരും വര്‍ഷങ്ങളില്‍ വിനോദസഞ്ചാരികള്‍ അധികമായി എത്തിച്ചേരാന്‍ ഇത് സഹായിക്കുമെന്നും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഭാരവാഹി എസ് വിജയകുമാര്‍ പ്രതികരിച്ചു.
അറബിക്കടലിന്റെ തീരത്തെ ഈ പട്ടണം പതിനാലാം നൂറ്റാണ്ടില്‍ തുറമുഖം നിര്‍മ്മിച്ചത് മുതല്‍ തന്നെ ലോകത്തിന്റെ ശ്രദ്ധാ കേന്ദ്രമായിരുന്നു.