| Tuesday, 29th September 2020, 9:31 am

ദിലീപിനെതിരായ മൊഴിമാറ്റാന്‍ ലക്ഷങ്ങള്‍ വാഗ്ദാനം, വധഭീഷണി; മൊഴി മാറ്റില്ല, ആ സഹോദരിക്ക് നീതി ലഭിക്കണമെന്ന് മാപ്പു സാക്ഷി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരായ മൊഴി മാറ്റി നല്‍കാന്‍ ലക്ഷങ്ങള്‍ വാഗ്ദാനം ചെയ്‌തെന്നും വധഭീഷണി വന്നെന്നും കേസില്‍ മാപ്പു സാക്ഷിയായ വിപിന്‍ ലാല്‍.

കേസില്‍ ദിലീപിന് പങ്കില്ലെന്നാണ് താന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. ഇത് പുറത്തിറങ്ങിയാല്‍ ജീവനു ഭീഷണിയാവുമെന്ന് ഭയന്നിട്ടാണെന്നും യഥാര്‍ത്ഥ മൊഴി അതല്ലെന്നും വിപിന്‍ ലാല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

‘ജയിലില്‍കിടക്കുന്ന സമയത്ത് ഇദ്ദേഹത്തിനെതിരെ പരസ്യമായി എന്തെങ്കിലും പറഞ്ഞാല്‍ ജീവന്‍ അപായത്തിലാവും എന്ന് ജയില്‍ അധികൃതര്‍ പറഞ്ഞതു കൊണ്ടാണ് അന്ന് ഞാന്‍ മാധ്യമങ്ങളോട് അദ്ദേഹമല്ല ഇതിന് പുറകിലെന്ന് പറഞ്ഞത്. എത്ര തെറ്റ് ചെയ്‌തെങ്കിലും തെറ്റ് തിരുത്താനുള്ള അവസരമായാണ് ഞാന്‍ അതിനെ കണക്കാക്കിയത്. ആ സഹോദരിക്ക് നീതി ലഭിക്കണം,’ വിപിന്‍ലാല്‍ പറഞ്ഞു.

മറ്റൊരു കേസുമായി ബന്ധപ്പെട്ടാണ് വിപിന്‍ലാല്‍ അന്ന് ജയിലിലുണ്ടായിരുന്നത്. നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതികളായ സുനില്‍കുമാര്‍ അടക്കമുള്ളവര്‍ക്ക് വേണ്ടി പണം ആവശ്യപ്പെട്ടു കൊണ്ട് കത്തെഴുതാന്‍ സഹായിച്ചത്. ഈ കത്ത് നേരത്തെ പുറത്തു വന്നിരുന്നു.

നിരന്തരമായി തന്റെ മൊഴി മാറ്റി നല്‍കാന്‍ സമ്മര്‍ദ്ദമുണ്ടെന്നാണ് വിപിന്‍ലാല്‍ പറയുന്നത്‌. 2019 ജനുവരിയില്‍ ഒരു ബന്ധുവിന്റെ സ്ഥാപനത്തില്‍ വന്ന തന്നോട്  മൊഴി മാറ്റി നല്‍കണമെന്ന് പറയാന്‍ ആവശ്യപ്പെട്ടിരുന്നെന്നും വിപിന്‍ലാല്‍ പറഞ്ഞു.

‘നിങ്ങളുടെ ബന്ധുക്കള്‍ക്ക് വേണ്ട സഹായം തരാം, എത്ര ലക്ഷം വേണമെങ്കിലും തരാം, അന്ന് പറഞ്ഞ മൊഴി മാറ്റി ഈ കേസിലെ പ്രധാനപ്രതിയായ ദിലീപിന് അനുകൂലമായി മൊഴി പറയണം. ഞങ്ങള്‍ ദിലീപേട്ടന്റെ ആളുകളാണ്. നിങ്ങള്‍ മൊഴി മാറ്റി പറഞ്ഞാല്‍ വേണ്ട സഹായമെല്ലാം ചെയ്യും. എന്നും പറഞ്ഞു,’ വിപിന്‍ലാല്‍ പറയുന്നു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഭീഷണിക്കത്തുകളും വരുന്നുണ്ടെന്നും ദിലീപിനെതിരായ മൊഴി മാറ്റിയില്ലെങ്കില്‍ ദിവസങ്ങള്‍ എണ്ണപ്പെട്ടെന്നും കത്തുകളില്‍ പറഞ്ഞതായി വിപിന്‍ലാല്‍ പറയുന്നു.

‘കാസര്‍കോട് വന്ന് നിന്നെയും നിന്റെ ബന്ധുവിനെയും കണ്ടിരുന്നല്ലോ എന്നിട്ടും നിനക്ക് ദിലീപേട്ടനെതിരെ മൊഴി നല്‍കാനാണ് ഭാവമെങ്കില്‍ ദിവസങ്ങള്‍ എണ്ണത്തുടങ്ങി എന്നാണ് കത്തില്‍ എഴുതിയത്,’

ഈ കേസില്‍ ചത്താലും താന്‍ മൊഴി മാറ്റില്ല എന്നും വിപിന്‍ലാല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനില്‍കുമാറിന്റെ സഹതടവുകാരനായിരുന്ന കാസര്‍കോട് സ്വദേശിയായ വിപിന്‍ലാല്‍ നിയമ വിദ്യാര്‍ത്ഥിയായിരുന്നു. സ്വാധീനിക്കാന്‍ വന്ന ആളുകളുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് കിട്ടിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more