കോഴിക്കോട്: ഏക സിവില്‍ കോഡ്, ജെന്‍ഡര്‍ ന്യൂട്രാലിറ്റി എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് മുസ്‌ലിം ലീഗ് വിളിച്ച മുസ്‌ലിം സംഘടനകളുടെ യോഗത്തില്‍ കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ (കെ.എന്‍.എം) പങ്കെടുക്കില്ല.
കഴിഞ്ഞ ദിവസങ്ങളിലായി കോഴിക്കോട് വെച്ച് നടന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തില്‍ ലീഗ് നേതാക്കളായ പാണക്കാട് തങ്ങള്‍മാര്‍ പങ്കെടുക്കാത്തതിനാലാണ് തീരുമാനം.
അതേസമയം യോഗത്തില്‍ പങ്കെടുക്കില്ലെന്ന് കെ.എന്‍.എം അറിയിച്ചിട്ടില്ലെന്ന് ലീഗ് നേതൃത്വം അറിയിച്ചു. തിങ്കളാഴ്ച 11 മണിക്കായിരുന്നു യോഗം.
സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് നേരത്തേ അറിയിച്ചതിന് ശേഷമാണ് സാദിഖലി തങ്ങള്‍ അടക്കമുള്ളവര്‍ പരിപാടിയില്‍നിന്ന് പിന്‍മാറിയത്. ഇതിനുള്ള മറുപടി എന്ന നിലക്കാണ് ലീഗ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ നിന്ന് പിന്‍മാറാനുള്ള കെ.എന്‍.എം തീരുമാനം.
മുജാഹിദ് സംസ്ഥാന സമ്മേളനത്തിലേക്ക് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍, യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ മുനവ്വറലി ശിഹാബ് തങ്ങള്‍, റഷീദലി ശിഹാബ് തങ്ങള്‍ എന്നിവരെയാണ് ക്ഷണിച്ചത്. എന്നാല്‍ ഇവരാരും സമ്മേളനത്തില്‍ പങ്കെടുത്തില്ല.
കെ.എന്‍.എം സംസ്ഥാന സമ്മേളനത്തിന്റെ സമാപന വേദിയില്‍ തന്നെ ലീഗ് വിളിക്കുന്ന യോഗം സംബന്ധിച്ച് എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഫസല്‍ ഗഫൂര്‍ സൂചനകള്‍ നല്‍കിയിരുന്നു.
ഏക സിവില്‍ കോഡ്, ജന്‍ഡര്‍ ന്യൂട്രാലിറ്റി വിഷയങ്ങളില്‍ മുസ്‌ലിം ലീഗ് യോഗം വിളിച്ചിട്ടുണ്ടെന്നും അവിടെയും പങ്കെടുത്ത് എല്ലാ സംഘടനകളും അഭിപ്രായങ്ങള്‍ വ്യക്തമാക്കണം എന്നുമായിരുന്നു ഫസല്‍ ഗഫൂര്‍ ആവശ്യപ്പെട്ടത്.
‘നിര്‍ഭയത്വമാണ് മതം, അഭിമാനമാണ് മതേതരത്വം’ എന്ന തലക്കെട്ടില്‍ കെ.എന്‍.എം സംഘടിപ്പിച്ച പരിപാടിയില്‍ ബി.ജെ.പി-സംഘപരിവാര്‍ നേതാക്കളെ പങ്കെടുപ്പിച്ചതിനെതിരെ രൂക്ഷമായ പ്രതികരണങ്ങള്‍ ഉണ്ടായിരുന്നു.