ന്യൂദല്‍ഹി: 2017ലെ ബുര്‍കാപാല്‍ ആക്രമണത്തില്‍ മാവോയിസ്റ്റുകളെ സഹായിച്ചെന്ന് ആരോപിച്ച് യു.എ.പി.എ പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്ത 121 ആദിവാസികളെ ഛത്തീസ്ഗഢിലെ കോടതി വെള്ളിയാഴ്ചയാണ് വെറുതെവിട്ടത്.
മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ സാധാരണഗ്രാമീണരെ പൊലീസ് ബലിയാടാക്കുകയാണെന്നായിരുന്നു കോടതി വിധിക്ക് പിന്നാലെ കുറ്റാരോപിതര്‍ക്കായി കോടതിയില്‍ ഹാജരായ മനുഷ്യാവകാശ പ്രവര്‍ത്തക അഡ്വ. ബേല ഭാട്ടിയ പ്രതികരിച്ചത്.
മാവോയിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ബസ്തര്‍ ആദിവാസികളോട് കാണിക്കുന്ന അനീതികളിലൊന്നായി ബര്‍കപാല്‍ കേസ് ഓര്‍മിപ്പിക്കുന്നു. മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ സാധാരണ ഗ്രാമീണരെ പൊലീസ് ബലിയാടാക്കുകയാണ് ചെയ്തതെന്നും ബേല ഭാട്ടിയ പറഞ്ഞു. ഈ കേസിന്റെ വിശദാംശങ്ങള്‍ പരിശോധിക്കാം.
കോടതി കണ്ടത്തല്‍
ആദിവാസികളുടെ മാവോയിസ്റ്റ് ബന്ധം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വ്യക്തമാക്കി. അറസ്റ്റിനിടെ പ്രതികളില്‍ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടത്തിയിരുന്നെന്നും അവര്‍ പതിയിരുന്ന് ആക്രമണം നടത്തിയെന്നുമുള്ള ആരോപണം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടുവെന്ന് പൊലീസ് അന്വേഷണത്തെ ചോദ്യം ചെയ്ത കോടതി പറഞ്ഞു. ഈ സാഹചര്യത്തിലാണ് 121 പേരെ കുറ്റവിമുക്തരാക്കിയത്.
എന്താണ് ആരോപണം
2017 ഏപ്രില്‍ 24നാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. സി.ആര്‍.പി.എഫ് സംഘത്തിന് നേരെ മാവോയിസ്റ്റുകള്‍ നടത്തിയ വെടിവെപ്പില്‍ ഇന്‍സ്‌പെക്ടര്‍ റാങ്കിലെ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ 25 സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. ആയുധങ്ങള്‍ സൂക്ഷിക്കാനും ഒളിപ്പിക്കാനും മാവോയിസ്റ്റുകള്‍ക്ക് സഹായം നല്‍കി എന്ന കുറ്റം ചുമത്തിയാണ് 121 ആദിവാസികള്‍ക്കെതിരെ കേസെടുത്തത്. യു.എ.പി.എ ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ആദിവാസികള്‍ക്കെതിരെ ചുമത്തിയിരുന്നത്.
ആക്രമണത്തിന് തൊട്ടുപിന്നാലെ, ഛത്തീസ്ഗഡ് പൊലീസ് ചിന്തഗുഫ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. ബുര്‍ക്കപാല്‍, ഗോണ്ടപ്പള്ളി, ചിന്താഗുഫ, താല്‍മെറ്റ്ല, കൊറൈഗുണ്ടം, തോങ്കുഡ എന്നീ ആറ് ഗ്രാമങ്ങളിലെ 120 ആദിവാസികള്‍ക്കെതിരെയായിരുന്നു കേസെടുത്തത്. പിന്നീട് ഒരു സ്ത്രീയെ പ്രതി ചേര്‍ത്തതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 121 ആയി.
യു.എ.പി.എക്ക് പുറമേ എഫ്.ഐ.ആറില്‍ ഐ.പി.സി 147, 148, 149, 120(ബി), 307, 302, 396, 397 എന്നീ വകുപ്പുകളും ആയുധ നിയമത്തിലെ സെക്ഷന്‍ 25, 27, സ്ഫോടകവസ്തു നിയമത്തിന്റെ 3, 5 വകുപ്പുകളും പൊലീസ് ചുമത്തിയിരുന്നു. അതേസമയം, കേസിലെ മാവോയിസ്റ്റുകളെ പൊലീസിന് പിടിക്കാന്‍ കഴിഞ്ഞിരുന്നില്ല.
121 #आदिवासियों ने 5 साल जेल में काटे, इन पर आरोप था कि 2017 में बुर्कापाल में 25 सीआरपीएफ के जवानों की मौत में इनका हाथ था, आज कोर्ट ने सबको रिहा कर दिया! pic.twitter.com/XOnzrdBbVQ
വിചാരണ ആരംഭിച്ചത് നാല് വര്‍ഷത്തിന് ശേഷം, ഒരാള്‍ ജയിലില്‍ മരിച്ചു
നാല് വര്‍ഷത്തെ കാലതാമസത്തിന് ശേഷം 2021 ആഗസ്തിലാണ് ദന്തേവാഡയിലെ എന്‍.ഐ.എ കോടതിയില്‍ കേസിന്റെ വിചാരണ ആരംഭിച്ചത്.
121 പ്രതികളില്‍ പ്രായപൂര്‍ത്തിയാകാത്ത ഏഴ് പേരെ നേരത്തെ വിട്ടയച്ചിരുന്നു. ഒരാള്‍ ജയിലില്‍ മരിക്കുകയും ചെയ്തു.
ഇത്രയും കാലം ജയിലില്‍ കഴിഞ്ഞ നിരപരാധികള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുമോയെന്നും കുറ്റാരോപിതര്‍ക്കായി ഹാജരായ
മനുഷ്യാവകാശ പ്രവര്‍ത്തക ബേല ഭാട്ടിയ ചോദിച്ചു. ആകെ 25 പ്രോസിക്യൂഷന്‍ സാക്ഷികളെ വിസ്തരിച്ചിട്ടും ഇവര്‍ക്കെതിരെ കുറ്റം തെളിയിക്കാനായില്ലെന്നും അവര്‍ ആരോപിച്ചു.
‘അവരുടെ ജീവിതത്തിന്റെ അഞ്ച് വര്‍ഷം ജയിലഴികള്‍ക്ക് പിന്നില്‍ പാഴാക്കപ്പെട്ടു, വിചാരണയ്ക്കിടെ രണ്ട് തവണ മാത്രമാണ് അവരെ കോടതിയില്‍ ഹാജരാക്കിയത്. ജില്ലാ തലത്തിലും ഹൈക്കോടതിയിലും നിയുക്ത എന്‍.ഐ.എ കോടതിയില്‍ ജാമ്യം നിഷേധിച്ചു,’ ബേല ഭാട്ടിയ പറഞ്ഞു.