| Sunday, 4th April 2021, 12:52 pm

കേരളത്തില്‍ മാവോവാദിയെന്ന് മുദ്രകുത്തി എട്ടു പേരെ കൊന്നു; കേന്ദ്രത്തിന്റെ ഫണ്ട് ലഭിക്കാനുള്ള പദ്ധതിയാണിതെന്ന് കൊബാദ് ഘാണ്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ നിലവിലെ അവസ്ഥയെപ്പറ്റി തുറന്നുപറഞ്ഞ് നക്‌സല്‍ നേതാവ് കൊബാദ് ഘാണ്ടി. ലോകത്താകമാനം കമ്മ്യൂണിസ്റ്റ് ആശങ്ങള്‍ക്ക് തിരിച്ചടിയുണ്ടായിട്ടുണ്ടെന്നും അത് തിരുത്തേണ്ട സമയമായെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കൊബാദ് ഗാന്ധിയുടെ പരാമര്‍ശം.

‘കോണ്‍ഗ്രസ് ഭരണത്തില്‍ നിന്ന് എങ്ങനെയാണ് സി.പി.ഐ.എം ഭരണം വ്യത്യസ്തമാകുന്നത്? കേരളത്തില്‍ തന്നെ മാവോവാദി എന്ന് മുദ്രകുത്തി ഏറ്റവും നിസ്വരായ എട്ടോളം പേരെ വെടിവെച്ച് കൊന്നു. കേന്ദ്രം നല്‍കുന്ന ഫണ്ട് ലഭിക്കാനുള്ള പദ്ധതിയാണിത്. ഓഡിറ്റ് പോലുമില്ലാതെ അത് ഭംഗിയായി വിഴുങ്ങാന്‍ കഴിയുന്നുവെന്നതാണ് അതിന്റെ മെച്ചം. പാര്‍ലമെന്ററി ജനാധിപത്യവും സായുധ പോരാട്ടവും പരാജയപ്പെട്ടിരിക്കുന്നു,’കൊബാദ് ഘാണ്ടി പറഞ്ഞു.

മാര്‍ക്‌സിസം എന്ന പ്രത്യേയശാസ്ത്രമല്ല പ്രയോഗമാണ് പരാജയപ്പെട്ടതെന്നും കൊബാദ് ഘാണ്ടി പറഞ്ഞു. അടിച്ചമര്‍ത്തപ്പെട്ട ജനതയ്ക്ക് സോഷ്യലിസം വലിയ സംഭാവനയാണ് ചെയ്തതെന്നും നിലവിലെ സാഹചര്യം സാധാരണക്കാരന് മാത്രമല്ല മധ്യവര്‍ഗ്ഗത്തിനും ജീവിക്കാന്‍ പറ്റാത്ത അവസ്ഥയിലെത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോകത്തെ 3500 അതിസമ്പന്നര്‍ക്ക് വേണ്ടിയാണ് എല്ലാം ഇന്ന് നിലനില്‍ക്കുന്നതെന്ന് കൊബാദ് ഘാണ്ടി പറഞ്ഞു.

നേരത്തെ നിര്‍ഭയകേസിലെ പ്രതി വിനയ് ശര്‍മ്മയ്‌ക്കൊപ്പം ജയിലില്‍ കഴിഞ്ഞ അനുഭവങ്ങള്‍ പങ്കുവെച്ചും കൊബാദ് ഘാണ്ടി രംഗത്തെത്തിയിരുന്നു.

നിര്‍ഭയ കേസിലെ പ്രതി വിനയ് ശര്‍മ്മയ്‌ക്കൊപ്പം ഒരുമാസം തടവറയില്‍ താമസിക്കേണ്ടി വന്നിട്ടുണ്ടെന്നും താന്‍ ബ്രാഹ്മണനാണെന്നാണ് അയാള്‍ തെറ്റിദ്ധരിച്ചതെന്നും കൊബാദ് പറഞ്ഞു.

പാര്‍ലമെന്റ് ആക്രമണക്കേസില്‍ തൂക്കിലേറ്റിയ അഫ്സല്‍ ഗുരുവിനെ പറ്റിയും കൊബാദ് നടത്തിയ വെളിപ്പെടുത്തലുകള്‍ ഏറെ ചര്‍ച്ചയായിരുന്നു. അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റാന്‍ കൊണ്ടു പോകുമ്പോള്‍ ജയില്‍ ജീവനക്കാര്‍ വരെ കരഞ്ഞുവെന്നായിരുന്നു കൊബാദ് പറഞ്ഞത്.

‘2013 ഫെബ്രുവരി 9ന് രാവിലെ എട്ടുമണിക്ക് അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റുന്ന ദിവസം ഹൈ റിസ്‌ക് വാര്‍ഡില്‍ നിന്ന് തൂക്കുമരത്തിലേക്ക് നടക്കുന്ന രണ്ട് മിനുട്ട് ദൂരം വരെ പൊലീസ് അണിനിരന്ന് നില്‍ക്കുകയായിരുന്നു. തൂക്കിലേറ്റുന്ന സമയം വരെ അയാള്‍ ധൈര്യം കൈവിട്ടില്ല,’ ഘാണ്ടി പറഞ്ഞു.

തന്നോട് നല്ല രീതിയില്‍ പെരുമാറിയ ജയില്‍ ഉദ്യോഗസ്ഥരെ നോക്കണമെന്നും ഗുരു ജയില്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായി ഘാണ്ടി പറയുന്നു. ആ സമയം ജയില്‍ ഉദ്യോഗസ്ഥരെല്ലാം ദുഖിതരായിരുന്നെന്നും കണ്ണുകള്‍ ഈറനണിഞ്ഞിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ജയില്‍ ജീവനക്കാരാണ് തന്നോട് ഇത് പറഞ്ഞതെന്നും കൊബാദ് പറഞ്ഞു.

എട്ടുവര്‍ഷത്തെ തടവു ജീവിതത്തിനു ശേഷമാണ് 2017ല്‍ മാവോയിസ്റ്റ് പൊളിറ്റ് ബ്യൂറോ അംഗമായിരുന്ന കൊബാദ് പുറത്തിറങ്ങിയത്. നിരവധി കൊലപാതക കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട് 2009 ലാണ് ഇദ്ദേഹം ജയിലിലാകുന്നത്.

തീഹാര്‍ ജയിലില്‍ വെച്ചാണ് 2013ല്‍ അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റുന്നത്. കൊബാദ് ഘാണ്ടി തീഹാര്‍ ജയിലിലായിരുന്ന കാലത്ത് നടന്ന സംഭവത്തെക്കുറിച്ചാണ് അദ്ദേഹത്തിന്റെ വിശദീകരണം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Kobad Ghandy Talks About Left Parties In Kerala

We use cookies to give you the best possible experience. Learn more