കൊച്ചി: തന്നെ നടുറോട്ടില്‍ വെച്ച് കടന്നുപിടിച്ചത് ഗവണ്‍മെന്റ് പ്ലീഡര്‍ ധനേഷ് മാത്യു മാഞ്ഞൂരാനെന്ന് അതിക്രമത്തിനിരയായ യുവതിയുടെ രഹസ്യമൊഴി.
വൈപ്പിന്‍ സ്വദേശിനിയായ വീട്ടമ്മ തോപ്പുംപടി മജിസ്‌ട്രേട്ട് കോടതിയില്‍ മജിസ്‌ട്രേട്ട് രഹ്‌നാ രാജീവിനാണ് സി.ആര്‍.പി.സി 164 പ്രകാരം രഹസ്യമൊഴി നല്‍കിയത്.
നടുറോട്ടില്‍വെച്ച് തന്നെ കടന്നുപിടിച്ച ഇയാളെ നാട്ടുകാര്‍ ഓടിച്ചിട്ടു പിടിച്ച് പോലീസ് സ്‌റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇയാളെ ഇനിയും കണ്ടാല്‍ താന്‍ തിരിച്ചറിയുമെന്നും യുവതി രഹസ്യമൊഴിയില്‍ പറഞ്ഞിട്ടുണ്ട്.
അതേസമയം തന്റെ മകന്‍ തെറ്റ് ചെയ്‌തെന്ന് സമ്മതിച്ച് ഇയാളുടെ അച്ഛന്‍ യുവതിക്ക് മുദ്രപത്രത്തില്‍ എഴുതി നല്‍കിയ കത്തും പുറത്തുവന്നിട്ടുണ്ട്.
ആളുമാറിയാണ് തന്നെ അറ്സ്റ്റ് ചെയ്തതെന്ന് ഗവര്‍മെന്റ് പ്ലീഡര്‍ കോടതിയില്‍ സത്യവാങ് മൂലം നല്‍കി ജാമ്യം നേടിയിരുന്നു.
അഭിഭാഷകനെ അന്യായമായി അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നാരോപിച്ച്, കേസ് രജിസ്റ്റര്‍ ചെയ്ത സെന്‍ട്രല്‍ പോലീസ് സ്‌റ്റേഷനിലേക്ക് ഇന്ന് ഒരു സംഘം അഭിഭാഷകര്‍ പ്രകടനവും പ്രഖ്യാപിച്ചിരുന്നു.
കൊച്ചിയിലെ കോണ്‍വെന്റ് ജംഗ്ഷനില്‍ വച്ച് യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന കേസിലാണ് ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകന്‍ അഡ്വ. ധനേഷ് മാത്യു മാഞ്ഞൂരാനെ സെന്‍ട്രല്‍ പോലീസ് 14ന് അറസ്റ്റുചെയ്തത്. 14ന് രാത്രി ഏഴുമണിയോടെ കോണ്‍വെന്റ് ജങ്ഷനു സമപമുള്ള ഉണ്ണിയാട്ട് ലെയ്‌നില്‍വച്ച്് ധനേഷ് യുവതിയെ കടന്നുപിടിക്കുകയായിരുന്നു.
രക്ഷപെടാന്‍ ശ്രമിച്ച ധനേഷിനെ, യുവതി ഒച്ചവച്ചതോടെ ഓടിക്കൂടിയ നാട്ടുകാരാണ് പിടികൂടി പൊലീസിലേല്‍പിച്ചത്. യുവതിയുടെ പരാതിയില്‍ ഐപിസി 354 പ്രകാരം ധനേഷിനെതിരെ കേസും രജിസ്റ്റര്‍ ചെയ്തു. സംഭവം വാര്‍ത്തയായതോടെ ധനേഷിന്റെ ബന്ധുക്കളും സഹപ്രവര്‍ത്തകരും ചേര്‍ന്ന് യുവതിയെക്കൊണ്ട് ഒരു പ്രസ്താവനയില്‍ ഒപ്പുവപ്പിച്ചു. ഇതാണ് സത്യവാങ്മൂലമായി കോടതിയില്‍ ഹാജരാക്കി ജാമ്യം നേടിയത്. ഇതിന് പകരമായാണ് തന്റെ മകന്‍ ചെയ്ത തെറ്റ് ഏറ്റ് പറഞ്ഞ് ഇയാളുടെ അച്ഛന്‍ യുവതിക്ക് മുദ്രപത്രത്തില്‍ എഴുതി നല്‍കി. ഇതിന്റെ പേരില്‍ താനോ തന്റെ കുടുംബമോ യുവതിയെ ശല്യം ചെയ്യില്ലെന്നും കത്തില്‍ പറഞ്ഞിരുന്നു.
ഇതോടെ തന്നെ തെറ്റിദ്ധരിപ്പിച്ച് ഒപ്പിടുവിച്ച് വാങ്ങിയതാണ് സത്യവാങ്മൂലമെന്ന് യുവതി സെന്‍ട്രല്‍ പോലീസിനെ അറിയിച്ചു. തന്നോട് ധനേഷ് അപമര്യാദയായി പെരുമാറിയെന്ന യുവതിയുടെ മൊഴി സെന്‍ട്രല്‍ പോലീസ് വീഡിയോയിലും പകര്‍ത്തിയിട്ടുണ്ട്.
സംഭവത്തിന് ദൃക്‌സാക്ഷികളായവരുടെ സാക്ഷിമൊഴികളും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ധനേഷിനെ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ ഗവണ്‍മെന്റ് പ്ലീഡറായി നിയമിച്ചത്.