ന്യൂദല്‍ഹി: നിര്‍ഭയകേസിലെ പ്രതി വിനയ് ശര്‍മ്മയ്‌ക്കൊപ്പം ജയിലില്‍ കഴിഞ്ഞ അനുഭവങ്ങള്‍ പങ്കുവെച്ച് നക്‌സല്‍ നേതാവ് കൊബാദ് ഘാണ്ടി. മാത്യൂഭൂമി വാരാന്ത്യ പതിപ്പിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം മനസ്സു തുറന്നത്.
നിര്‍ഭയ കേസിലെ പ്രതി വിനയ് ശര്‍മ്മയ്‌ക്കൊപ്പം ഒരുമാസം തടവറയില്‍ താമസിക്കേണ്ടി വന്നിട്ടുണ്ടെന്നും താന്‍ ബ്രാഹ്മണനാണെന്നാണ് അയാള്‍ തെറ്റിദ്ധരിച്ചതെന്നും കൊബാദ് പറഞ്ഞു.
‘നിര്‍ഭയ ബലാത്സംഗക്കേസിലെ പ്രതി വിനയ് ശര്‍മ്മയ്‌ക്കൊപ്പം ഒരു മാസം ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. ഞാന്‍ ബ്രാഹ്മണനാണെന്ന ബോധ്യമാണ് അയാള്‍ക്കുണ്ടായിരുന്നത്. വലിയ പൂജാരിയെപ്പോലെയാണ് പെരുമാറിയിരുന്നത്. ആ സമയത്ത് പത്രങ്ങളില്‍ നിര്‍ഭയയുടെ അമ്മയുടെ പ്രതികരണം വന്നിരുന്നു. അതിന് അയാള്‍ പ്രതികരിച്ചത്, അവരെയും ഞാന്‍ ബലാത്സംഗം ചെയ്യുമെന്നായിരുന്നു. അത്ര നീചമായ മനസ്സിന്റെ ഉടമയായിരുന്നു വിനയ് ശര്‍മ്മ,’ കൊബാദ് ഘാണ്ടി പറഞ്ഞു.
നേരത്തെ പാര്‍ലമെന്റ് ആക്രമണക്കേസില്‍ തൂക്കിലേറ്റിയ അഫ്സല്‍ ഗുരുവിനെ പറ്റിയും കൊബാദ് നടത്തിയ വെളിപ്പെടുത്തലുകള്‍ ഏറെ ചര്‍ച്ചയായിരുന്നു. അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റാന്‍ കൊണ്ടു പോകുമ്പോള്‍ ജയില്‍ ജീവനക്കാര്‍ വരെ കരഞ്ഞുവെന്നായിരുന്നു കൊബാദ് പറഞ്ഞത്.
‘2013 ഫെബ്രുവരി 9ന് രാവിലെ എട്ടുമണിക്ക് അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റുന്ന ദിവസം ഹൈ റിസ്‌ക് വാര്‍ഡില്‍ നിന്ന് തൂക്കുമരത്തിലേക്ക് നടക്കുന്ന രണ്ട് മിനുട്ട് ദൂരം വരെ പൊലീസ് അണിനിരന്ന് നില്‍ക്കുകയായിരുന്നു. തൂക്കിലേറ്റുന്ന സമയം വരെ അയാള്‍ ധൈര്യം കൈവിട്ടില്ല,’ ഘാണ്ടി പറഞ്ഞു.
തന്നോട് നല്ല രീതിയില്‍ പെരുമാറിയ ജയില്‍ ഉദ്യോഗസ്ഥരെ നോക്കണമെന്നും ഗുരു ജയില്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായി ഘാണ്ടി പറയുന്നു. ആ സമയം ജയില്‍ ഉദ്യോഗസ്ഥരെല്ലാം ദുഖിതരായിരുന്നെന്നും കണ്ണുകള്‍ ഈറനണിഞ്ഞിരുന്നെന്നും അദ്ദേഹം പറഞ്ഞു.
ജയില്‍ ജീവനക്കാരാണ് തന്നോട് ഇത് പറഞ്ഞതെന്നും കൊബാദ് പറഞ്ഞു.
എട്ടുവര്‍ഷത്തെ തടവു ജീവിതത്തിനു ശേഷമാണ് 2017ല്‍ മാവോയിസ്റ്റ് പൊളിറ്റ് ബ്യൂറോ അംഗമായിരുന്ന കൊബാദ് പുറത്തിറങ്ങിയത്. നിരവധി കൊലപാതക കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട് 2009 ലാണ് ഇദ്ദേഹം ജയിലിലാകുന്നത്.
തീഹാര്‍ ജയിലില്‍ വെച്ചാണ് 2013ല്‍ അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റുന്നത്. കൊബാദ് ഘാണ്ടി തീഹാര്‍ ജയിലിലായിരുന്ന കാലത്ത് നടന്ന സംഭവത്തെക്കുറിച്ചാണ് അദ്ദേഹത്തിന്റെ വിശദീകരണം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക