| Sunday, 14th March 2021, 10:55 pm

അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റാന്‍ കൊണ്ടു പോകുമ്പോള്‍ ജയില്‍ ജീവനക്കാര്‍ വരെ കരഞ്ഞു: നക്‌സല്‍ നേതാവ് കൊബാദ് ഘാണ്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പാര്‍ലമെന്റ് ആക്രമണക്കേസില്‍ അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റാന്‍ കൊണ്ടു പോകുമ്പോള്‍ ജയില്‍ ജീവനക്കാര്‍ വരെ കരഞ്ഞുവെന്ന് നക്‌സല്‍ നേതാവ് കൊബാദ് ഘാണ്ടി. ദ വയറില്‍ കരണ്‍ ഥാപ്പറുമായി നടത്തിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റുന്ന ദിവസം തടവറയില്‍ നിന്ന് തൂക്കുമരത്തിലേക്ക് നടക്കുന്ന വഴിയില്‍ പൊലീസ് അണിനിരന്ന് നില്‍ക്കുകയായിരുന്നെന്നും, ധൈര്യത്തോടെയാണ് അഫ്‌സല്‍ ഗുരു ആ വഴി കടന്നു പോയതെന്നും കൊബാദ് ഘാണ്ടി പറഞ്ഞു.

‘2013 ഫെബ്രുവരി 9ന് രാവിലെ എട്ടുമണിക്ക് അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റുന്ന ദിവസം ഹൈ റിസ്‌ക് വാര്‍ഡില്‍ നിന്ന് തൂക്കുമരത്തിലേക്ക് നടക്കുന്ന രണ്ട് മിനുട്ട് ദൂരം വരെ പൊലീസ് അണിനിരന്ന് നില്‍ക്കുകയായിരുന്നു. തൂക്കിലേറ്റുന്ന സമയം വരെ അയാള്‍ ധൈര്യം കൈവിട്ടില്ല,’ ഘാണ്ടി പറഞ്ഞു.

തന്നോട് നല്ല രീതിയില്‍ പെരുമാറിയ ജയില്‍ ഉദ്യോഗസ്ഥരെ നോക്കണമെന്നും ഗുരു ജയില്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായി ഘാണ്ടി പറയുന്നു. ആ സമയം ജയില്‍ ഉദ്യോഗസ്ഥരെല്ലാം ദുഖിതരായിരുന്നെന്നും കണ്ണുകള്‍ ഈറനണിഞ്ഞിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ജയില്‍ ജീവനക്കാരാണ് തന്നോട് ഇത് പറഞ്ഞതെന്നും കൊബാദ് പറഞ്ഞു.

എട്ടുവര്‍ഷത്തെ തടവു ജീവിതത്തിനു ശേഷമാണ് 2017ല്‍ മാവോയിസ്റ്റ് പൊളിറ്റ് ബ്യൂറോ അംഗമായിരുന്ന കൊബാദ് പുറത്തിറങ്ങിയത്. നിരവധി കൊലപാതക കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട് 2009 ലാണ് ഇദ്ദേഹം ജയിലിലാകുന്നത്.

തീഹാര്‍ ജയിലില്‍ വെച്ചാണ് 2013ല്‍ അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റുന്നത്. കൊബാദ് ഘാണ്ടി തീഹാര്‍ ജയിലിലായിരുന്ന കാലത്ത് നടന്ന സംഭവത്തെക്കുറിച്ചാണ് അദ്ദേഹത്തിന്റെ വിശദീകരണം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kobad Ghandy interview with Karan Thappar says about Afzal Guru assassination

Latest Stories

We use cookies to give you the best possible experience. Learn more