ഹരിപ്രസാദ്. യു
ഇന്ത്യക്കാരെ അവഹേളിക്കുന്ന പരാമര്‍ശം നടത്തിയതോടെ പുലിവാല് പിടിച്ചിരിക്കുകയാണ് ചിത്രങ്ങള്‍ പങ്കുവെയ്ക്കുന്നതിനുള്ള ആപ്പായ സ്‌നാപ്പ്ചാറ്റിന്റ സി.ഇ.ഒ ഇവാന്‍ സ്പീഗെല്‍. സമൂഹമാധ്യമങ്ങളില്‍ ആളിക്കത്തുന്ന പ്രതിഷേധത്തിന്റെ മുന്‍നിരയില്‍ മലയാളികള്‍ തന്നെയാണ് ഉള്ളത്.
ഇന്ത്യ ഉള്‍പ്പെടെയുള്ള ദരിദ്ര രാജ്യങ്ങളിലേക്ക് സ്‌നാപ്പ്ചാറ്റ് വ്യാപിപ്പിക്കില്ലെന്നാണ് സി.ഇ.ഓ ഇവാന്‍ സ്പീഗെല്‍ പറഞ്ഞത്.
ഈ സാഹചര്യത്തില്‍, ഇന്ത്യക്കാര്‍ക്ക് അത്ര പരിചിതമല്ലാത്ത സനാപ്പ്ചാറ്റിനെ കുറിച്ച് കൂടുതല്‍ അറിയാം.
ഇപ്പോള്‍ ഇന്ത്യക്കാര്‍ക്കിടയില്‍ “വില്ലന്‍ പരിവേഷ”മുള്ള ഇവാന്‍ സ്പീഗെലിനൊപ്പം ബോബി മര്‍ഫിയും റെഗ്ഗി ബ്രൗണും ചേര്‍ന്ന് 2011-ലാണ് സ്‌നാപ്പ്ചാറ്റ് ഉണ്ടാക്കിയത്. സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളായിരുന്നു മൂവരും. ഇവര്‍ സ്ഥാപിച്ച സ്‌നാപ്പ് ഇന്‍കോര്‍പ്പറേറ്റഡ് എന്ന കമ്പനിയാണ് സ്‌നാപ്പ്ചാറ്റ് ആപ്ലിക്കേഷന്‍ വികസിപ്പിച്ചത്.
Related Story: സ്‌നാപ് ചാറ്റ് സമ്പന്നര്‍ക്ക് മാത്രം; ഇന്ത്യയെപ്പോലുള്ള ദരിദ്ര രാജ്യത്തേക്ക് വ്യപിപ്പിക്കില്ലെന്ന് സി.ഇ.ഒ; പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ
ചിത്രങ്ങളും വീഡിയോകളും സുഹൃത്തുക്കളുമായി പങ്കുവെയ്ക്കാന്‍ സഹായിക്കുന്ന സമൂഹമാധ്യമമാണ് സ്‌നാപ്പ്ചാറ്റ്. പങ്കുവെയ്ക്കപ്പെടുന്ന ചിത്രങ്ങളും വീഡിയോകളും സ്വീകരിക്കുന്നയാള്‍ക്ക് നിശ്ചിത സമയത്തേക്ക് മാത്രമേ അവ കാണാന്‍ കഴിയൂ എന്നതാണ് സ്‌നാപ്പ്ചാറ്റിന്റെ പ്രത്യേകത. എത്ര സമയത്തേക്ക് ഇവ കാണാം എന്നത് അയയ്ക്കുന്ന വ്യക്തിക്ക് മുന്‍കൂട്ടി തീരുമാനിക്കാം.
ഇപ്രകാരം അയയ്ക്കപ്പെടുന്ന ചിത്രങ്ങളും വീഡിയോകളും “സ്‌നാപ്പുകള്‍” എന്ന് അറിയപ്പെടുന്നു. സമയപരിധി കഴിഞ്ഞാല്‍ ചിത്രങ്ങളും വീഡിയോകളും സ്വീകരിച്ച ആളിന്റെ സ്മാര്‍ട്ട് ഫോണില്‍ നിന്നും സ്‌നാപ്പ്ചാറ്റിന്റെ സെര്‍വറില്‍ നിന്നും നീക്കം ചെയ്യപ്പെടും. 2014-ലെ കണക്കുകള്‍ പ്രകാരം 700 ദശലക്ഷം ചിത്രങ്ങളും വീഡിയോകളും സ്‌നാപ്പ്ചാറ്റ് മുഖേനെ പങ്കുവെയ്ക്കപ്പെടുന്നുണ്ട്.
റെഗ്ഗി ബ്രൗണും ഇവാന്‍ സ്പീഗലും ചേര്‍ന്ന് സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ വെച്ച് ചെയ്ത പ്രൊജക്റ്റാണ് സ്‌നാപ്പ്ചാറ്റിന്റെ ആദ്യരൂപം (പ്രോട്ടോടൈപ്പ്). “പികാബൂ” (Picaboo) ന്നായിരുന്നു ഇതിന്റെ ആദ്യത്തെ പേര്. പ്രൊജക്റ്റിന്റെ അവസാനഘട്ടത്തിലാണ് ഇവരുടെ കൂട്ടത്തിലേക്ക് ബോബി മര്‍ഫി എത്തിയത്. സോഴ്‌സ് കോഡ് എഴുതുകയായിരുന്നു ഇദ്ദേഹത്തിന്റെ ദൗത്യം.
2011 ജൂലൈയില്‍ ആപ്പിളിന്റെ ഐ.ഒ.എസിന് വേണ്ടിയാണ് പികാബൂ ആദ്യം പുറത്തിറങ്ങിയത്. മാസങ്ങള്‍ക്ക് ശേഷമാണ് സ്‌നാപ്പ്ചാറ്റ് എന്ന പേരില്‍ റീലോഞ്ച് ചെയ്തത്.
നിലവില്‍ ഐ.ഒ.എസിലും ആന്‍ഡ്രോയിഡിലുമാണ് സ്‌നാപ്പ്ചാറ്റ് ലഭ്യമായിരിക്കുന്നത്. ഇംഗ്ലീഷിനു പുറമേ 20 ഭാഷകളില്‍ സ്‌നാപ്പ്ചാറ്റ് ലഭ്യമാണ്. ആന്‍ഡ്രോയിഡില്‍ 76 മെഗാബൈറ്റും ഐ.ഒ.എസ്സില്‍ 95.7 മെഗാബൈറ്റുമാണ് സ്‌നാപ്പ്ചാറ്റ് ആപ്ലിക്കേഷന്റെ സൈസ്.
സ്‌നാപ്പ്ചാറ്റ് ലഭ്യമായ ഭാഷകള്‍:
1. ഇംഗ്ലീഷ്
2. അറബി
3. ചൈനീസ് (സിംപ്ലിഫൈഡ്)
4. ഡാനിഷ്
5. ഡച്ച്
6. ഫിന്നിഷ്
7. ഫ്രഞ്ച്
8. റൊമാനിയന്‍
9. ജര്‍മ്മന്‍
10. ഗ്രീക്ക്
11. ഇന്തോനേഷ്യന്‍
12. ഇറ്റാലിയന്‍
13. ജപ്പാനീസ്
14. കൊറിയന്‍
15. നോര്‍വീജിയന്‍
16. പോളിഷ്
17. പോര്‍ച്ചുഗീസ്
18. സ്പാനിഷ്
19. സ്വീഡിഷ്
20. തുര്‍ക്കിഷ്
21. റഷ്യന്‍