എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി
Daily News
എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 24th October 2014, 10:41 am

കൊച്ചി: എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി. എയര്‍പോര്‍ട്ട് അധികൃതര്‍ക്ക് ലഭിച്ച കത്തിലാണ് എയര്‍ ഇന്ത്യ വിമാനത്തില്‍ മനുഷ്യബോംബ് ഭീഷണി ഉണ്ടെന്ന അറിയിപ്പുള്ളത്.

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ കല്‍ക്കത്ത എയര്‍പോര്‍ട്ട് ഡയറക്ടക്കാണ് ഭീഷണി കത്ത് ലഭിച്ചത്. അഹമ്മദാബാദില്‍ നിന്നും കൊല്‍ക്കത്തയിലേക്ക് പോകുന്ന വിമാനത്തിനും പുലര്‍ച്ചെ കൊച്ചിയില്‍ നിന്നും മുംബൈയിലേക്ക് പോകുന്ന വിമാനത്തിനും ബോംബ് ഭീഷണിയുണ്ടെന്നാണ് കത്തില്‍ പറയുന്നത്.

കത്തിന്റെ ഉറവിടം സംബന്ധിച്ച വിശദാംശങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ല. അതിനെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. എയര്‍പോര്‍ട്ടിലെ സുരക്ഷാസംവിധാനങ്ങള്‍ വിലയിരുത്താനായി  അധികൃതര്‍ സുരക്ഷാഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.

ബോംബ് ഭീഷണി വന്നതിന്റെ പശ്ചാത്തലത്തില്‍ വിമാനത്താവളങ്ങളില്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഷെഡ്യൂളുകളൊന്നും ഇതുവരെ എയര്‍ ഇന്ത്യ വെട്ടിച്ചുരുക്കിയിട്ടില്ല. വിമാനങ്ങളൊന്നും വൈകാന്‍ സാധ്യതയില്ലെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നെടുമ്പാശേരിയില്‍ രാവിലെ മുംബൈയില്‍ നിന്നും വന്ന എയര്‍ ഇന്ത്യ വിമാനം കര്‍ശന പരിശോധന നടത്തി. വൈകുന്നേരവും മുംബൈ ഫ്‌ളൈറ്റുണ്ട്. രാവിലെ 10.30ന് എയര്‍പോര്‍ട് ഡയറക്ടര്‍ വിളിച്ചുകൂട്ടിയ യോഗത്തില്‍ സുരക്ഷാ നടപടികള്‍ വിലയിരുത്തി.