റൊണാൾഡോയും റൂണിയും കെട്ടിപ്പടുത്ത 19 വർഷത്തെ റെക്കോഡ്; 18കാരന്റെ മുന്നിൽ തകർന്നടിഞ്ഞു
Cricket
റൊണാൾഡോയും റൂണിയും കെട്ടിപ്പടുത്ത 19 വർഷത്തെ റെക്കോഡ്; 18കാരന്റെ മുന്നിൽ തകർന്നടിഞ്ഞു
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 3rd February 2024, 10:13 am

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് വോള്‍വ്സിനെ പരാജയപ്പെടുത്തിയിരുന്നു.

മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യൂണൈറ്റഡിനായി ഇഞ്ചുറി ടൈമില്‍ വിജയ ഗോള്‍ നേടിയത് യുവതാരം കോബി മൈനൂവാണ്. ഈ ഗോളിന് വഴിയൊരുക്കിയത് ഒമാറി ഫോര്‍സോണ്‍ ആണ്.

ഈ ഗോളിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് ഇരു താരങ്ങളെയും തേടിയെത്തിയത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ രണ്ടാം തവണയാണ് ഒരു യുവതാരത്തിന്റെ അസിസ്റ്റില്‍ നിന്നും മറ്റൊരു യുവതാരം ഗോള്‍ നേടുന്നത്. കോബിക്ക് 18 വയസും ഫോര്‍സോണ് 19 വയസുമാണ് പ്രായം ഉള്ളത്.

ഇതിനുമുമ്പ് ഈ നേട്ടം സ്വന്തമാക്കിയത് പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഇംഗ്ലണ്ട് ഇതിഹാസം വെയ്ന്‍ റൂണിയും ആയിരുന്നു. 2005ല്‍ ലിവര്‍പൂള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മത്സരത്തില്‍ ആയിരുന്നു ഇരുവരും ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്. ഈ നേട്ടത്തില്‍ എത്തുമ്പോള്‍ റൊണാള്‍ഡോ 19 വയസും റൂണിക്ക് 18 വയസും ആണ് ഉണ്ടായിരുന്നത്.

വോള്‍വ്സിന്റെ തട്ടകമായ മോളിന്യൂക്സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 3-4-2-1 എന്ന ഫോര്‍മേഷനിലാണ് ആതിഥേയര്‍ അണിനിരന്നത്. മറുഭാഗത്ത് 4-2-3-1 എന്ന ശൈലിയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പിന്തുടര്‍ന്നത്.

മത്സരം തുടങ്ങിയ അഞ്ചാം മിനിറ്റില്‍ തന്നെ ഇംഗ്ലണ്ട് താരം മാര്‍ക്കസ് റാഷ്ഫോര്‍ഡാണ് മാഞ്ചസ്റ്റര്‍ യുണൈഡിന് ആദ്യ ലീഡ് നേടിക്കൊടുത്തത്. മത്സരത്തിന്റെ 22ാം മിനിട്ടില്‍ റാസ്മസ് ഹോജ്ലണ്ട് സന്ദര്‍ശകര്‍ക്കായി രണ്ടാം ഗോള്‍ നേടി. ഒടുവില്‍ ആദ്യപകുതി പിന്നിടുമ്പോള്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മുന്നിട്ടുനിന്നു.

രണ്ടാം പകുതിയില്‍ 71ാം മിനിട്ടില്‍ ലഭിച്ച പെനാല്‍ട്ടി കൃത്യമായി ലക്ഷ്യത്തിലെത്തിച്ചുകൊണ്ട് പാബ്ലോ സറാബിയ ആതിഥേര്‍ക്കായി ആദ്യ ഗോള്‍ നേടി. എന്നാല്‍ 75ാം മിനിട്ടില്‍ സ്‌കോട്ട് മക്ടോമിനായ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി മൂന്നാം ഗോള്‍ നേടി.

എന്നാല്‍ 85ാം മിനിട്ടില്‍ മാക്സ് കില്‍മാനും ഇഞ്ചുറി ടൈമില്‍ പെഡ്രൊ നെറ്റോയും വോള്‍വ്സിനായി ഗോള്‍ നേടി മത്സരം സമനിലയില്‍ എത്തിച്ചു. മത്സരത്തിന്റെ ഇഞ്ചുറി ടൈമിലെ അവസാന നിമിഷത്തില്‍ കോബിയോ മൈനോയിലൂടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി വിജയഗോള്‍ നേടുകയായിരുന്നു.

ജയത്തോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 22 മത്സരങ്ങളില്‍ നിന്നും 11 വിജയവും രണ്ട് സമനിലയും ഒമ്പത് തോല്‍വിയും അടക്കം 35 പോയിന്റുമായി ഏഴാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫെബ്രുവരി നാലിന് വെസ്റ്റ് ഹാമിനെതിരെയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ അടുത്ത മത്സരം. റെഡ് ഡെവിള്‍സിന്റെ തട്ടകമായ ഓള്‍ഡ് ട്രാഫോഡാണ് വേദി.

Content Highlight: Kobbie Mainoo breaks Cristaino Ronaldo and Roony Record in English premiere League.